ഹരിപ്പാട്: സ്വന്തം മണ്ണിനോടുള്ള താൽപ്പര്യമായിരുന്നു കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ആ പാക്കേജ് പിറവിക്ക് കാരണം. 2008ൽ അന്നത്തെ യു പി എ ഗവൺമെന്റ് വിദർഭ മോഡലിൽ പ്രഖ്യാപിച്ച കാർഷിക ശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥൻ രൂപം നൽകിയ കുട്ടനാട്ട് പാക്കേജ്. പക്ഷേ ഇന്നും അത് ചുവപ്പു നാടയിലാണ്. കോടികൾ പാഴാക്കിയെന്നതിൽ അപ്പുറം കർഷകർക്ക് ഒരു ഗുണവും കിട്ടിയില്ല. ഈ വേദന എന്നും ഡോ എംഎസ് സ്വാമിനാഥന്റെ മനസ്സിലുണ്ടായിരുന്നു. എന്തിടപെടലിനും സ്വാമിനാഥൻ തയ്യാറായിരുന്നു. പക്ഷേ അഴിമതിയോട് താൽപ്പര്യമുള്ളവർ ഹരിത വിപ്ലവത്തിലേക്ക് ഇന്ത്യയെ നയിച്ച ശാസ്ത്രജ്ഞന്റെ വാക്കുകളോ വാക്കുകളോ ഒന്നും മുഖവിലയ്ക്ക് എടുത്തില്ല.

കുട്ടനാടിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ്. പ്രാദേശിക ജനപ്രതിനിധികളും, കർഷക പ്രതിനിധികളും കാഴ്‌ച്ചക്കാരായി മാത്രം മാറിയ ആദ്യ പാക്കേജിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിനുതകുന്ന പ്രവൃത്തികളൊന്നും നടപ്പായില്ല. 2014ൽ ആദ്യ പാക്കേജിന്റെ കാലാവധി അവസാനിച്ചതോടെയാണ്, പ്രളയാനുഭവങ്ങൾ കൂടി കണക്കിലെടുത്ത് 2020ൽ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. അതും വെറുതയെയായി. കുട്ടനാടുകാരനായിരുന്നു സ്വാമിനാഥൻ. അതുകൊണ്ട് കൂടിയാണ് കുട്ടനാടിന് വേണ്ടിയുള്ള ആ പാക്കേജ് ലോകശ്രദ്ധയിലെത്തിയതും. അതാണ് കേരളം അട്ടിമറിച്ചത്.

ലോകം മുഴുവൻ സ്വാമിനാഥന്റെ വാക്കുകൾക്കായി കാതോർത്തു. അവരെല്ലാം സ്വാമിനാഥൻ പറഞ്ഞത് പറഞ്ഞ സമയത്ത് ചെയ്തു. രാജ്യത്തിന്റെ കാർഷിക വികസനവും അങ്ങനെ സംഭവിച്ചു. പക്ഷേ സ്വന്തം നാടിനായി സ്വാമിനാഥൻ മുന്നോട്ട് വച്ച പദ്ധതികളോട് കേരളം അവഗണന കാട്ടി. അഴിമതി വീരന്മാർ എല്ലാം ചേർന്ന് പദ്ധതികൾ അട്ടിമറിച്ചു. ഫണ്ടുകളെല്ലാം താൽപ്പര്യമുള്ളവരുടെ കീശയിലായി. അതുകൊണ്ട് പ്രളയകാലത്ത് ഇന്നും കുട്ടനാട്ടുകാർ കൂടും കിടക്കയുമായി വീട് വിട്ട് രക്ഷപ്പെടുന്നു. വെള്ളം ഇറങ്ങിയ ശേഷം അവർ തിരിച്ചെത്തുന്നു. അങ്ങനെ സ്വാമിനാഥന്റെ നാടിനായുള്ള പ്രയത്‌നം വെറുതെയായി.

