കൊല്ലം: കൊല്ലത്ത് ഇന്നലെ മുതൽ കാണാതായ വിദ്യാർത്ഥികൾ മരിച്ച നിലയിൽ. പട്ടാഴിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെയാണ് കല്ലടയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്. ഇവരെ കാണാതായതോടെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയെന്നാണ് ആദ്യം മാതാപിതാക്കൾ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് പൊലീസും, ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ പുഴയിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളുടെ മരണത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാടും നാട്ടുകാരും.