- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ; അമിത വേഗമല്ലേ എന്നു ബസ് ജീവനക്കാരോട് ചോദിച്ചപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു മറുപടി; ദാരുണ ദുരന്തത്തിലേക്ക് നയിച്ചത് അമിത വേഗമെന്ന് വിദ്യാർത്ഥികളും; ഊട്ടിയിലേക്കുള്ള വിനോദ യാത്ര ദുരന്തയാത്ര ആയതിന്റെ ഞെട്ടലിൽ രക്ഷപെട്ട വിദ്യാർത്ഥികൾ
പാലക്കാട്: ആഘോഷത്തോടെ ആർത്തുല്ലസിച്ചുകൊണ്ടുള്ള വിനോദയാത്രയിലായിരുന്നു അവർ. പൊടുന്നനെയാണ് ഉറ്റ കൂട്ടുകാരെ നഷ്ടമാക്കിയ ദുരന്തയാത്രയായി ഇത് മാറിയത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കെസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുടെയും ജീവനാണ് നഷ്ടമായത്. ഏഴു പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്. യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ ആയിരുന്നു എന്നാണ് അപകടത്തെ അതിജീവിച്ച വിദ്യാർത്ഥികൾ പറഞ്ഞത്. അമിതവേഗമല്ലേ എന്ന് വിദ്യാർത്ഥികൾ ബസ് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാൽ, പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു മറുപടി ലഭിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സുമേഷും വ്യക്തമാക്കി. ഓവർടേക്ക് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടശേഷം ബസ് നിർത്താൻ വളരെ പണിപ്പെടേണ്ടി വന്നുവെന്നും കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. ബസിൽ ഇടിച്ച് തലകീഴായി മറിയുകയാണ് ഉണ്ടായത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായാണ് സൂക്ഷിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു. അദ്ധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട് അദ്ധ്യാപകരും ഒരു വിദ്യാർത്ഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.
പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി). തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18).