കൊല്ലം: ഇന്നിപ്പോൾ സിനിമകളിൽ വില്ലന്മാരും ഹീറോകളെ പോലെയാണ്. വില്ലന്മാരെയും, വില്ലത്തികളെയും ആരാധിക്കുന്നവരും ഏത്രയോ. എന്നാൽ, കുണ്ടറ ജോണിയുടെ കാലത്ത് അങ്ങനെയായിരുന്നില്ല. 'പണ്ടൊക്കെ വില്ലന്മാരെ കാണുമ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ വെറുപ്പു തോന്നുമായിരുന്നു. ഇപ്പോൾ അതില്ല. അവർക്കു സിനിമയെന്താ ജീവിതമെന്താ എന്നറിയാം. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്നു മനസ്സിലാക്കണം. ഏതെങ്കിലും വില്ലനെപ്പറ്റി ആരെങ്കിലും ഗോസിപ്പു പറയുന്നതു കേട്ടിട്ടുണ്ടോ?' -ജോണി ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴത്ത വില്ലന്മാർക്ക് വന്ന മാറ്റത്തെ കുറിച്ചും ജോണി പറഞ്ഞിട്ടുണ്ട്.

'കപ്പടാ മീശയും തടിയുമൊക്കെ വില്ലന്മാർക്കു വേണമെന്ന നിർബന്ധമൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ വില്ലന്മാർ മോഡേൺ ടെക്‌നോളജിയൊക്കെ ഉപയോഗിക്കുന്നു. അത് അടിപിടിയുടെ കാര്യത്തിലാണെങ്കിലും അവതരണത്തിന്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. പണ്ടൊക്കെ സ്റ്റെപ്പിൽനിന്നു മറിഞ്ഞുവീഴുന്ന സീനൊക്കെ നമ്മൾ തന്നെ ചെയ്യണം; അല്ലെങ്കിൽ ഡ്യൂപ്. ഇന്നിപ്പോൾ എല്ലാറ്റിനും മികച്ച സാങ്കേതികവിദ്യയുണ്ട്. എല്ലാം ഗ്രാഫിക്‌സ് ചെയ്‌തോളും. പഴയ ഫൈറ്റ് സീനിലൊക്കെ നാടൻതല്ലായിരുന്നു അടിസ്ഥാനമെങ്കിൽ ഇപ്പോൾ ആയോധനകലകളൊക്കെ ഉൾപ്പെടുത്തിയാണ് ഇടിവീഴുന്നത്. എങ്കിലും ഇപ്പോഴത്തെ വില്ലന്മാർ പഴയതിലും ക്രൂരന്മാരായിപ്പോയെന്നു തോന്നുന്നു.'-ജോണി പറഞ്ഞു.

വില്ലൻ വേഷങ്ങളെ കിട്ടിയുള്ളു എന്നുപറഞ്ഞ് സങ്കടപ്പെട്ട ആളുമായിരുന്നില്ല ജോണി. കാര്യമായ കലാ പാരമ്പര്യം ഒന്നും ഇല്ലാത്ത സാധാരണ കുടുംബത്തിൽ ജനനം. 1978ന്റെ അവസാനം സിനിമയിലെത്തി. ഫുട്‌ബോൾ കളിക്കാരനായിരുന്ന ജോണി സ്‌പോർട്‌സിന്റെ പിൻബലത്തിലാണ് സിനിമയിലെത്തിത്. നാലു ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു.

1979ൽ പുറത്തെത്തിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ചുവട് വയ്ക്കുന്നത്. ആകെ രണ്ടു സീനുകൾ മാത്രമായിരുന്നു ആ ചിത്രത്തിൽ. പിന്നീട് 'അഗ്‌നിപർവതം' എന്ന സിനിമയിലേക്കു വിളിവന്നു. അതിനു പിന്നാലെ 'കഴുകൻ' എന്ന ജയൻ ചിത്രത്തിലേക്കു വിളിച്ചു. അതിൽ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. അതാണു വഴിത്തിരിവായത്.ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മികച്ച ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയാണ് കുണ്ടറ ജോണി. ആ നാളുകളെ കുറിച്ച് ജോണി പറഞ്ഞത് ഇങ്ങനെ:

'ഗോൾകീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 79ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണം.'

'നാടോടിക്കാറ്റിൽ ചെറിയ ഹാസ്യ വേഷമായിരുന്നു. ഡയലോഗ് പറയുമ്പോൾ ഞെട്ടലോടെയും പരിഭ്രമത്തോടെയും വേണമെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞിരുന്നത്, അതനുസരിച്ച് ചെയ്തപ്പോൾ അത് കോമഡിയായി. കൂടുതൽ സിനിമകൾ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. മോഹൻലാലിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാൽ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോൾ ഫൈറ്റ് സീനുകളിൽ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോൾ അവർ വന്ന് ക്ഷമ പറയാറുമുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളേ കിട്ടിയുള്ളൂവെന്നൊന്നും പറഞ്ഞ് വിഷമിക്കാനാകില്ല, സിനിമയില്ലാത്ത അവസരം ഇതുവരെയുണ്ടായിട്ടില്ല, നാലോ അഞ്ചോ സിനിമകളൊക്കെ വർഷത്തിൽ കിട്ടാറുണ്ട്'.-ജോണി പറഞ്ഞിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ആണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്തുകൊല്ലം ജില്ലാ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്‌നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പ്രധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി