- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു; വിയോഗം ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത നേതാവാണ് അന്തരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി അമീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തുടർന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അസ്സബാഹിന്റെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്മദ് അൽ ജാബർ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
1962 ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 16 വർഷം ഗവർണ്ണറായി തുടർന്ന അദ്ദേഹം 1978 മാർച്ചിൽ ആഭ്യന്തരമന്ത്രിയായും തുടർന്ന് പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
1994 ഒക്ടോബറിൽ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വർഷം നിയമിതനായ ശൈഖ് നവാഫ്, 2006 ഫെബ്രുവരിയിൽ കിരീടാവകാശിയായി ചുമതലയേറ്റു. 2020 - ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി അദ്ദേഹം മാറി.


