കൊച്ചി: ദീർഘകാലം കെഎസ്ഇബിക്ക് നേതൃത്വം നൽകിയ ടി.എം. മനോഹരൻ (73) അന്തരിച്ചു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മുൻ ചെയർമാനും മുൻ വനം വകുപ്പ് മേധാവിയുമായിരുന്നു. കുറച്ചുകാലമായി അൽസ്‌ഷൈമേഴ്‌സ് രോഗബാധിതനായിരുന്നു. ശനിയാഴ്ച വൈകിട്ട് 7.30ന് ഉണ്ണിച്ചിറയിലെ സ്വവസതിയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇടപ്പള്ളി (എളമക്കര) ചങ്ങമ്പുഴ ശ്മശാനത്തിൽ.

ഫോറസ്റ്റ് സർവീസ് അംഗമായ അദ്ദേഹം വനം വകുപ്പിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റായിട്ടാണു വിരമിച്ചത്. വനം വകുപ്പ് മേധാവി ആയി വിരമിച്ച ശേഷം 2013 ജനുവരിയിലാണ് അദ്ദേഹം റഗുലേറ്ററി കമ്മിഷൻ ചെയർമാനായത്. വനംവകുപ്പു മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായി മൂന്നുവർഷത്തിലേറെ പ്രവർത്തിച്ചു. രണ്ടു തവണയായി ഏഴു വർഷം വൈദ്യുതി ബോർഡിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു.

രാജ്യത്ത് ഏറ്റവുമധികം കാലം വൈദ്യുതി ബോർഡ് ചെയർമാനായിരുന്ന ഇദ്ദേഹം വൈദ്യുതി മേഖലയിലെ മാനേജ്മെന്റ് വിദഗ്ധനാണ്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി എസ്. അച്യുതാനന്ദൻ മന്ത്രിസഭകളുടെ കാലത്തു ബോർഡ് ചെയർമാനായിരുന്നു. നാലു വൈദ്യുതിമന്ത്രിമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്