ഗാങ്്‌ടോക്ക്: സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യൻ സേനയിൽ പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്.

സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ടാണ് 16 സൈനികർ വീരമൃത്യു വരിച്ചത്.നോർത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 130 കിലോമീറ്റർ മാറി ഇന്ത്യ- ചൈന അതിർത്തിക്കടുത്ത് സേമയ്ക്കടുത്ത് വച്ച് സൈനികർ സഞ്ചരിച്ച വാഹനം തെന്നി മലയിടുക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്.

സേമ 3 ഏരിയയിലെ ഒരു വളവ് കടക്കുന്നതിനിടെ ട്രക്ക് നൂറിലധികം അടി താഴ്ചയുള്ള മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.16 സൈനികർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹെലികോപ്ടറിൽ വടക്കൻ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോർട്ടത്തിനായി ഗാങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് ശേഷം മൃതദേഹങ്ങൾ സൈന്യത്തിന് കൈമാറുമെന്നാണ് വിവരം.

സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

 



ബിജെപി വക്താവ് ജയ്വീർ ഷെർഗിലും ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ''വടക്കൻ സിക്കിമിൽ വാഹനാപകടത്തിൽ 16 സൈനികർ മരിച്ച വാർത്ത കേട്ടതിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു, ''അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നഷ്ടത്തിന്റെ ഈ വേളയിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതായി ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

മാതൃരാജ്യത്തിനായുള്ള അവരുടെ പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും രാജ്യം മുഴുവൻ നന്ദിയുള്ളവരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ട്വീറ്റ് ചെയ്തു. ''മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.''

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ട്വീറ്റ് 'നമ്മുടെ വീരസൈനികരുടെ കുടുംബങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.'