- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് ഔട്ടിംഗിന് കല്ലടിത്തണ്ണി വെള്ളച്ചാട്ടത്തിൽ എത്തിയത് 11 അംഗ സംഘം; പാറ മേൽ ഇരുന്നപ്പോൾ കാൽ വഴുതി വീണ കൂട്ടുകാരിക്ക് കൈകൊടുക്കാൻ നോക്കിയെങ്കിലും കയത്തിലേക്ക് മുങ്ങിപ്പോയി; ലോ കോളേജ് വിദ്യാർത്ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലി
ചടയമംഗലം: ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ലോ കോളേജ് വിദ്യാർത്ഥിനിക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് നാട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ കിളിമാനൂരിൽ എത്തിച്ച മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ചശേഷം സംസ്‌ക്കരിച്ചു.കിളിമാന്നൂർ മഹാദേവേശ്വരം അനിതാസിൽ തുളസീയുടെയും അനിതയുടെയും മകൾ മീനു തുളസി (19) ആണ് ഇന്നലെ മരിച്ചത്. നാട്ടുകാർക്കും വീട്ടുകാർക്കും മീനുവിന്റെ മരണം ഉൾക്കൊള്ളനായിട്ടില്ല. മീനുവിന്റ അപ്രതീക്ഷിത വേർപാട് മഹാദേവേശ്വരം ഗ്രാമത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.
പഠനത്തിൽ മിടുക്കിയായിരുന്ന മീനു നാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. തിരുവനന്തപുരം ലോ കോളജ് രണ്ടാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് ഇത്തിക്കരയാറ്റിൽ പോരേടം കല്ലടത്തണ്ണി വട്ടത്തിൽ തങ്ങൾ വെള്ളച്ചാട്ടത്തിലാണു സംഭവം നടന്നത്. പനപ്പാംകുന്നിലുള്ള സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ ഉച്ച ഭക്ഷണം കഴിഞ്ഞ് ഇരുന്നപ്പോഴാണ് തൊട്ടടുത്ത വെള്ളചാട്ടത്തെ കുറിച്ച് വീട്ടുകാർ പറയുന്നത്. പ്രകൃതിഭംഗിയും വെള്ള ചാട്ടവും കാണാൻ ഒടുവിൽ എല്ലാർക്കും ധൃതിയായി. അങ്ങനെയാണ് വിദ്യാർത്ഥി സംഘം പോരേടം കല്ലടത്തണ്ണിയിൽ എത്തിയത്.
9 സഹപാഠികളും ബെർത്ത് ഡേ ആഘോഷിച്ച സുഹൃത്തും 10 വയസുള്ള സഹോദരിയും അടക്കമാണ് കല്ലടിത്തണ്ണി വെള്ളച്ചാട്ടത്തിൽ എത്തിയത്. അവിടെ പാറയ്ക്ക് മുകളിൽ ഇരിക്കവെയാണ് മീനു കാൽവഴുതി വീണത്. സഹപാഠികൾ കൈ കൊടുക്കാൻ നോക്കിയെങ്കിലും കയത്തിലേക്ക് മുങ്ങി പോകുകയായിരുന്നു.
മീനുവിനെ രക്ഷിക്കാൻ സഹപാഠികളായ രണ്ടു പേർ കൂടെ ചാടി. എന്നാൽ കയത്തിൽപ്പെട്ട മീനു കൂടുതൽ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. മറ്റു കൂട്ടുകാർ വിളിച്ച് ആളെ കൂട്ടിയെങ്കിലും മീനുവിനെ രക്ഷിക്കാനായില്ല. പിന്നീട് മീനുവിനെ അഗ്നിരക്ഷാസേനയും പൊലീസും കരയ്ക്ക് എത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമ വിദ്യാർത്ഥികളായ 4 പെൺകുട്ടികളും 7 ആൺകുട്ടികളും ആണ് ബെർത്ത്ഡേ പാർട്ടിക്ക് എത്തിയത്. മീനുവിന്റെ പിതാവ് ഒന്നര വർഷം മുൻപ് ഗൾഫിൽ നിന്ന് എത്തിയിട്ട് പിന്നീട് തിരികെ പോയില്ല. സഹോദരങ്ങൾ: ജാനു തുളസി, സാനു തുളസി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്