തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിലെ ഇളയ തലമുറയിലെ അംഗമായിരുന്നു ശ്വേതാ ആർ നായർ. ദുബായിൽ സ്ഥിര താമസമാക്കിയ ആറ്റുകാൽ കുടുംബാഗം. ക്ഷേത്രകാര്യങ്ങളെ ഭക്തിയോടെ കണ്ട ഈ ട്രസ്റ്റിയുടെ വിയോഗ ദുഃഖത്തിലാണ് ആറ്റുകാൽ ഭരണ സമിതി.

ദുബായിൽ വെച്ച് കഴിഞ്ഞ ദിവസം അന്തരിച്ച ശ്വേതാ ആർ നായരുടെ സംസ്‌കാരചടങ്ങുകൾ പുത്തൽ കോട്ട ശ്മശാനത്തിൽ നടന്നു. ആറ്റുകാൽ ഭഗവതി ട്രസ്റ്റ് മുൻ സെക്രട്ടറി രാമചന്ദ്രൻനായരുടെയും ട്രസ്റ്റ് ജൂനിയർ സൂപ്രണ്ട് ലേഖയുടെയും മകളായിരുന്നു ശ്വേതാ ആർ നായർ. രാജേഷ് നായരാണ് ശ്വേതയുടെ ഭർത്താവ്. ശ്രദ്ധാ നായർ, ശയാന നായർ എന്നിവർ മക്കളാണ്.

കെ എസ് ഇ ബിയിലെ മുൻ ജീവനക്കാരനായിരുന്നു രാമചന്ദ്രൻ നായർ. കണക്ക് പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ. പത്തുകൊല്ലം മുമ്പ് രാമചന്ദ്രൻ നായർ ആറ്റുകാൽ ഭഗവതി ട്രസ്റ്റിന്റെ സെക്രട്ടറി ആയിരുന്നു. ജനകീയയായ പൊതുപ്രവർത്തകനും ട്രസ്റ്റ് അംഗവുമായിരുന്ന രാമചന്ദ്രൻനായരുടെ മരണത്തോടെയാണ് മൂത്ത മകളായ ശ്വേത ട്രസ്റ്റിലേക്ക് എത്തിയത്. അച്ഛൻ രാമചന്ദ്രൻ നായരേ പൊലെ തന്നെ അർബുദബാധിതയാണ് ശ്വേതയുടെ വിയോഗം.

സ്വിസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ്. ദുബായിൽ കുട്ടികളേയും നോക്കി വീട്ടമ്മയായി കഴിഞ്ഞിരുന്ന ശ്വേത ആറ്റുകാൽ ഭരണ സമിതിയുടെ കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്നു. ആറ്റുകാൽ ദേവി കുടുംബത്തിലെ ട്രസ്റ്റിയുടെ വിയോഗത്താൽ നടത്താനിരുന്ന ഓണപരുപാടികളും ആഘോഷവും ട്രസ്റ്റ് മാറ്റി വെച്ചു. യുവതിയായ ശ്വേതയുടെ അകാലവിയോഗം അക്ഷരാർത്ഥത്തിൽ ആറ്റുകാൽ ഭഗവതി ട്രസിറ്റിനെ സങ്കടത്തിലാഴ്‌ത്തി.

ആറ്റുകാൽ ക്ഷേത്രത്തിന് പിറകു വശത്താണ് ശ്വേതയുടേയും കുടുംബ വീട്. ഏറെ നാളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസിച്ചിരുന്നത്.