- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ പാട്ടുകാരിയാക്കാൻ ജോലി പോലും ഉപേക്ഷിച്ച ഭർത്താവ്; ഭർത്താവിന്റെ മരണശേഷം തനിച്ചായിട്ടും താമസസ്ഥലം മാറാത്തതും ഭർത്താവിന്റെ ഓർമ്മകളിൽ കഴിയാൻ; സംഗീതത്തിലെ താളവും ലയവും പോലെ ഇഴപിരിയാതിരുന്ന ജീവിതം; ഒടുവിൽ വാണിയമ്മ മടങ്ങിയതും വിവാഹവാർഷിക ദിനത്തിൽ
ചെന്നൈ: സംഗീത സാന്ദ്രമായ പ്രണയകഥപോലെയായി വാണിയമ്മയുടെ വിവാഹ ജീവിതവും. ജീവിതത്തിൽ വാണി നാദമായിരുന്നെങ്കിൽ താളമായിരുന്നു ജയറാം.സംഗീതത്തിലെ താളവും ലയവും പോലെ ഇരുവരും ഇഴപിരിയാതിരുന്നതിനാൽ തന്നെ കുട്ടികളുടെ അഭാവം പോലും ആ ജീവിതത്തെ ബാധിച്ചില്ല..
1968 ഫെബ്രുവരി 4 ന് ആയിരുന്നു വാണിയുടെയും ജയറാമിന്റെയും വിവാഹം.ജീവിതത്തിനു സ്വരവും ഈണവും നൽകിയ ഭർത്താവ് മരിച്ച് 5 വർഷങ്ങൾക്കുശേഷം വാണി വിടപറയുന്നതും മറ്റൊരു ഫെബ്രുവരി 4ന്..അവരുടെ നിത്യപ്രണയത്തിന് യാദൃശ്ചികതയാവാം ഇത്.
ഇരുവരും പരസ്പരം 'ജി' എന്നാണു വിളിച്ചിരുന്നത് വാണിജിയും ജയറാംജിയും.തന്റെ ജീവിതത്തെക്കാൾ പങ്കാളിയുടെ സ്വരങ്ങൾക്കായി ഉയിരു നൽകിയ മുംബൈ സ്വദേശി ടി.എസ്. ജയറാമില്ലായിരുന്നെങ്കിൽ വാണിയുടെ ശബ്ദം ഈ ലോകം കേൾക്കുമായിരുന്നില്ല.ഇൻഡോ ബൽജിയം ചേംബർ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന ജയറാമാണു വിവാഹശേഷം ബാങ്ക് ജോലിയുടെ തിരക്കിലേക്കു മാറിയ വാണിയുടെ കൈപിടിച്ച് വീണ്ടും സംഗീതത്തിനു മുന്നിലെത്തിച്ചത്.
ഹിന്ദുസ്ഥാനിയിലും കർണാടക സംഗീതത്തിലും പരിശീലനം പൂർത്തിയാക്കി, 1969 ൽ ബോംബെയിലെ നിറഞ്ഞ സദസ്സിനു മുന്നിൽ വീണ്ടും വാണീ നാദം പെയ്തു നിറഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളുമായി ജയറാമും ആ സദസ്സിലുണ്ടായിരുന്നു.തന്റെ ജോലി വാണിയുടെ സംഗീതത്തിനു തടസ്സമാകുമെന്നു ബോധ്യപ്പെട്ടതോടെ അതും ഉപേക്ഷിക്കാൻ ജയറാം മടിച്ചില്ല. ഷോപ്പിങ്ങും പാചകവും യാത്രകളുമെല്ലാം ഒന്നിച്ച്.
2018ൽ അപ്രതീക്ഷിതമായി ജയറാം മരിച്ചപ്പോൾ ഈ വലിയ ലോകത്ത് ഒന്നും ചെയ്യാനില്ലാത്തതുപോലെയായി വാണി. ബന്ധുക്കളും മറ്റും വിളിച്ചെങ്കിലും ഭർത്താവിന്റെ ഓർമകളുള്ള ഫ്‌ളാറ്റിൽനിന്ന് മാറിനിൽക്കാൻ വാണി ഇഷ്ടപ്പെട്ടില്ല.ജോലിക്കാരിയായ മലർക്കൊടിയായിരുന്നു 10 വർഷമായി സഹായത്തിന്.ആദ്യമൊക്കെ വെറുതേയിരുന്നു സമയം തള്ളി. നുങ്കംപാക്കം ഹാഡോസ് റോഡിലെ സി2 ഫ്‌ളാറ്റിൽ താൻ ഒന്നും ചെയ്യാതെ വിഷമിച്ചിരിക്കുന്നതു ജയറാമിന് ഇഷ്ടമല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം വീണ്ടും സ്വരങ്ങൾക്കു ജീവൻവച്ചു.
സംഗീതം മാത്രമല്ല ചിത്രം വരയും പെയിന്റിങ്ങും എംബ്രോയ്ഡറിയും കവിതയെഴുത്തുമൊക്കെ വാണി ജയറാമിന്റെ ഇഷ്ട വിനോദങ്ങളായിരുന്നു. രാത്രി വൈകുവോളം പുസ്തകം വായിച്ചിരിക്കാനും അവർ ഇഷ്ടപ്പെട്ടു.ശനിയാഴ്‌ച്ച രാവിലെ നുങ്കംപാക്കത്തെ വീട്ടിലായിരുന്നു അന്ത്യം.
മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. പാട്ടുലോകത്തിന്റെ നഷ്ടമാണ് വാണി ജയറാമിന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴുമണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കംപാക്കത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധിപേർ ആദരാഞ്ജലികളർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു. വാണി ജയറാമിന്റെ മരണത്തോടെ ഗുരുനാഥയെയാണ് നഷ്ടമായതെന്ന് ഗായിക ശ്വേത മോഹൻ പ്രതികരിച്ചു.