ലണ്ടൻ: ബ്രിട്ടനിൽ കാറിടിച്ചു മരിച്ച ആതിരയുടെ മൃതദേഹം നാളെ ജന്മാനാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ മാസം 22നു ലീഡ്‌സിൽ രാവിലെ യൂണിവേഴ്‌സിറ്റിയിൽ പോകാൻ ബസ് കാത്തു നിൽക്കവേയാണ് തിരുവനന്തപുരം സ്വദേശി ആതിരയെ കാറപകടത്തിൽ മരിച്ചത്. ചൊവാഴ്ച ബർമിങ്ഹാമിലെ ലീലീസ് ഫ്യൂണറൽ ഡിറക്ടറേറ്റ്ൽ നടന്ന പൊതുദർശനത്തിൽ ലീഡ്‌സിലെ ബന്ധു ഉൾപ്പെടെ ഏതാനും പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഏറെ മോഹങ്ങളുമായി എത്തിയ യുവതി വെറും ഒന്നര മാസം മാത്രമാണ് യുകെയിൽ ജീവിതം ചെലവിട്ടത്. നാളെ നാട്ടിലേക്കു യാത്രയാകുന്ന മൃതദേഹം ഞായറാഴ്ച രാവിലെ ബന്ധുക്കൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റുവാങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. അന്ന് തന്നെ സംസ്‌കാര കർമങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളും ബന്ധുക്കൾ നടത്തിയിട്ടുണ്ട്.

യുകെയിൽ അടിക്കടി മരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രാദേശിക ഓഫീസായ ബിർമിങ്ങാം കോൺസുലേറ്റ് നിരന്തര പരിശ്രമമാണ് ഏറ്റെടുത്തത്. സാധാരണ ഇന്ത്യൻ പാസ്പോർട് ഉള്ളവരുടെ കാര്യത്തിൽ ഹൈ കമ്മീഷൻ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾ മരണമടയുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റികളോട് അതിനുള്ള ചെലവ് ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയാണ് പതിവ്. ഡിസംബറിൽ ലിവർപൂളിൽ മരിച്ച കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്തത് ചെസ്റ്റർ യൂണിവേഴ്‌സിറ്റിയാണ്.

ഇപ്പോൾ ബിർമിങ്ഹാം കോൺസുലേറ്റിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്ന് ആതിരയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് ഏറ്റെടുത്തിരിക്കുന്നത് ലീഡ്സ് ബക്കറ്റ് യൂണിവേഴ്‌സിറ്റിയാണ്. മാത്രമല്ല ഇത്തരത്തിൽ മരണപ്പെടുന്ന വിദ്യാർത്ഥികൾ അടച്ച ഫീസ് മടക്കി നൽകുന്ന പതിവ് ഉള്ളതിനാൽ ആതിരയുടെ കാര്യത്തിലും സെമസ്റ്റർ ഫീസ് ഉൾപ്പെടെയുള്ള ചെലവ് മടക്കി നൽകും എന്നും യൂണിവേഴ്‌സിറ്റി അറിയിച്ചതായി സൂചനയുണ്ട്. യുകെയിൽ സാധാരണ നടക്കുന്ന പണപ്പിരിവ് ആവശ്യമില്ലെന്നു തുടക്കത്തിലേ കുടുംബം സൂചന നൽകിയിരുന്നു.

പ്രോജക്റ്റ് മാനേജ്‌മെന്റ് കോഴ്സ് പഠിക്കാൻ ജനുവരിയിലാണ് ആതിര ലീഡ്‌സിൽ എത്തുന്നത്. മസ്‌കറ്റിൽ ഉഗ്യോഗസ്ഥനായ ഭർത്താവ് രാഹുൽ, ഒന്നര വയസുള്ള മകൾ എന്നിവർ ചേർന്നതാണ് ആതിരയുടെ കുടുംബം. ഭർത്താവ് വിദേശത്തായതിനാൽ മകളെ അമ്മയെ ഏല്പിച്ചാണ് ആതിര യുകെയിലേക്കു എത്തുന്നത്. തിരുവനന്തപുരം തോന്നയ്ക്കൽ പാട്ടത്തിനകര അനിൽകുമാർ ലാലി ദമ്പതികളുടെ മകളാണ് ആതിര. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ അതിവേഗത്തിൽ പൂർത്തിയായതിനെ തുടർന്നാണ് രണ്ടാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനാകുന്നത്. ഇക്കാര്യത്തിൽ ലീഡ്സ് മലയാളി അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രാദേശിക മലയാളി സമൂഹം ഏറെ ശ്രമം നടത്തുകയും ചെയ്തിരുന്നു.