എറണാകുളം: മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ടിഎച്ച് മുസ്തഫ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും രണ്ടു പതിറ്റാണ്ടിലധികം കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്നു മുൻ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി എച്ച് മുസ്തഫ.

ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും നിരവധി തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ, കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. കെ കരുണാകരന്റെ അതിവിശ്വസ്തരിൽ ഒരാളായിരുന്നു. പാമോലിൻ അഴിമതി കേസിലും മുസ്തഫയുടെ പേരു ചർച്ചയായി. ഇതുണ്ടാക്കിയ രാഷ്ട്രീയ പുകിലുകളാണ് കരുണാകരന്റെ രാഷ്ട്രീയ പതനത്തിന് കാരണമായതും. ഇത് മുസ്തഫയുടേ രാഷ്ട്രീയ ജീവിതത്തേയും ബാധിച്ചിരുന്നു.

52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി എച്ച് മുസ്തഫ . യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്‌നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എംപി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മുകാരനായ എംപി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു.