തിരുവനന്തപുരം: സിനിമകളിലെ ചിരിപ്പിക്കുന്ന മുത്തശ്ശി, ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ആ ചിരിയുടെ കൊടുമുടി കയറിയത്. കല്യാണ രാമനിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയായി വേഷമിടും മുമ്പ് എത്രയോ ജീവിത കഥകൾ. തീയിൽ കുരുത്താൽ വെയിലത്ത് വാടില്ല എന്നാണല്ലോ. തന്റെ ജീവിതാനുഭവങ്ങൾ, ഒരുഅഭിമുഖത്തിൽ അവർ വിശദമായി പറഞ്ഞിരുന്നു.

1953 ൽ ആയിരുന്നു തന്റെ വിവാഹം. 1957 ൽ ആണ് ആദ്യ കുട്ടി ജനിക്കുന്നത്. പിന്നീടങ്ങോട്ട് ജീവിതം ആകെ മാറിപ്പോയെന്നാണ് സുബ്ബലക്ഷ്മി പറഞ്ഞത്. ഭർത്താവിന്റെ വീട്ടിലെ ജീവിതത്തിലും കുടുംബത്തിലുമൊക്കെ പ്രശ്നങ്ങളുണ്ടായിയ ഭർത്താവിന്റെ സ്വഭാവത്തിലും പെട്ടെന്ന് മാറ്റം വന്നു. എവിടെ പോയി എന്ത് ചെയ്താലും പരാജയം മാത്രമാണ്. എന്ത് ചെയ്താലും നമുക്ക് തടസ്സമായി. അതോടെ ഭർത്താവിന് കുടുംബമെന്നോ കുട്ടികൾ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി. നമ്മൾ ജീവിക്കണമെന്നോ ആഹാരം കഴിക്കണമെന്നോ, ജീവിക്കാൻ എന്തെങ്കിലും ചെയ്യണമെന്നോ ഉള്ള ചിന്ത പോലും ഇല്ലാതായി. എന്നാൽ തനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നുവെന്നും മൂന്ന് കുട്ടികളേയും വളർത്തണമായിരുന്നുവെന്നും സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ഭർത്താവിന്റെ ഈ രീതിയെ എതിർക്കുവോ, വഴക്ക് പറയുകയോ, വീട്ടിൽ പോലും പറയുകയോ അറിയിക്കുകയോ ചെയ്തില്ല. അതിന്റെ കാരണവും അവർ പറഞ്ഞിരുന്നു. വീട്ടിൽ എല്ലാം അറിയിച്ചാൽ അവർ പറയും എല്ലാം കളഞ്ഞിട്ട് വരാൻ. അതൊന്നും ശരിയല്ല എന്ന് തനിക്ക് തോന്നിയെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ചെയ്താൽ തനിക്ക് എന്നും ആളുകൾ പഴിക്കുന്നത് കേൾക്കേണ്ടി വരുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. തനിക്ക് അന്ന് വലിയ പ്രായം ഒന്നും ആയിരുന്നില്ല. അന്നും ഇന്നും തുണ ദൈവം മാത്രമായിരുന്നുവെന്നും ദൈവത്തെ മുറുകെ പിടിച്ചു ജീവിതം മുൻപോട്ട് നയിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്.

എതിർപ്പുകൾ മറികടന്ന് നിറവയറുമായി പാടിയ കഥയും സുബ്ബലക്ഷ്മി പറയുന്നുണ്ട്. കൂടാതെ അഭിമുഖത്തിനിടെ തന്റെ ആദ്യ വരുമാനത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. വരുമാനം ഒന്നും ഉണ്ടായിരുന്നില്ല എന്നും പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താരം പറയുന്നുണ്ട്. ആദ്യമായി കിട്ടിയ വരുമാനം 175 രൂപ ആയിരുന്നുവെന്നും അവർ ഓർത്തടുത്തിരുന്നു.

ഒറ്റയ്ക്ക് താമസം

മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും മറി ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയുടെ താമസം. വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ ഒരു വീഡിയോയിൽ വിശദീകരിച്ചിരുന്നു.

'ഒറ്റയ്ക്ക് താമസിച്ചാൽ കൂടുതൽ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവർക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. പലരീതിയിൽ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ പ്രായമായി എന്ന് കരുതി ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതൊന്നും വിടാൻ കഴിയില്ല'; ഒറ്റയ്ക്ക് താമസിച്ചതിന്റെ കാരണം സുബ്ബലക്ഷ്മി വെളിപ്പെടുത്തിയത് ഇങ്ങനെ.

'എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവർക്കോ എന്റെ ഇഷ്ടം മക്കൾക്കോ അംഗീകരിക്കാൻ കഴിയില്ല. അതുപോലെ അവർക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ അവർക്കൊരു ഭാരമാവും'.

'കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാൻ ജീവിക്കുന്നത്. അത് മാറ്റാൻ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാൽ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിർബന്ധമായി വേണം. അതുപോലെ ഉള്ള സാമ്പറും ചാട്നിയുമൊക്കെ നല്ല വൃത്തിക്കും രുചിക്കും വേണം'; തന്റെ ചിട്ടകളെ കുറിച്ച് മുത്തശ്ശി വെളിപ്പെടുത്തി. അഭിനേത്രി എന്നതിൽ ഉപരി സുബ്ബലക്ഷ്മി നല്ലത് പോലെ പടവും വരയ്ക്കുമായിരുന്നു.

കല്യാണരാമൻ, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചയമുള്ള മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി സിനിമയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറി.

1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്