- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിയെ പിടികൂടാതെ മുടി വെട്ടില്ലെന്ന് ശപഥമെടുത്തു; എട്ടു ദിവസത്തിനുള്ളിൽ സ്‌കൂട്ടർ മോഷ്ടാവിനെ പൊക്കി; തുമ്പുണ്ടാക്കിയത് അനേകം കേസുകളിൽ; താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ കേരള പൊലീസിലെ മിടുക്കനായ സബറുദ്ദീനും
മലപ്പുറം: താനൂർ ബോട്ടപകത്തിൽ ജീവൻ പൊലിഞ്ഞവരിൽ കേരള പൊലീസിന്റെ അഭിമാനമായിരുന്ന സബറുദ്ദീനും. താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും മലപ്പുറം എസ് പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗവുമായ സബറുദ്ദീനാണ് ഇന്നലെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മോഷണകേസുകളിലടക്കം നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച പൊലീസ് ഓഫീസറാണ് സബറുദ്ദീൻ.
മോഷണക്കേസ് പ്രതിയെ പിടികൂടാതെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീൻ പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് പിന്നീട് ബാർബർ ഷോപ്പിലെത്തിയത്. താനൂർ ബീച്ച് മിൽമ ബൂത്തിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ചയാളെ പിടികൂടാനുള്ള നെട്ടോട്ടത്തിലായിരുന്നു അന്ന് പൊലീസ് സംഘം. സ്റ്റേഷന് മുന്നിൽ കൂടിയാണ് സ്‌കൂട്ടറും കൊണ്ട് കള്ളൻ കടന്നതെന്ന സി സി ടി വി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ അന്വേഷണ സംഘത്തിന് കടുത്ത സമ്മർദ്ദമായി. മാസ്‌ക് ധരിച്ചിരുന്നതിനാൽ പ്രതിയുടെ മുഖം വ്യക്തമായി തെളിഞ്ഞിരുന്നില്ല.
മോഷ്ടാവിനെ പിടികൂടാൻ സാധിക്കാതിരുന്നതിനിടെ മുടിവെട്ടാൻ എത്തിയ സബറുദ്ദീൻ മുടി വെട്ടാതെ കടയിൽ നിന്നിറങ്ങിപ്പോയി. തുടർന്ന് പ്രതിയെ പിടിക്കാതെ മുടി വെട്ടില്ലെന്ന് സഹപ്രവർത്തകരോട് പ്രഖ്യാപിക്കുകയായിരുന്നു. എട്ടുദിവസങ്ങൾക്ക് ശേഷമാണ് സബറുദ്ദീനും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സലേഷും ചേർന്ന് പതിനഞ്ചുവയസുകാരനായ പ്രതിയെ പിടികൂടുന്നത്. ഇതിനുപിന്നാലെ മുടിവെട്ടുകയും ചെയ്തു.
നിരവധി മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ച സബറുദ്ദീന്റെ വിയോഗത്തിൽനിന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു സബറുദ്ദീൻ.
പരപ്പനങ്ങാടി - താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം സംഭവിച്ചത്. താനൂർ സ്വദേശി നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള അറ്റ്ൻലാന്റിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
താനൂർ ബോട്ടപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. അപകട സമയത്ത് 37 പേർ ബോട്ടിലുണ്ടായിരുന്നതായാണ് സംശയം. അപകടത്തിന് പിന്നാലെ അഞ്ചുപേർ വെള്ളത്തിലേയ്ക്ക് ചാടി നീന്തി രക്ഷപ്പെട്ടിരുന്നു.
ബോട്ടപകടം സമാനതകളില്ലാത്ത ദുരന്തമാണ് സെയ്തലവിയുടെ കുടുംബത്തിന് സമ്മാനിച്ചത്. സെയ്തലവിയുടെ വീട്ടിലെ പതിനൊന്ന് പേരാണ് അപകടത്തിൽ മരിച്ചത്. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇനി തങ്ങളുടെ വീട്ടിൽ അവശേഷിക്കുന്നത് താനും സഹോദരങ്ങളും മാതാവും മാത്രമാണ് എന്നാണ് വേദനയോടെ സെയ്തലവി പറയുന്നു. പെരുന്നാൾ അവധിക്കായാണ് സെയ്തലവിയുടെ സഹോദരന്മാർ വീട്ടിലേക്ക് എത്തിയത്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സംഭവ സ്ഥലത്തെത്തി. ബോട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽപ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തും എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.