കുട്ടനാട് പാക്കേജ് നിലച്ചതോടെ കുട്ടനാടിന്റെ സമൂല വികസനമാണ് ജലരേഖയായത്. പാക്കേജിലെ അമ്പതിന പദ്ധതികളിൽ ഏറെ പ്രാധാന്യം കൽപിച്ചിരുന്നത് വെള്ളപ്പൊക്ക നിയന്ത്രണത്തിനായിരുന്നു. ഉദ്യോഗസ്ഥ കരാർ ലോബികളുടെ ഇടപെടലിലൂടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത്. കുട്ടനാട്ടിലൂടെ കടന്നു പോകുന്ന മൂന്ന് നദികളാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല. ഈ മൂന്ന് നദികളിലൂടെയുള്ള കിഴക്കൻ വെള്ളത്തിന്റെ ശക്തമായ പ്രവാഹമാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം. ഈ നദികളോട് ചേർന്ന് കിടക്കുന്നത് ഉദ്ദേശം 397 പാടശേഖരങ്ങളാണ്. ഇവയുടെ പുറംബണ്ടുകൾ കിഴക്കൻ വെള്ളത്തെ പ്രതിരോധിക്കുന്ന തരത്തിൽ സംരക്ഷിച്ചാൽ കുട്ടനാട്ടിലെ വെള്ളപ്പെക്കത്തിന് നിയന്ത്രണമുണ്ടാകും.

ഇത് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പ്രതിബാധിച്ചിട്ടുണ്ട്. ഇതിനായി 836 കോടി രൂപയാണ് വക കൊള്ളിച്ചിരുന്നത്. ഇത് പ്രാവർത്തികമായിരുന്നെങ്കിൽ മൂന്ന് നദികളിലൂടെ ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം കായംകുളം കായൽ തോട്ടപ്പള്ളി സ്പിൽ വെ, തണ്ണീർമുക്കം ബണ്ട് 'എന്നിവിടങ്ങളിലൂടെ അറബിക്കടലിൽ പതിക്കുകയും വെള്ളപ്പൊക്കത്തിന് നിയന്ത്രണം ഉണ്ടാവുകയും ചെയ്യുമായിരുന്നു. തോട്, കനാൽ, നദി എന്നിവിടങ്ങളിലെ ചെളി നീക്കം ചെയ്ത് പുറംബണ്ട് നിർമ്മിക്കണമെന്നതായിരുന്നു വ്യവസ്ഥ. ഒന്നും നടന്നില്ല.

പ്രതിഭാശാലിയായ കൃഷിശാസ്ത്രജ്ഞന്റെ മനസിലും ചിന്തയിലും എന്നും ഉണ്ടായിരുന്ന നാടാണ് ആലപ്പുഴയും കുടുംബ വീടുള്ള മങ്കൊമ്പും. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ ശാശ്വത രക്ഷക്കായി അദ്ദേഹം അഹോരാത്രം പണിയെടുത്ത് ഉണ്ടാക്കിയതായിരുന്നു കുട്ടനാട് പാക്കേജ്. പെറ്റമ്മയ്ക്കുള്ള ആത്മസമർപ്പണം. കുട്ടനാടിന്റെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ച് തയ്യാറാക്കിയ പാക്കേജ്. ഭൂമിയിലെ സ്വർഗമാണ് കുട്ടനാട്, മൽസ്യബന്ധനവും കൃഷിയും ജലടൂറിസവും കോർത്തിണക്കിയാൽ ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി അത് മാറും- ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്‌സിറ്റിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് ബിരുദം ഏറ്റുവാങ്ങവേ കുട്ടനാടിനെ കുറിച്ച് അദ്ദേഹം പങ്ക് വച്ച സ്വപനമാണിത്. ഇതാണ് അട്ടിമറിക്കപ്പെട്ടത്.

എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റി കുട്ടനാടു പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകുന്നത് 2008ലാണ്. അടുത്തവർഷം ഇത് അംഗീകരിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്.