വൈക്കം: കുഞ്ഞാപ്പീ.. എണീറ്റുവാ.. കളിക്കണ്ടേ... പിഞ്ചു മക്കളുടെ ചേതനയറ്റ ശരീരം കണ്ട് മുത്തശ്ശൻ അശോകൻ നെഞ്ചു കലങ്ങി കൊണ്ട് ചിച്ചു പേയുമെന്ന നിലയിൽ പറഞ്ഞു. സർവവും തളർന്നു ഏതു നിമിഷവും താഴെ വീഴുമെന്ന അവസ്ഥയിയിരുന്നു യുകെയിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെ പിതാവ്. അദ്ദേഹത്തെ താങ്ങി കൊണ്ട് ചുറ്റുമുള്ള സുഹൃത്തുക്കളും നിന്നു. എന്താനാണ് തന്റെ മരുമകൻ ഈ ക്രൂരത ചെയ്തതെന്ന് തന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.

ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി മക്കളുടെയും മൃതദേഹം അവസാനമായി ഒരു നോക്കു കാണാണാ നൂറു കണക്കിന് ആളുകളാണ് വൈക്കത്തെ ആ വസതിയിലേക്ക് എത്തിയത്. അലമുറയിട്ടു കരഞ്ഞ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാരും. ഒടുവിൽ അവർ മൂവരും ഓടികളിച്ച മുറ്റത്തു തന്നെ ചിതയൊരുക്കി. രാമ.. രാമ.. നാമജപങ്ങളാൽ മുഖരിദമായിരുന്നു വൈക്കത്തെ വസതി.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ചിതയിലേക്കെടുക്കുമ്പോൾ പിതാവ് അശോകൻ യാത്ര പറഞ്ഞതാണ് ഏവരെയും നൊമ്പരപ്പെടുത്തിയത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട പിതാവിന്റെയും മുത്തശ്ശന്റെയും വിലാപമായിരുന്നു അത്. ചിതയ്ക്ക് അഞ്ജുവിന്റെ പിതൃസഹോദരന്റെ മകൻ ഉണ്ണിയാണ് തീ കൊളുത്തിയത്. എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ, മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചു.

വീടിനു സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനമൊരുക്കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് മൂവർക്കും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മക്കൾ മരിച്ചതറിഞ്ഞ് ഒരുമാസക്കാലം നെഞ്ച് നീറി അവരെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്ന അശോകനും ഭാര്യക്കും സഹോദരിക്കും ദുഃഖം അടക്കാൻ കഴിഞ്ഞില്ല. നിയന്ത്രണം വിട്ട് അവർ പൊട്ടി കരഞ്ഞു. തളർന്ന് വീണു. ആ നൊമ്പര കാഴ്ച കണ്ട് നിന്നവരുടെ കണ്ണ് നനയിച്ചു. കുടുംബങ്ങളെ അശ്വസിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിലായി. ഒടുവിൽ എല്ലാവരുടെയും സ്‌നേഹ വായ്‌പ്പുകൾ സങ്കടപെരുമഴയായി ഇത്തിപ്പുഴയാറ്റിൽ അലിഞ്ഞു ചേർന്നു. പ്രിയപ്പെട്ടവരുടെ സ്‌നേഹവായ്‌പ്പുകൾ ഏറ്റുവാങ്ങി അഞ്ജുവിന്റെയും കുഞ്ഞു മക്കളുടെയും മൃതദേഹങ്ങൾ ഇത്തിപ്പുഴയുടെ തീരത്തെ വീട്ടുമുറ്റത്ത് എരിഞ്ഞടങ്ങി.

വൈക്കം കുശേഖരമംഗലം അറയ്ക്കൽ അശോകന്റെ മകളാണ് അഞ്ജു. ബ്രിട്ടനിലെ കാറ്ററിംഗിൽ ജോലി ചെയ്തു വരുന്നതിനിടയിൽ കഴിഞ്ഞ ഡിസംബർ 15 ന് ഭർത്താവ് സാജു അഞ്ജുവിനെയും മക്കളായ ജാൻവിയെയും ജീവയെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. നിയമനടപടികൾക്ക് ശേഷം ശനിയാഴ്ച രാവിലെ എട്ടിനാണ് മൃതദേഹങ്ങൾ നെടുമ്പാശേരിയിലെത്തിച്ചത്. പതിനൊന്നു മണിയോടെ വീട്ടിലെത്തിച്ചു.

