- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്; എല്ലാവരെയും വീണ്ടും കാണാം... നന്ദി'! പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ അഡ്മിനോട് ആവശ്യപ്പെട്ടത് ഫെയ്‌സ് ബുക്കിൽ അവസാനമായി ഈ പോസ്റ്റ് ഇടണമെന്ന്; വീണ്ടൂം കാണമെന്ന പ്രതീക്ഷയിൽ മടക്കം; സുബി സുരേഷിന്റെ അവസാന പോസ്റ്റ് മരണത്തിന് ശേഷമാകുമ്പോൾ
കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയും ആരാധകരും. സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്.'ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി' എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
അഡ്‌മിനാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേർ അവിശ്വസനീയമെന്ന് അറിയിച്ചു. സുബിയുടെ നിർദ്ദേശ പ്രകാരമാണ് ഈ പോസ്റ്റ് അഡ്‌മിൻ ഇട്ടതെന്നാണ് സൂചന. മരണം അടുത്തെത്തിയെന്ന തോന്നലുണ്ടായപ്പോൾ തന്നെ സോഷ്യൽ മീഡിയയിലെ തന്റെ സുഹൃത്തുക്കളെ മരണ ശേഷം തന്റെ സന്ദേശം അറിയിക്കണമെന്ന് സുബി അറിയിച്ചിരുന്നു. ഇതു പ്രകാരമാണ് അവസാന പോസ്റ്റായി ഇത് ഫെയ്‌സ് ബുക്കിലെത്തിയത്. മരണമുറപ്പിച്ച ശേഷമായിരുന്നു പോസ്റ്റിട്ടത്. അതുകൊണ്ട് തന്നെ തെറ്റിധാരണകൾ ഒഴിവാക്കാൻ പോസ്റ്റു ചെയ്തത് അഡ്‌മിനാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പലതരം വീഡിയോയുമായി സജീവമായിരുന്നു സുബി.
അടുത്തകാലത്തായി യൂട്യൂബിൽ അടക്കം സജീവമായിരുന്നു സുബി. കോവിഡ് കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. പലപ്പോഴും ജോലിയിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ഇത് ആരോഗ്യം മോശമാക്കി. ആരോഗ്യത്തെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. സമാനമായ രീതിയിലാണ് അവസാന പോസ്റ്റിലും. വീണ്ടും കാണാമെന്ന് എല്ലാവരോടും പറഞ്ഞ് സുബി യാത്രയാകുന്നു.
ആളുകളോട് സംവദിക്കുകയെന്നത് സുബിക്ക് എന്നും ഇഷ്ടമുള്ള കാര്യമായിരുന്നു. മരണ ശേഷവും തന്റെ മനസ്സ് സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കണമെന്ന് സുബി ആവശ്യപ്പെട്ടത് അതുകൊണ്ട് കൂടിയാണ്. ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടിവി ഷോകളിലും താരമായി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം അവതരണ മികവിന്റെ സാക്ഷ്യമായി.
സ്ത്രീകൾ അധികം കടന്നു വരാത്ത കാലത്ത് മിമിക്രി രംഗത്തെ നിറസാന്നിധ്യമായിരുന്നു സുബി സുരേഷ്. സ്‌കൂൾ- കോളജ് പഠനകാലത്ത് ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അക്കാലത്ത് പല സ്റ്റേജുകളിലും തിളങ്ങി. കലാഭവനിൽനിന്ന് എത്തിയ സുബി ജനപ്രിയ കോമഡി പരിപാടിയിലൂടെയാണ് പ്രേക്ഷകരെ കൈയിലെടുത്തത്. ആയിരം എപ്പിസോഡ് പിന്നിട്ട സിനിമാല എന്ന കോമഡി പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സുബി സുരേഷ്. 19 വർഷക്കാലം കലാഭവനിലൂടെ കോമഡി പരിപാടികളിലൂടെ നിറഞ്ഞു നിന്നു. തുടർന്ന് ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ പല തരത്തിലുള്ള റോളുകൾ സുബി ചെയ്തു.
ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ കാണുന്ന ആളായിരുന്നു സുബി സുരേഷ്. എത്ര ഗൗരവമുള്ള്ള കാര്യം അവതരിപ്പിക്കുമ്പോഴും അതിൽ തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള തമാശകളും ഉൾക്കൊള്ളിച്ചിരുന്നു. കുട്ടികൾക്കായുള്ള പരിപാടികൾ അവതരിപ്പിക്കുമ്പോൾ അവരുടെ തലത്തിലേക്ക് മാറിയായിരുന്നു സുബിയുടെ അവതരണ രീതി. മരണ ശേഷം ഫെയ്‌സ് ബുക്കിലെത്തിയ പോസ്റ്റും ഇതിന് സമാനമായിരുന്നു.