ന്യൂഡൽഹി:കവാസ്‌കി നിഞ്ച എന്ന കമ്പനിയുടെ സൂപ്പർ ബൈക്കിൽ 300 കി.മീ വേഗതയ്ക്ക് ശ്രമിച്ചു. ബൈക്ക് റൈഡറായ യുട്യൂബ് താരം മരിച്ചത് അതിദാരുണമായി. യൂട്യൂബിൽ 12 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ഉള്ള 25 കാരൻ അഗസ്ത്യ ചൗഹാനാണ് മരണപ്പെട്ടത്. ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സൂപ്പർ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിലായിരുന്നു മരണം സംഭവിച്ചത്.

യമുന എക്സ്‌പ്രസ് വേ 47 ലൂടെ മുന്നൂറു കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിക്കാനുള്ള ശ്രമമായിരുന്നു വൻ അപകടത്തിൽ കലാശിച്ചത്. അമിത വേഗതയിലായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറി. അപകടത്തിന്റെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് അഗസ്ത്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

എമർജൻസി മെഡിക്കൽ ടീം ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡെറാഡൂൺ സ്വദേശിയായ അഗസ്ത്യക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഡെറാഡൂൺ സ്വദേശിയായ അഗസ്ത്യ ബൈക്ക് റൈഡർ എന്നതിന് പുറമേ ട്രാവൽ ബ്ളോഗർ എന്ന നിലയിലും അഗസ്ത്യ പ്രശസ്തനാണ്.

യുവാവിന്റെ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. അഗസ്ത്യയുടെ ബൈക്ക് സ്റ്റണ്ടിംഗിനെതിരേ മോട്ടോർ വെഹിക്കിൾ ആക്ടപ്രകാരമുള്ള അനേകം കേസുകളുണ്ട്. ഈ വർഷം ആദ്യം ഉത്തരാഖണ്ഡ് തലസ്ഥാനത്തെ നഗരപാതകളിൽ നടത്തിയ ബൈക്ക് സ്റ്റണ്ടിന് കേസെടുത്തിരുന്നു.

ബൈക്ക് സ്റ്റണ്ടിലൂടെ പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന 12 ബ്‌ളോഗർമാർക്കെതിരെ ഡറാഡൂൺ ട്രാഫിക് പൊലീസ് കേസെടുത്തിരുന്നു. അവരിൽ ഒരാളായിരുന്നു അഗസ്ത്യയും. അപകട വിവരമറിഞ്ഞ് അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.