ഒപ്പം ജോലി ചെയ്തിരുന്ന മനോജ് മാത്യു, ബിജാ ഫിലിപ്പ് എന്നിവരാണ് മൃതദ്ദേഹങ്ങൾ നാട്ടിലെത്തിച്ചത്. ഇന്ത്യൻ എംബസിയുടെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സഹായം കുടുംബത്തിന് ലഭിച്ചു. യൂണിയൻ ഓഫ് യു. കെ. മലയാളി അസോസിയേഷൻ യുക്മയുടെ സഹായവും ലഭിച്ചിരുന്നു. അസോസിയേഷന് വേണ്ടി ഭാരവാഹി എബി സെബാസ്റ്റ്യൻ ആദരാജ്ഞലികൾ അർപ്പിച്ചു. അഞ്ജുവിന്റെ മെഡിക്കൽ രേഖകളും വസ്ത്രങ്ങളും സ്വർണ്ണാഭാരണുവുമെല്ലാം അവർ മാതാപിതാക്കളെ ഏല്പിച്ചു.

കഴിഞ്ഞ ജൂൺ മാസമാണ് കുട്ടികളെ അഞ്ജുവിന്റെ വീട്ടിൽ നിന്നും ഇരുവരും കൂട്ടികൊണ്ട് പോയത്. അത് വരെയുള്ള എട്ടു മാസം കുട്ടികളുടെ കളിചിരികൾ നിറഞ്ഞ വീട്ടിലേക്കാണ് അവരുടെ ചേതനയറ്റ ശരീരങ്ങൾ എത്തിച്ചത്. ആ എട്ടു മാസക്കാലം 800 വർഷത്തെ ഓർമകളാണ് തങ്ങൾക്ക് അവർ നൽകിയതെന്നു അശോകൻ പറഞ്ഞിരുന്നു. നാട്ടുകാരുടെയും പ്രിയപ്പെട്ടവരായി ആ കുരുന്നുകൾ മാറി. കുട്ടികൾ ഉപയോഗിച്ചിരുന്ന കളിപ്പാട്ടവും കുടയും പുസ്തകങ്ങളും അവരുടെ ഓർമ്മകളായി വീട്ടിലേക്ക് എടുത്തു വയ്ക്കുമ്പോൾ കൂട്ട കരച്ചിലായിരുന്നു.

അഞ്ജുവിന്റെ മാറിൽ ചേർത്തുപിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് നാട്ടിലെങ്ങും നിറഞ്ഞിരുന്നത്. അവരെ കാത്തിരുന്ന 30 ദിവസവും അശോകന്റെ വീട്ടിൽ ഭക്ഷണം എത്തിച്ചിരുന്നത് അയൽവാസികളാണ്. മരണ വിവരം അറിഞ്ഞ നിമിഷം മുതൽ തന്റെ മക്കളെ നാട്ടിലെത്തിച്ച് ഒരു നോക്ക് കാണാനായി അധികൃതരുടെ അരികിൽ ഓടി നടന്നിരുന്ന അശോകൻ ഏവർക്കും നൊമ്പരമായി മാറി.

അതിനിടെ കൊലപാതകത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ മനസിലായിട്ടില്ല. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശിയ സാജുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി.

10 വർഷം മുമ്പാണ് അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും വിവാഹിതരാവുന്നത്. ബംഗുളുരുവിൽ ജോലി ചെയ്യുന്ന കാലത്ത് പ്രണയിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വർഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങൾ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. സഹപ്രവർത്തകർ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാർന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്.

കുഞ്ഞുങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനകളിലാണ് മൂന്നു പേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിൽ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ ഭർത്താവായ സഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.