തിരുവനന്തപുരം: മന്ത്രിയും സ്പീക്കറും ഗവർണറും ഒക്കെയായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വക്കം പുരുഷോത്തമൻ പക്ഷെ മുഖ്യമന്ത്രിയായിട്ടില്ല. എന്നാൽ കുറച്ചുകാലം മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അന്ന് അദ്ദേഹം താമസിച്ചത് ക്ലിഫ്ഹൗസിലായിരുന്നു. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയതിന് ശേഷം അവിടെ താമസിച്ചിട്ടുള്ള മുഖ്യമന്ത്രിയല്ലാത്ത ഏകവ്യക്തിയെന്ന അപൂർവ നേട്ടവും ഇതോടെ വക്കം പുരുഷോത്തമന്റെ പേരിലായി.

2006 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വിറ്റ്സർലൻഡിലെ ദാവോസിൽവച്ച് വീണ് പരിക്കേൽക്കുകയും അദ്ദേഹം ചികിത്സയിലാവുകയും ചെയ്തു. അക്കാലത്താണ് മുഖ്യമന്ത്രിയുടെ ചുമതല വക്കത്തിന് കൈമാറുകയും അദ്ദേഹം മുഖ്യമന്ത്രി ആകാതെതന്നെ ക്ലിഫ് ഹൗസിൽ താമസിക്കുകയും ചെയ്തത്.

വേൾഡ് എക്കണോമിക് ഫോറത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഉമ്മൻ ചാണ്ടിക്ക് സ്വിറ്റ്സർലൻഡിൽവച്ച് മഞ്ഞിൽ തെന്നിവീണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹം ദാവോസിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് കുറച്ചുകാലം വിശ്രമത്തിലും ആയിരുന്നു.

ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ വക്കം പുരുഷോത്തമന് കൈമാറിയത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ ചുമതല വക്കം ആണ് വഹിച്ചിരുന്നത്. മുന്മന്ത്രിസഭകളിൽ കൃഷി, തൊഴിൽ, ആരോഗ്യം, ടൂറിസം വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു.

സ്പീക്കറായും ലോക്സഭാംഗമായും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്. ജനറലായും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. എഐസിസി അംഗമായി കാൽ നൂറ്റാണ്ടോളമാണ് അദ്ദേഹം പ്രവർത്തിച്ചത്.


തൊഴിൽമന്ത്രിയായിരിക്കെ രാജ്യത്ത് ആദ്യമായി ഒരു കർഷകത്തൊഴിലാളി നിയമം കേരള നിയമസഭ പാസാക്കുന്നത് വക്കം പുരുഷോത്തമൻ തൊഴിൽമന്ത്രിയായിരിക്കുമ്പോഴാണ്. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന നിയമം സംസ്ഥാന തൊഴിൽ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്.

ചുമട്ടുതൊഴിലാളിക്ക് തൊഴിൽ സുരക്ഷ നൽകുന്ന ചുമട്ടുതൊഴിലാളി നിയമത്തിനു രൂപം നൽകുന്നതും വക്കം തൊഴിൽമന്ത്രിയായിരുന്നപ്പോഴാണ്. ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടി ദുരുപയോഗം ചെയ്യാതിരിക്കാൻ, സസ്‌പെൻഷനിലാകുന്ന ജീവനക്കാർക്ക് പകുതി ശമ്പളം നൽകണമെന്ന വ്യവസ്ഥ ആവിഷ്‌കരിച്ചതും വക്കം പുരുഷോത്തമനാണ്.

നായനാർ മന്ത്രിസഭയിൽ വിനോദസഞ്ചാര മന്ത്രിയായിരിക്കുമ്പോൾ ഏറെ വിപുലമായി അദ്ദേഹം നടത്തിയ ഓണാഘോഷപരിപാടിയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ വർഷംതോറും സർക്കാർ ഓണാഘോഷ പരിപാടികൾ നടത്തുന്ന പതിവുണ്ടായത്.

ആലപ്പുഴയിൽ തരിശുകിടന്ന ആയിരം ഏക്കർ പാടത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു സർക്കാർ കൃഷിയിറക്കിയ വിപ്ലവകരമായ സംഭവം നടന്നത് കൃഷ്മന്ത്രിയായിരുന്ന വക്കത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ റഫറൽ സമ്പ്രദായം നടപ്പാക്കിയതും വക്കം പുരുഷോത്തമനാണ്. ഡൽഹിയിൽ ആഡംബര സൗകര്യങ്ങളോടെ കേരളഹൗസ് നിർമ്മിച്ചതും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സർക്കാർ ഗസ്റ്റഹൗസുകൾ നിർമ്മിച്ചതും വക്കത്തിന്റെ നേതൃത്വത്തിലായിരുന്നു.