കൊച്ചി: സുബി സുരേഷിന്റെ മരണം കേരളക്കരയ്ക്ക് സങ്കടം സമ്മാനിക്കുമ്പോഴും കരൾമാറ്റ ശസ്ത്രക്രിയ നടക്കണമെങ്കിലുള്ള നടപടി ക്രമങ്ങളുടെ നൂലാമാലകളെ കുറിച്ചും ചർച്ചയാകുന്നു. സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ച് അധികമാർക്കും അറിവുണ്ടായിരുന്നില്ല. സിനിമാ-മിനിസ്‌ക്രീൻ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ഇതേക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. കരൾരോഗം മൂർച്ഛിച്ചതോടെ കരൾ മാറ്റിവെക്കൽ നടത്താൻ ആലോചനകൾ നടന്നിരുന്നു. എന്നാൽ, ഇത് വേഗത്തിലാകാതിരിക്കാൻ കാരണം നിയമത്തിന്റെ നൂലാമാലകൾ തന്നെയായിരുന്നു.

ഇതേക്കുറിച്ച് നടൻ സുരേഷ് ഗോപിയും തുറന്നു പറഞ്ഞു. സുബിയെ രക്ഷിക്കാൻ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു. സുബിയെ അനുസ്മരിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇങ്ങനെ:

കൽപ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാൽ, ഒരു കലാകാരി എന്ന നിലയിൽ മൂന്ന് നാല് പേരുകളിലൊരാളായി ഞാൻ സുബിയുടെ പേര് പറയും. ഒരു തീരാനഷ്ടമെന്നോ അകാലത്തിലോ എന്ന് പറയുന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല.

ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു. അവയവ കച്ചവടം നടക്കുന്നതിനാൽ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാൽ ദയ കാരുണ്യം എന്നിവ തോന്നി ഒരാൾ കരൾ ദാനം ചെയ്താൽ പോലും സ്വീകരിക്കാൻ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകൾ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവൻ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാൻ പോകുന്നത്.

ഇങ്ങനെയുള്ള കൃത്രിമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും ഡോണർ സ്‌നേഹത്തോടെ കരൾ നൽകാൻ വന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഇല്ലായിരുന്നെങ്കിൽ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കിൽ കുടുംബത്തിൽ നിന്ന് തന്നെ വരണം. പേപ്പറുകൾ എല്ലാം ഓപ്പിടാൻ എംപി ഹൈബി ഈഡനോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെന്റ് കഴിഞ്ഞയുടൻ ഹൈബി ഇതിനായി കൊച്ചിയിൽ എത്തി. പക്ഷെ ബാക്കി കാര്യങ്ങൾ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കിൽ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു.

സിനിമയിൽ കൽപ്പന എന്തായിരുന്നു ടിവിയിൽ അതായിരുന്നു സുബി. സ്റ്റേജ് ഷോയിൽ ആയാൽ പോലും സുബിയുടെ എനർജി അപാരമാണ്. നമ്മുക്ക് സന്തോഷം നൽകുന്ന ഹാസ്യ പരിപാടികളിലെ ഒരു നിർണ്ണായക കണ്ണിയായിരുന്നു സുബി. സുബിയോട് ആർക്കെങ്കിലും എന്തെങ്കിലും ഇഷ്ടകുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം - സുരേഷ് ഗോപി പറഞ്ഞു.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിൻ കലാഭവനിൽ ചേർന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.