തിരുവനന്തപുരം: വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

കുറിപ്പ് ഇങ്ങനെ:

നിയമസഭാ സ്പീക്കർമാർക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാൻ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയിൽ എത്തി അദ്ദേഹത്തെ കാണുകയും, കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

താൻ നിയമസഭാ സ്പീക്കർ ആയിരുന്നപ്പോഴും, ഗവർണർ ആയിരുന്നപ്പോഴും, മന്ത്രിയായിരുന്നപ്പോഴും-, ഉള്ള തന്റെ ജീവിതാനുഭവങ്ങൾ ഏറെനേരം അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു.

2 തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. കൂടാതെ അദ്ദേഹം മിസോറാം ഗവർണറും ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

മുഖ്യമന്ത്രി

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.

വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു.

വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

കെ രാധാകൃഷ്ണൻ-മുൻ സ്പീക്കർ

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണൻ അനുശോചിച്ചു. പ്രഗത്ഭനായ ഒരു പാർലമെന്ററിയനായ വക്കം നിയമ നിർമ്മാണസഭയെ ഫലപ്രദമായി ഉപയോഗിച്ച കർക്കശക്കാരനായ സഭാ നാഥനായിരുന്നു. 2001 മുതൽ 2004 വരെ അദ്ദേഹം സ്പീക്കറായ സഭയിൽ ഞാൻ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. പൊതുരംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. - കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു. ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്. മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.