ന്യൂഡൽഹി: ആദിശങ്കരാചാര്യർ സ്ഥാപിച്ച നാല് പീഠങ്ങളിൽ രണ്ടെണ്ണത്തിന്റെ അധിപനായിരുന്നു കഴിഞ്ഞ ദിവസം സമാധിയായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി.ഗുജറാത്തിലെ ദ്വാരക ശാരദാപീഠത്തിന്റെയും ബദരീനാഥിലെ ജ്യോതിർമഠത്തിന്റെയും അധിപനായ സ്വാമി സ്വരൂപാനന്ദ സരസ്വതി, മധ്യപ്രദേശിലെ നരസിംഹ്പുർ പരംഹംസി ഗംഗാ ആശ്രമത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തന്റെ 99 ാം വയസ്സിൽ സമാധിയായത്.

അഭിപ്രായങ്ങൾ തുറന്നു പറയാൻ ആരെയും ഭയക്കാത്ത ശങ്കരാചാര്യ പരമ്പരയിലെ സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി സ്വരൂപാനന്ദ സരസ്വതി. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തിലൂടെ 'വിപ്ലവ സ്വാമി' എന്നറിയപ്പെട്ട സ്വാമി സ്വരൂപാനന്ദ നിലപാടുകളിലും ആ വിപ്ലവ പാത പിന്തുടർന്നു. കംബോഡിയയിലെ അങ്കർവാട്ട് ക്ഷേത്രം പോലെയാകണം രാമക്ഷേത്രവുമെന്ന നിലപാടിലായിരുന്നു സ്വാമി സ്വരൂപാനന്ദ.

വേദങ്ങളിൽ പരാമർശിക്കാത്ത ഷിർദി സായിബാബയ്ക്ക് ദൈവിക പരിവേഷം നൽകരുതെന്ന സ്വാമി സ്വരൂപാനന്ദയുടെ 2014 ലെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കി. അയോധ്യയിൽ ശ്രീരാമന്റെയും മറ്റും വിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്ന ബാബറി മസ്ജിദിന്റെ കവാടം തുറന്നു കിട്ടാനായി സ്വാമി സ്വരൂപാനന്ദ സരസ്വതി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്വാധീനിച്ചതായി ജബൽപൂർ മുൻ മേയറും കോൺഗ്രസ് മുൻ എംഎൽഎയുമായ മേയർ കല്യാണി പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ ശിഷ്യരിൽ പ്രമുഖയാണ് കല്യാണി.

2010 ൽ പൂർണ കുംഭമേള നടന്ന ഹരിദ്വാറിൽ നിന്ന് വ്യാജന്മാരായ ശങ്കരാചാര്യന്മാരെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ താൻ മേള ബഹിഷ്‌കരിക്കുമെന്നും സ്വാമി സ്വരൂപാനന്ദ ഭീഷണി മുഴക്കിയതും ശ്രദ്ധനേടിയിരുന്നു. ആദി ശങ്കരൻ നാലു മഠങ്ങളേ സഥാപിച്ചിട്ടുള്ളൂവെന്നും ഇന്ത്യയിൽ അഞ്ചാമതൊരു ശങ്കര മഠം ഇല്ലെന്നും സ്വാമി സ്വരൂപാനന്ദ സരസ്വതി വ്യക്തമാക്കിയിരുന്നു. പരമ്പരാഗത ശിവസ്തുതിയായ 'ഹര ഹര മഹാദേവ' പരിഷ്‌കരിച്ച് ബിജെപി ' ഹര ഹര മോദി ' എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയതിലും സ്വരൂപാനന്ദ മുൻപു പ്രതിഷേധിച്ചിരുന്നു.

1924ൽ മധ്യപ്രദേശിലെ ജബൽപുരിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച പോത്തിറാം ഉപാധ്യായ ഒമ്പതാംവയസ്സിൽ വീടുവിട്ട് ആധ്യാത്മികപഠനത്തിനിറങ്ങുകയായിരുന്നു. കാശിയിലെത്തി വേദങ്ങളും മറ്റും പഠിച്ച സ്വാമി സ്വരൂപാനന്ദ 1982-ലാണ് ദ്വാരകാ പീഠത്തിന്റെ ശങ്കരാചാര്യരായത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

വായനയ്ക്കായി ഏറെസമയം ചെലവഴിച്ചിരുന്ന സ്വാമി സ്വരൂപാനന്ദ സരസ്വതി തികഞ്ഞ പണ്ഡിതനും സാത്വികനുമായിരുന്നെന്ന് ഏഴുവർഷമായി അദ്ദേഹത്തെ പരിചരിക്കുന്ന മലയാറ്റൂർ സ്വദേശി എസ്.എ. ആനന്ദ് പറഞ്ഞു. വായിക്കുന്നതെല്ലാം ഹൃദിസ്ഥമാക്കാൻ സ്വാമിക്ക് കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമശക്തിയും അദ്ഭുതപ്പെടുത്തുന്നതാണ്.

നരസിംഹ്പുർ പരംഹംസി ഗംഗാ ആശ്രമത്തിൽ തിങ്കളാഴ്ച വൈകീട്ട് സംസ്‌കാരച്ചടങ്ങുകൾ നടത്താനാണ് നിശ്ചയിച്ചതെന്ന് ആശ്രമത്തിലുള്ളവർ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.