കൊച്ചി: ദുശ്ശീലമാണ് അസുഖമെത്തിച്ചതെന്ന തുറന്നു പറച്ചിലുമായി കളം വിടുകയാണ് സുബി സുരേഷ്. കളിയും ചിരിയും ചിന്തകളും സ്‌നേഹവുമായി കലാരംഗത്ത് നിറഞ്ഞ മലയാളി. മിനിസ്‌ക്രീനിലും സിനിമകളിലും കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സുബി സുരേഷ്. സുബിക്ക് ഇന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും യാത്രമൊഴി നൽകും. വ്യാഴാഴ്ച വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ സുബിയുടെ ഭൗതികശരീരം വ്യാഴാഴ്ച 10 മണി മുതൽ 2 മണിവരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 3.00 മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്‌കരിക്കും.

തൃപ്പൂണിത്തുറയാണ് സുബി സുരേഷിന്റെ വീട് നാട്. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ് എന്നിവരായിരുന്നു കുടുംബം. അച്ഛന് ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു അച്ഛന്റേത്. തറവാട് ഭാഗം വച്ചപ്പോൾ ഞങ്ങൾ ഒരു വാടകവീട്ടിലേക്ക് താമസം മാറി. പിന്നെ കുറേക്കാലം വാടകവീടുകളിലായിരുന്നു ജീവിതം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ തൃപ്പൂണിത്തുറ പുതിയകാവ് എന്ന സ്ഥലത്ത് ഒരു വീട് വച്ചു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നില വീട്. അമ്മയ്ക്ക് അത്യാവശ്യം പൂന്തോട്ടവും പച്ചക്കറിക്കൃഷിയും ഉണ്ടായിരുന്നു. മുറ്റത്ത് ഒരു മുന്തിരിവള്ളി പടർത്തിയിരുന്നു. സമാധാനമുള്ള ഒരു കൊച്ചുവീട്. പക്ഷേ ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അച്ഛന് ആറ്റുനോറ്റുണ്ടാക്കിയ വീട് വിൽക്കേണ്ടി വന്നു.

അങ്ങനെ വീണ്ടും വാടക വീടുകളിലേക്കു മാറി. സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങി. ആ അധ്വാനമാണ് സുബി സുരേഷിനെ മലയാളി അറിയുന്ന കലാകാരിയാക്കിയത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ്. തെരേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം. അമ്മ നൃത്തം പഠിപ്പിക്കാൻ ചേർത്തു. തിരഞ്ഞെടുത്തത് ബ്രേക്ക് ഡാൻസാണ്! അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു.

വരുമാനം പതിയെ കൂടിത്തുടങ്ങിയപ്പോൾ കൂടുതൽ വാടകയുള്ള വീടുകളിലേക്ക് മാറി. കുറച്ചു വർഷം മുൻപാണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. വരാപ്പുഴയിൽ അഞ്ചു സെന്റ് സ്ഥലവും വീടും വാങ്ങി. വീടിന്റെ ടെറസിൽ സ്വൽപം പച്ചക്കറി കൃഷിയും ചെയ്തു. കീടനാശിനി തളിക്കാത്ത ശുദ്ധമായ പയറും പാവലും ചീരയും വെണ്ടയ്ക്കയുമൊക്കെ ടെറസിൽ വിളയിച്ചു. പക്ഷേ നിരന്തര യാത്രകൾ ജീവിതചര്യകളെ മാറ്റി മറിച്ചു. അത് കരളിനെ ബാധിച്ചു. അങ്ങനെ മരണമെന്ന വില്ലൻ സുബിയെ തേടി 41-ാം വയസ്സിലെത്തി.

സുബി തന്നെ പലയിടത്തും തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അമ്മയും അച്ഛനും പ്രണയിച്ച് ഒന്നായവരായിരുന്നു. 20 വയസായ സമയത്താണ് ഇരുവരും പിരിഞ്ഞതെന്നുമായിരുന്നു സുബി പറഞ്ഞത്. ഡാഡിയുടെ കുറ്റമാണോ അതെന്ന് ചോദിച്ചാൽ അല്ലെന്നാണ് പറയുക. അച്ഛൻ മദ്യപിക്കുമായിരുന്നു. കൂടെയുള്ളവരിൽ ചിലർ അത് മുതലെടുത്തിരുന്നു. അവർ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനുദ്ദേശിക്കുന്നില്ല. അങ്ങനെയാണ് അമ്മ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

നല്ല രീതിയിലാണ് അവർ പിരിഞ്ഞത്്. അമ്മയുമായി പിരിഞ്ഞതിന് ശേഷവും അച്ഛനെ കണ്ടിട്ടുണ്ട്. വിദേശത്ത് ഷോയ്ക്ക് ഒക്കെ പോയി വരുമ്പോൾ അച്ഛന് സമ്മാനങ്ങളൊക്കെ കൊടുക്കാറുണ്ട്. കൂെടയുള്ള ആൾക്കാർ കാരണമാണ് ഞങ്ങൾക്ക് അച്ഛനെ നഷ്ടമായത്. അതിന് ശേഷവും അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു. പറ്റുന്ന സമയത്തെല്ലാം പോയി കാണാറുണ്ടായിരുന്നു.

അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റ് മനസിലാവുന്നത്. അതേക്കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. അസുഖം വന്നാൽ കൂടെ നിർത്തി നോക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങിയത്. തലയിടിച്ച് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. ആ സമയത്ത് ഞാൻ വിദേശത്ത് പോയി തിരിച്ച് വരികയായിരുന്നു.

ജോർദാനിൽ നിന്നും തിരിച്ച് കൊച്ചിയിൽ എത്തിയപ്പോഴാണ് അച്ഛൻ മരിച്ചെന്ന് അറിഞ്ഞത്. അവറാച്ചൻ ചേട്ടൻ പോയെന്നായിരുന്നു സന്ദേശം. എന്നെ എല്ലാവരും സുബി സുരേഷ് എന്നല്ലേ വിളിക്കുന്നത്. ഇങ്ങനെയൊരു പേരുള്ളതായി എനിക്കറിയില്ലായിരുന്നു. ധർമ്മജനാണ് എന്നോട് മരണവിവരം പറയുന്നത്. നമ്മളുമായി ബന്ധമില്ലായിരുന്നെങ്കിലും അവസാനമായി കാണാൻ പോയപ്പോൾ അവർ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.

അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേർന്നായിരുന്നു. അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അച്ഛൻ പോയിക്കഴിഞ്ഞ് 3 വർഷത്തിന് ശേഷമായാണ് സ്റ്റെപ്പ് ഫാദർ വരുന്നത്. മമ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്. ഞങ്ങളെ ഞങ്ങളുടേതായ രീതിക്ക് വിടുകയായിരുന്നു അവർ എന്നുമായിരുന്നു സുബി പറഞ്ഞത്.

പുരുഷമേൽക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.