- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യോപചാരം അർപ്പിക്കാൻ വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും; ഓഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12ന് കെപിസിസിയിൽ; തുടർന്ന് വിലാപയാത്രയായി ആറ്റിങ്ങലിലേക്ക്; സംസ്‌കാരം ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പിൽ; മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി; ശക്തനായ നേതാവിനെ നഷ്ടമായെന്ന് കെ സുധാകരൻ
തിരുവനനന്തപുരം: മുൻ ഗവർണ്ണറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്ന് കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. വക്കം പുരുഷോത്തമന്റെ ഭൗതികശരീരം ഓഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ കെപിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഭൗതിക ശരീരത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യം കെപിസിസിയിൽ സജ്ജീകരിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്,എംപിമാർ,എംഎൽഎമാർ ഉൾപ്പെടെ കോൺഗ്രസിന്റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അർപ്പിക്കും.
കുമാരപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ഓഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം ഡിസിസിയിലെത്തിക്കും. തുടർന്ന് കെപിസിസിയിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. ആറ്റിങ്ങൽ കച്ചേരിനടയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ ഉച്ചയ്ക്ക് 1.30ന് പൊതുദർശനം. വക്കം പുരുഷോത്തമന്റെ കർമ്മമണ്ഡലം കൂടിയായ ആറ്റിങ്ങലിലെ പൊതുദർശന ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വക്കത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
ശക്തനായ നേതാവിനെ നഷ്ടമായെന്ന് കെ സുധാകരൻ
ശക്തനായ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്. ഗവർണ്ണറായും മന്ത്രിയായും സ്പീക്കറായും ശോഭിച്ച അദ്ദേഹം കേരളം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു. സ്പീക്കർ പദവിയിലിരിക്കെ സഭയുടെ അന്തസ്സും ഗൗരവവും ഉയർത്തിപിടിക്കാൻ അദ്ദേഹത്തിനായി.കർക്കശമായ നിലപാടുകൾ പുലർത്തുമ്പോഴും സൗമ്യമായ പെരുമാറ്റമായിരുന്നു. താൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മാർഗദർശിയായ പൊതുപ്രവർത്തകൻ, കറകളഞ്ഞ മതേതരവിശ്വാസി, കോൺഗ്രസ് പാർട്ടിയുടെ ചട്ടക്കൂടിൽ അച്ചടക്കത്തോടെ എന്നും പ്രവർത്തിച്ച നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനായിരുന്നു വക്കം. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. എനിക്ക് അദ്ദേഹവുമായി ദീർഘകാലത്തെ ആത്മബന്ധമാണുള്ളത്. വക്കം പുരുഷോത്തമന്റെ വിയോഗത്തിലൂടെ കേരളത്തിന് മികച്ച പൊതുപ്രവർത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.