- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിപ്പിച്ചും ചിരിക്ക് കൂട്ടിരുന്നും കടന്നുപോയ കോഴിക്കോടിന്റെ ഹാസ്യ സുൽത്താനെ ഒരുനോക്കുകാണാൻ ആരാധകപ്രവാഹം; കോഴിക്കോട് ടൗൺഹാളിൽ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാ തുറകളിലുള്ളവർ; 'എന്തൊരു വെറുപ്പിക്കലാണ്' എന്ന് പറയിച്ച ഒരൊറ്റ കഥാപാത്രം പോലുമില്ല എന്ന് സോഷ്യൽ മീഡിയയും; മാമുക്കോയയുടെ സംസ്‌കാരം നാളെ കണ്ണംപറമ്പിൽ
കോഴിക്കോട്: ചിരിയും ചിരിയിൽ അടങ്ങിയ ചിന്തയും ആവോളം പകർന്ന് വിടവാങ്ങിയ മലയാളികളുടെ പ്രിയ നടൻ മാമുക്കോയയ്ക്ക് നാനാതുറകളിൽ പെട്ടവരുടെ ആദരാഞ്ജലികൾ. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ സിനിമ- നാടക -സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളിൽ നിന്നടക്കം നിരവധിപ്പേരാണ് ആദരാഞ്ജലികളർപ്പിക്കുന്നത്. കോഴിക്കോടൻ ശൈലിയിലൂടെ മനം കവർന്ന തങ്ങളുടെ പ്രിയനടന് അന്ത്യാഭിവാദ്യങ്ങൾ നേരാൻ കോഴിക്കോട്ടുകാരും എത്തുന്നു.
76 വയസായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
സംസ്‌കാരം കണ്ണംപറമ്പ് ഖബർസ്ഥാനിൽ നാളെ നടക്കും. സുഹ്‌റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ്.
സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പുകളുടെ പ്രവാഹമാണ്
എഴുത്തുകാരൻ ബെന്യാമിന്റെ കുറിപ്പ്:
ധാരാളം സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പല പ്രമുഖരുടെയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ കോഴിക്കോടിനടുത്ത് ഒരു വായനശാലയുടെ ഉദ്ഘാടനത്തിനു മുഖ്യാഥിതിയായി വന്നത് മാമുക്കോയ ആയിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം എത്ര വ്യത്യസ്തവും ഉജ്ജ്വലവുമായിരുന്നു എന്ന് ഇപ്പോഴും ഓർക്കുന്നു. വെറുമൊരു ഹാസ്യനടൻ ആയിരുന്നില്ല മാമുക്കോയ, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്ന, സാമൂഹിക ബോധമുണ്ടായിരുന്ന, നല്ല സാഹിത്യാസ്വാദകനായിരുന്ന, ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. നമ്മെ പൊട്ടിച്ചിരിപ്പിച്ച നടനവൈഭവം മാത്രമല്ല, അദ്ദേഹത്തിന്റെ നിലപാടുകളും എക്കാലത്തും ഓർമ്മിക്കപ്പെടും. പ്രിയപ്പെട്ട മാമുക്കോയയ്ക്ക്
ആദരാഞ്ജലികൾ
സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന മറ്റൊരു കുറിപ്പ്
എന്തൊരു വെറുപ്പിക്കലാണ് ' എന്ന് പറയിച്ച ഒരൊറ്റ കഥാപാത്രം പോലുമില്ല. ' മാമുക്കോയ അങ്ങനെ പറഞ്ഞത് ശരിയായില്ല ' എന്ന് തോന്നിപ്പിച്ച ഒരൊറ്റ സന്ദർഭവുമില്ല....ചിരിച്ച്, ചിരിപ്പിച്ച്, ചിരിയുടെ രാഷ്ട്രീയം പറഞ്ഞ് കടന്ന് പോയൊരാൾ.... വിട..തഗ്ഗ് കളുടെ രാജാവിന്...Dear ഗഫൂർക്ക ദോസ്ത്...
