- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
തിരുവനന്തപുരം: പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി അപ്രതീക്ഷിതമായി വിടപറയുമ്പോൾ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയൽ ലോകം. സുധിയുടെ മരണത്തിൽ ദുഃഖിതനായി സഹപ്രവർത്തകൻ ഉല്ലാസ് പന്തളം ഉൽപ്പടെയുള്ള പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് എന്നാണ് ഉല്ലാസ് പന്തളം ഒരു ചാനലിന് നൽകിയ അനുശോചനത്തിൽ പറഞ്ഞത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ജൂൺ ഒന്നിന് ഒരു ഷൂട്ടിംഗിനായി ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും സഹപ്രവർത്തകനായ ഉല്ലാസ് സങ്കടത്തോടെ പറയുന്നു. സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹം എന്ന് ഉല്ലാസ് ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ ഷൂട്ടിൽ ഒന്നിച്ച് കൂടിയപ്പോൾ എന്റെ ജന്മദിനമായിരുന്നു.
അന്ന് ഞങ്ങൾ ഒന്നിച്ച് ആഘോഷിച്ചു. എന്നാൽ ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. പരിപാടികൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോൺ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നുവെന്ന് ഉല്ലാസ് ഓർക്കുന്നു.
ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ ഈ കലാകാരൻ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്ന സ്വപ്നം ബാക്കി വച്ചാണ്. കൊല്ലം സുധിയുടെ വിയോഗ വാർത്ത തനിക്ക് വല്ലാത്തൊരു ആഘാതമായെന്ന് നടി സാസ്വികയും പ്രതികരിച്ചു.
അതേസമയം കൊല്ലം സുധിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ വിദഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം.
മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ആളാണ് കൊല്ലം സുധി. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.