കൊച്ചി: ഒരു തവണ എങ്കിലും പരിചയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല രാജേഷ് മേനോന്റെ അകാല വിയോഗം. പൊലീസ് ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകർ മാത്രമല്ല മേനോനെ അറിയാവുന്നവർ എല്ലാം ഈ ആത്മഹത്യ വാർത്ത കേട്ട് ഞെട്ടി. അദ്ദേഹം പ്രവർത്തിച്ചിരുന്ന സ്റ്റേഷനിലെത്തിയവർക്കോ പരാതിക്കാർക്കോ ആർക്കും തന്റെ പെരുമാറ്റം കൊണ്ട് വേദനയുണ്ടാക്കാതെ ഔദ്യോഗികജീവിതം നയിച്ചിരുന്ന മനുഷ്യസ്നേഹിയായിരുന്നു രാജേഷ്.

കഴിഞ്ഞ ദിവസമാണ് വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാജേഷ് മേനോനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. 2004 ൽ ജോലി പ്രവേശിച്ച രാജേഷ് ഈ കഴിഞ്ഞ എട്ടിനാണ് അങ്കമാലി അയ്യപ്പുഴയിൽ നിന്നും വാഴക്കുളം സ്റ്റേഷനിലെക്ക് സ്ഥലം മാറ്റം കിട്ടി എത്തിയത്. പുത്തൻകുരിശ് മറ്റക്കുഴി താഴത്തറക്കൽ പരേതനായ രഘുനന്ദന മേനോന്റെ (റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ)യും ശാരദ കുഞ്ഞമ്മയുടെയും മകനാണ് രാജേഷ്. ഇദ്ദേഹത്തിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്.

സർവ്വീസിലും വ്യക്തി ജീവിതത്തിലും സൗമ്യതയുടെ പര്യായമായിരുന്ന രാജേഷിന്റെ വിയോഗം അതും ആത്മഹത്യ. ഇദ്ദേഹത്തെ പരിചമുള്ളവർക്കാർക്കും ഇത് വിശ്വസിക്കാനായില്ല എന്നതാണ് സത്യം. ചെറുപ്പകാലം മുതൽ സൗഹൃദത്വം മുഖമുദ്രയാക്കിയ രാജേഷിനെ 'സ്നേഹമുണ്ടാക്കുന്ന മിഷ്യൻ' എന്നാണ് കോളേജിലെ സഹപാഠിയും മാധ്യമപ്രവർത്തകനുമായ സനീഷ് ഇളയിടത്ത് വിശേഷിപ്പിച്ചത്.

എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഏറ്റവും പോപ്പുലറായ ആളായിരുന്നു, അക്കാലത്ത് മേനോൻ.എല്ലാർക്കും അവനെ അറിയാമായിരുന്നു, ഏതാണ്ടെല്ലാവരെയും അവനും. ലെറ്റേഴ്‌സിലും സ്പാപിലും കമ്പ്യൂട്ടർ സയൻസസിലും കെമിക്കൽ സയൻസസിലുമെല്ലാം സുഹൃത്തുക്കളുണ്ടായിരുന്നു , ആരാധകരും. ക്യാമ്പസിലെല്ലായിടത്തുമെത്തുന്ന, ഏറ്റവും പ്രസാദാത്മകമുഖം അവന്റേതായിരുന്നു. രാജേഷ് കെ മേനോൻ എന്ന് വച്ചാൽ ഞങ്ങളുടെ അക്കാലത്തെ സന്തോഷമുണ്ടാക്കും മെഷീനായിരുന്നു. ഇങ്ങനെയാണ് സനീഷ് തന്റെ സഹപാഠിയുടെ മരണത്തെ തുടർന്ന് തന്റെ ഫേയിസ്ബുക്കിൽ കുറിച്ചത്.

കാഴ്ച നഷ്ടപ്പെട്ട് പോകുമായിരുന്ന വലിയൊരപകടത്തിൽ നിന്ന് മേനോൻ തന്നെ കൈപിടിച്ചുകയറ്റിയതും സനീഷ് കുറിപ്പിൽ പങ്ക് വെയ്ക്കുന്നു. മുൻ ആലത്തൂർ എംപിയും സിപിഎം നേതാവുമായ പി.കെ ബിജുവിന്റെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു മേനോൻ. അമ്പലമേടു ഹൈസ്‌ക്കൂളിലും, തേവര സെക്രട്ട് ഹെർട്ട് കോളേജിലും,കോലഞ്ചേരി സെന്റ് പിറ്റേഴ്സ് കോളേജിലും, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാപസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജേഷ് മേനോന്റെ ജീവിതം ഒരു ക്യാമ്പസ് സിനിമപൊലെ മനോഹരമായിരുന്നു.

