കൊച്ചി: അഭിനേത്രിയും അവതാരകയുമായി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സുബിക്ക് രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയിരുന്നു. ഇതിനിടെയാണ് അവർക്ക് രോഗം സ്ഥിരീകരിച്ചതും. ഇത് അവരുടെ സന്തോഷമെല്ലാം തല്ലിക്കെടുത്തുകയായിരുന്നു. പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ.

കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള സുബിയുടെ അഭിമുഖങ്ങളും പഴയ പോസ്റ്റുകളുമെല്ലാം വീണ്ടും ചർച്ചയായി കൊണ്ടിരിക്കയാാണ് ഇപ്പോൾ. ഫ്ളേവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സുബി മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുമെല്ലാം സംസാരിച്ചത്.

അമ്മയും അച്ഛനും പ്രണയിച്ച് ഒന്നായവരായിരുന്നു. തനിക്ക് 20 വയസായ സമയത്താണ് ഇരുവരും പിരിഞ്ഞതെന്നുമായിരുന്നു സുബി പറഞ്ഞത്. ഡാഡിയുടെ കുറ്റമാണോ അതെന്ന് ചോദിച്ചാൽ അല്ലെന്നാണ് പറയുക. അച്ഛൻ മദ്യപിക്കുമായിരുന്നു. കൂടെയുള്ളവരിൽ ചിലർ അത് മുതലെടുത്തിരുന്നു. അവർ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനുദ്ദേശിക്കുന്നില്ല. അങ്ങനെയാണ് അമ്മ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

നല്ല രീതിയിലാണ് അവർ പിരിഞ്ഞത്്. അമ്മയുമായി പിരിഞ്ഞതിന് ശേഷവും അച്ഛനെ കണ്ടിട്ടുണ്ട്. വിദേശത്ത് ഷോയ്ക്ക് ഒക്കെ പോയി വരുമ്പോൾ അച്ഛന് സമ്മാനങ്ങളൊക്കെ കൊടുക്കാറുണ്ട്. കൂെടയുള്ള ആൾക്കാർ കാരണമാണ് ഞങ്ങൾക്ക് അച്ഛനെ നഷ്ടമായത്. അതിന് ശേഷവും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. പറ്റുന്ന സമയത്തെല്ലാം പോയി കാണാറുണ്ടായിരുന്നു.

അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റ് മനസിലാവുന്നത്. അതേക്കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. അസുഖം വന്നാൽ കൂടെ നിർത്തി നോക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങിയത്. തലയിടിച്ച് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. ആ സമയത്ത് ഞാൻ വിദേശത്ത് പോയി തിരിച്ച് വരികയായിരുന്നു.

ജോർദാനിൽ നിന്നും തിരിച്ച് കൊച്ചിയിൽ എത്തിയപ്പോഴാണ് അച്ഛൻ മരിച്ചെന്ന് അറിഞ്ഞത്. അവറാച്ചൻ ചേട്ടൻ പോയെന്നായിരുന്നു സന്ദേശം. എന്നെ എല്ലാവരും സുബി സുരേഷ് എന്നല്ലേ വിളിക്കുന്നത്. ഇങ്ങനെയൊരു പേരുള്ളതായി എനിക്കറിയില്ലായിരുന്നു. ധർമ്മജനാണ് എന്നോട് മരണവിവരം പറയുന്നത്. നമ്മളുമായി ബന്ധമില്ലായിരുന്നെങ്കിലും അവസാനമായി കാണാൻ പോയപ്പോൾ അവർ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.

അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് ഞാനും അനിയനും ചേർന്നായിരുന്നു. അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അച്ഛൻ പോയിക്കഴിഞ്ഞ് 3 വർഷത്തിന് ശേഷമായാണ് സ്റ്റെപ്പ് ഫാദർ വരുന്നത്. മമ്മി ഹിന്ദുവും ഡാഡി ക്രിസ്ത്യനുമാണ്. ഞങ്ങളെ ഞങ്ങളുടേതായ രീതിക്ക് വിടുകയായിരുന്നു അവർ എന്നുമായിരുന്നു ഒരുകോടിയിൽ സുബി പറഞ്ഞത്.

പുരുഷമേൽക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.