ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്.

സ്ത്രീ പൂജാരിണിയായുള്ള മണ്ണാറശാല നാഗരാജ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി മണ്ണാറശാല അമ്മയാണ്. കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂർ ഇല്ലം സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്മിണീ ദേവി അന്തർജനത്തിന്റെയും മകളായി കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നക്ഷത്രത്തിലാണ് ഉമാദേവി അന്തർജനം ജനിച്ചത്. 1949ൽ മണ്ണാറശാല എം.ജി. നാരായണൻ നമ്പൂതിരി വേളി കഴിച്ചതോടെയാണ്് മണ്ണാറശാല കുടുംബത്തിലെ അംഗമായത്. നാഗരാജാവിന്റെ മാതാവായാണ് മണ്ണാറശാല അമ്മയെ ഭക്തർ ആരാധിക്കുന്നത്.

മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശാലയിലെ പൂർവിക തലമുറയിൽപ്പെട്ട മാതാവിന്റെ പുത്രനായി നാഗരാജാവ് ജനിച്ചതായാണ് ഐതിഹ്യം. ഇവിടുത്തെ ഇല്ലത്തെ നിലവറയിൽ ആ പുത്രൻ ചിരംജീവിയായി കുടികൊള്ളുന്നതായാണ് വിശ്വാസം. മണ്ണാറശാലയിലെ ഏറ്റവും മുതിർന്ന അംഗത്തിന്റെ വേളിയാണ് വലിയമ്മ സ്ഥാനത്ത് അവരോധിതയാകുന്നത്. വലിയമ്മ സാവിത്രി അന്തർജനം സമാധിയായതിനെ തുടർന്ന് 1993ലാണ് ഉമാദേവി അന്തർജനം ചുമതലയേൽക്കുന്നത്.

കാർത്തികപള്ളി താലൂക്കിൽ ഡാണാപ്പടിയിൽ മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല. കുട്ടികൾ ഉണ്ടാവാനായി സ്ത്രീകൾ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ അവർ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കർമ്മങ്ങൾ നടത്തുന്നു. ഈ കർമ്മങ്ങൾക്ക് മിക്കപ്പോഴും വിശ്വാസികൾ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.