ക്യാമ്പസിലെ വിദ്യാർത്ഥികളുടെ എല്ലാ വിഷയങ്ങളിലും കൂടെ നിൽക്കുമായിരുന്നു. എല്ലാ സമരങ്ങൾക്കും മുന്നിൽ മേനോൻ ഉണ്ടാവും. എല്ലാ കലാ കായിക പരിപാടികളിലും മേനോനും പങ്കെടുത്തിരുന്നു.അങ്ങനെ പഠിച്ച ഇടങ്ങളിലെല്ലാം തന്റെ പേര് പതിപ്പിച്ച യുവാവ്. അന്നത്തെ ഡി.എസ്.യു ഓഫിസ് ബിഹേവറൽ സയൻസ് കെട്ടിടത്തിൽ ആയിരുന്നു, അത് ജനറൽ സെക്രട്ടറിയായിരുന്ന 'മേനോന്റെ മുറി' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അദ്ധ്യാപകരുടെയും പ്രിയ വിദ്യാർത്ഥി.

മിടുക്കനായ വിദ്യാർത്ഥി അദ്ധ്യാപകനായപ്പോൾ കടന്ന് വന്ന വഴികളിലെ സൗഹൃദങ്ങളെ പരിപാലിച്ചത് പൊലെ തന്റെ ശിഷ്യഗണങ്ങളെയും കണക്കാക്കി. വിയ്യൂർ പൊലീസ് അക്കാദമിയിൽ രാജേഷ് മേനോന്റെ കീഴിൽ പരിശീലനം നേടീയവരാണ് ഇന്ന് കേരളത്തിലെ പൊലീസ് സേനയിലെ ഇളംതലമുറ. പട്ടാളചിട്ടയിൽ പരിശീലനം നൽകുന്ന അക്കാദമിയിലെ അദ്ധ്യാപകർക്കിടയിൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവനായിരുന്നു ലോആൻഡ് ഓർഡറിനെ കീറി മുറിച്ച് ക്ലാസെടുക്കുന്ന മേനോൻ സാർ.

വിശാലമായ സൗഹൃദവലയമായിരുന്നു മേനോന് അക്കാദമിയിലെ തന്റെ ക്വാട്ടേർസിനു ചുറ്റും ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് അവരുടെ പ്രശ്നങ്ങൾ ധൈര്യമായി പറയാവുന്ന അതിന് ഉചിതമായ പരിഹാരങ്ങൾ നൽകുന്ന രാജേഷ് അവിടെയും താരമായിരുന്നു. വൈവാഹിക ജീവിതത്തിലെ താളപിഴകളായിരുന്നു രാജേഷ്മേനോനെ ഉലച്ചത്. ഭാര്യയുമായി ഡിവോഴ്സ് കേസ് നടക്കുകയായിരുന്നു. വിവാഹമോചനത്തിലെക്ക് എത്തുന്നതും തന്റെ പ്രിയപ്പെട്ട മൂന്ന് പെൺമക്കളെ പിരിയേണ്ടി വരുന്നതും വേദനയൊടെ മേനോൻ പങ്ക് വെച്ചതായി ഉറ്റസുഹൃത്തുകൾ പറയുന്നു.

ഭാര്യയുടെ ആഗ്രഹപ്രകാരം വീട് വെയ്ക്കാൻ തൃശ്ശൂർ അമല മെഡിക്കൽ കോളേജിനടുത്ത് വീട് പണി ആരംഭിക്കാനിരിക്കവേയാണ് വിവാഹജീവിതത്തിൽ ഉലച്ചിലുകളുണ്ടാകുന്നത്. സ്ഥലം വാങ്ങിക്കാനും വീട് വെയ്ക്കാനുമായി എടുത്ത ലോണും മറ്റും രാജേഷിനെ വലിയകടബാധ്യതയിലെക്ക് നയിച്ചു. തൃശ്ശൂരിലെ സ്ഥലം വിറ്റ് കടം തീർക്കാനോരുങ്ങിയപ്പോൾ കേസു വന്നു. വിൽപ്പന നടന്നില്ല. ഇത് മേനോനെ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു എന്നാണ് ബന്ധുമിത്രാദികൾ പറയുന്നത്. ഈ സംഭവങ്ങളാകാം മനുഷ്യസ്നേഹിയായ ഈ മനുഷ്യന്റെ ആത്മഹത്യക്ക് പിന്നിൽ എന്നാണ് സുഹൃത്തുകളും ബന്ധുക്കളും വിശ്വസിക്കുന്നത്.