എഴുത്തുകാരി ശാരദക്കുട്ടി ഇങ്ങനെ കുറിച്ചു
സൂപർതാരങ്ങളേക്കാൾ പ്രേക്ഷക മനസ്സുകളിൽ വളർന്ന എത്രയെത്ര അഭിനേതാക്കളാൽ സമൃദ്ധമാണ് മലയാള സിനിമ.സത്യൻ അന്തിക്കാടിന്റെ സിനിമാ വണ്ടിയിലെ സ്ഥിരം ചിരിക്കൂട്ടുകാർ ഓരോരുത്തരായി യാത്രയവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്നു.. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ , കെ.പി.എ.സി.ലളിത, ഫിലോമിന , ഇന്നസന്റ്. ഇപ്പോൾ ഇതാ മാമുക്കോയയും .
വിട പ്രിയപ്പെട്ട മാമുക്കോയക്ക് .
നടി സുരഭിയുടെ കുറിപ്പിന്റെ പൂർണരൂപം
''മാണ്ട'', ആ സീനിലെ ടൈമിങ്ങും നിഷ്‌കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും, അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു, 'പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ' കോഴിക്കോട്ൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറഞ്ഞു കളിയാക്കി , ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ. അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ..,.. കോഴിക്കോടിന്റെ, ഹാസ്യ സുൽത്താന് സ്‌നേഹത്തോടെ വിട...
ഹരീഷ് പേരടിയുടെ കുറിപ്പ്
90 കളുടെ മദ്ധ്യകാലം..നിലമ്പൂർ ബാലേട്ടൻ അനുസ്മരണത്തിന് പുതിയ നാടകങ്ങൾ നേർച്ച കൊടുക്കുകയെന്നത് കുളൂർമാഷിന്റെ നിർബന്ധമായിരുന്നു...ബാലേട്ടനോടുള്ള അടങ്ങാത്ത സ്‌നേഹം കാരണം മാമ്മുക്ക ഞങ്ങളുടെ എല്ലാ അരങ്ങേറ്റങ്ങളും കാണാൻ ആ ദിവസം മുന്നിലുണ്ടാവും...നാടകം കഴിഞ്ഞാൽ കോഴിക്കോടിന്റെ പഴയകാല നാടക ഊർജ്ജം മുഴുവൻ മൂപ്പര് പകർന്നു നൽകും...അത് ചരിത്രത്തിലൂടെയുള്ള രസകരമായ യാത്രയാണ്...അങ്ങിനെയാണ് ഞാൻ നേരിട്ട് കാണാത്ത പഴയകാല നാടക ചങ്കുകൾ മുഴുവൻ എന്റെ ചെങ്ങായിമാരായത്..പിന്നീട് ഞാൻ സിനിമയിൽ സജീവമായപ്പോഴും ഒരു കിലോമീറ്റർ ചുറ്റളവിൽ മൂപ്പര് ഉണ്ടെന്നറിഞ്ഞാൽ ഞാൻ എങ്ങിനെയെങ്കിലും എന്റെ മുറിയിൽ എത്തിക്കും...
മൂപ്പര് നടന്നുവരുമ്പോഴെ മാനാഞ്ചിറയും ടൗൺഹാളും ആർട്ടഗാലറിയും കല്ലായിപുഴയും കടപ്പുറവും ഒഴുകി വരുന്നതുപോലെയുള്ള അനുഭവമാണ് ...മാമ്മുക്ക അവിടെനിന്ന് ഇറങ്ങിപോയാലും ആ മുറി മുഴവൻ കോഴിക്കോടിന്റെ സുഗന്ധമായിരിക്കും...ഒരു നാടിനെ തന്റെ ശ്വാസത്തിൽ പോലും കൊണ്ടുനടന്ന ഒരു മനുഷ്യൻ..പച്ചയായ മനുഷ്യൻ..മാമ്മുക്ക നിങ്ങളോട് ഒരിക്കലും വിട പറയാൻ പറ്റുന്നില്ല..ഇത് അവസാനമായി കൂടി ചേർന്ന ഒരു ഓളവും തീരവും രാത്രി