- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ ഉണ്ണി ആറന്മുള വിട പറയുമ്പോൾ
ചെങ്ങന്നൂർ: എൺപതുകളിൽ രണ്ട് മികച്ച മലയാള ചിത്രങ്ങളിലൂടെ വരവറിയിച്ച സംവിധായകൻ ഉണ്ണി ആറന്മുള (83) അന്തരിച്ചു. ചെങ്ങന്നൂർ വെള്ളാവൂരിലെ ലോഡജ് മുറിയിൽ ഇന്നലെ വൈകിട്ട് കുഴഞ്ഞു വീണ ഉണ്ണിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇടയാറന്മുള്ള കൈപ്പള്ളിൽ കുടുംബത്തിൽ ജനിച്ചു. സൈനിക ജോലി രാജി വച്ച് സിനിമ പിടിക്കാനിറങ്ങി. കൈവശമുള്ള സമ്പാദ്യമെല്ലാം സിനിമയ്ക്ക് ചെലവഴിച്ച ഉണ്ണി അവിവാഹിതനാണ്.
മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ആദ്യകാല വഴിത്തിരിവുകളിലൊന്നായ എതിർപ്പുകൾ എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തത് ഉണ്ണി ആറന്മുളയാണ്. 2021 ഫെബ്രുവരിയിൽ അവശനിലയിൽ ഏറെ നാൾ കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലാണ് ഉണ്ണി കഴിഞ്ഞിരുന്നത്. സിനിമയോട് അഭിനിവേശമായിരുന്നു ഉണ്ണിക്ക്. മൂന്നു ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്തു. മൂന്നിനും വലിയ വിജയമൊന്നും നേടാൻ കഴിഞ്ഞില്ല. സിനിമയെ പ്രണയിച്ച ഉണ്ണി വിവാഹം കഴിക്കാനും മറന്നു.
1980 കളിലാണ് സൈന്യത്തിലെ ഉയർന്ന ഉദ്യോഗവും വലിച്ചെറിഞ്ഞ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ഉണ്ണി ചെന്നൈയിലെ ആർ.കെ ലോഡ്ജിലേക്ക് ചേക്കേറുന്നത്. മമ്മൂട്ടി മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് വരുന്ന സമയമായിരുന്നു. ജയന്റെ മരണം കഴിഞ്ഞ് പകരക്കാരനായി രതീഷ് തിളങ്ങി നിൽക്കുന്നു. രതീഷിനെ നായകനാക്കി ഉണ്ണി തന്റെ ആദ്യ ചിത്രം തുടങ്ങി-എതിർപ്പുകൾ. മമ്മൂട്ടിയായിരുന്നു ഉപനായകൻ. സിനിമ നീണ്ടു പോയി. ഇതിനിടെ രതീഷിന്റെ മാർക്കറ്റ് ഇടിഞ്ഞു. മമ്മൂട്ടി നായക സ്ഥാനത്തേക്ക് പിച്ചവച്ചു കയറാൻ തുടങ്ങിയിരുന്നു. കഥയിൽ മാറ്റം വരുത്തി മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് എതിർപ്പുകൾ പൂർത്തിയാക്കിയത്. ഉർവശി ആയിരുന്നു നായിക.
ഉർവശിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു എതിർപ്പുകൾ. 1984 ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിലെ ഗാനങ്ങൾ ഹിറ്റായി. പാട്ടുകൾ എഴുതിയതും ഉണ്ണിയായിരുന്നു. അതിലെ മനസൊരു മായാപ്രപഞ്ചം, പൂ നുള്ളും കാറ്റേ എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ടി.എസ് രാധാകൃഷ്ണജിയായിരുന്നു സംഗീത സംവിധാനം. എതിർപ്പുകൾ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്മാറാൻ ഉണ്ണി ഒരുക്കമായിരുന്നില്ല. മുകേഷ്, ശിവജി എന്നിവരെ നായകന്മാരാക്കി സ്വർഗം എന്ന ചിത്രമാണ് അടുത്തതായി ഉണ്ണി എടുത്തത്. ആക്ഷേപഹാസ്യമായിരുന്നു ഇതിവൃത്തം. പടം വിജയിച്ചില്ല. ഇവിടെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ഉണ്ണിയുടെ വരികൾ ഗോപൻ ആണ് ചിട്ടപ്പെടുത്തിയത്. സ്വർഗത്തിന് ശേഷം വണ്ടിച്ചക്രം എന്നൊരു സിനിമ കൂടി ഉണ്ണിയുടേതായി വന്നു.
പടം പൊട്ടി കടം കയറിയപ്പോൾ കുടുംബ സ്വത്തുക്കൾ വിൽക്കേണ്ടി വന്നു. സൈന്യത്തിലെ ജോലിയും നഷ്ടപ്പെട്ടു.അവിവാഹിതനായ ഉണ്ണിക്ക് സിനിമയുടെ ദൂഷ്യവലയങ്ങളിൽപ്പെടാതെ ജീവിച്ചു. ജീവിത പ്രാരബ്ധം വർധിച്ചപ്പോൾ മമ്മൂട്ടിയെ കണ്ട് സങ്കടങ്ങൾ പറഞ്ഞു. വെറുതെ പണം സ്വീകരിക്കാൻ ഉണ്ണിയുടെ ആത്മാഭിമാനം അനുവദിച്ചില്ല.
മമ്മൂട്ടിയുടെ എറണാകുളത്തെ ഓഫീസിന്റെ ചുമതല നൽകി പ്രതിമാസ ശമ്പളവും കൊടുത്തു. എന്നാൽ പ്രായാധിക്യ രോഗങ്ങളാൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രി ചെലവുകൾ മമ്മൂട്ടിയും സുരേഷ് ഗോപിയും വഹിച്ചു. രോഗത്തിന് കുറവ് വന്നപ്പോൾ ആറന്മുളയിലെ കുടുംബ വീട്ടിൽ കൊണ്ടു വന്നു. അവിടെ പരിചരണത്തിന് ആരും തന്നെയുണ്ടായിരുന്നില്ല.
പ്രാഥമിക കൃത്യങ്ങൾക്ക് പോലും പരസഹായം വേണ്ട അവസ്ഥ. മലയാള സിനിമയ്ക്ക് വേണ്ടി തന്റെ ജീവിതവും, സമ്പത്തും നഷ്ടപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ഈ ദയനീയാവസ്ഥ മനസിലാക്കിയ ആറന്മുള പഞ്ചായത്ത് മെമ്പർ രമാ ദേവി വിവരം പ്രസിഡന്റിന്റെ ശ്രെദ്ധയിൽ പെടുത്തി. തുടർന്ന് ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി മുൻകൈ എടുത്താണ് കരുണാലയം അനാഥാലയത്തിലേക്ക് മാറ്റിയത്. അവിടുത്തെ ചികിൽസയും പരിചരണവും കൊണ്ട് ആരോഗ്യം വീണ്ടെടുത്തിരുന്നു. അതിനിടെയാണ് ഇപ്പോൾ മരണം.