- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർമാരിലെ പുലി; സഭാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്ന കണിശക്കാരൻ; രാഷ്ട്രീയത്തിൽ പ്രായമായാൽ കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്ന് വിശ്വസിച്ച നേതാവ്; വെള്ളാപ്പള്ളി നടേശനോട് പന്തയത്തിൽ തോറ്റപ്പോൾ വീട്ടിലെത്തി നവരത്‌നം പതിച്ച സ്വർണമോതിരം സമ്മാനിച്ച് വാക്കുപാലിച്ച സത്യവാദി; വക്കം പുരുഷോത്തമനെ ഓർക്കുമ്പോൾ
തിരുവനന്തപുരം: സജീവ രാഷ്ടീയത്തിൽ നിന്നും വിരമിച്ച ശേഷമുള്ള വിശ്രമകാലത്തും രാഷ്ട്രീയ കാര്യങ്ങളിൽ തികഞ്ഞ ശ്രദ്ധാലുവായിരുന്നു 96 കാരനായ വക്കം പുരുഷോത്തമൻ. തിരുവനന്തപുരത്ത് കുമാരപുരം പൊതുജനം റോഡിലെ വീട്ടിലായിരുന്നു താമസം. ജീവിത ശൈലി രോഗങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. പത്രം വായനയും, ചാനൽ കാഴ്ചയുമായി രാഷ്ട്രീയത്തിലെ സമകാലിക വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
രാഷ്ട്രീയത്തിലും വിരമിക്കൽ പ്രായം വേണമെന്നും, പ്രായമായാൽ പിന്നെ കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ശരിയല്ലെന്നും, താൻ അതിന് എതിരാണെന്നും അദ്ദേഹം തന്റെ 95 ാം പിറന്നാൾ വേളയിൽ പറഞ്ഞിരുന്നു. അവരവരുടെ നിലനിൽപ്പിന് വേണ്ടിയാണ് ഗ്രൂപ്പ്, അത് പാർട്ടിയുടെ നാശത്തിന് വേണ്ടിയാകരുത്. ചില സമയത്ത് തനിക്കും ഗ്രൂപ്പിനൊപ്പം നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. ആൻഡമാനിൽ ലഫ്്റ്റനന്റ് ഗവർണറായിരുന്ന കാലത്താണ്, തൃപ്തികരമായി പ്രവർത്തിക്കാൻ സാധിച്ചതെന്നും, ആ സമയത്ത് നിരവധി വികസന പ്രവർത്തനങ്ങൾ അവിടെ നടത്താൻ സാധിച്ചെന്നും അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ലഫ്റ്റനന്റ് ഗവർണർ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹം (1993-1996), മിസോറാം ഗവർണർ (2011-2014), ത്രിപുര ഗവർണർ (2014) എന്നീ ചുമതലകളാണ് വഹിച്ചത്. ഒരു ഗവർണർക്ക് എങ്ങനെ ജനകീയനാകാൻ കഴിയുമെന്ന് വക്കം പുരുഷോത്തമൻ തെളിയിച്ചു. ആൻഡമാൻ നിക്കോബാർ ഗവർണറായിരുന്ന കാലത്ത് ദിവസവും രാവിലെ ജനങ്ങളുടെ പരാതി കേട്ട് പരിഹാരം കണ്ടെത്തുമായിരുന്നു.
രാഷ്ട്രീയത്തിൽ പ്രായോഗിക ബുദ്ധി കാട്ടിയ നേതാവ്
ബാറുകൾ പൂട്ടണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നയത്തിനെതിരെ വക്കം പുരുഷോത്തമൻ മുൻപ് രംഗത്ത് വന്നിരുന്നു. ബാറുകൾ അടച്ചിട്ടതുകോണ്ട് ആളുകൾ മദ്യപിക്കുന്നത് നിറുത്തില്ല അതുകൊണ്ട് തന്നെ സമ്പൂർണ മദ്യനിരോധനം പ്രയോഗികമായ കാര്യമല്ല. ആദർശപരമായ നിലപാടുകൾ രാഷ്ട്രീയത്തിന് ആവശ്യമാണെന്നും എന്നാൽ അത് പ്രയോഗികം ആണോയെന്ന് കൂടി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം ആദർശത്തിന് അയവുവരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്പീക്കർ സ്ഥാനം നിയോജകമണ്ഡലത്തിലെ തന്റെ വികസനപ്രവർത്തനത്തെ ബാധിച്ചുവെന്ന ജി കാർത്തികേയന്റെ അഭിപ്രായത്തെയും വക്കം അന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തള്ളിക്കളഞ്ഞിരുന്നു. സ്പീക്കർ സ്ഥാനത്തിരുന്നുകൊണ്ട് വികസനം നടത്താനാകുമെന്നും തനിക്ക് ഇങ്ങനെ പ്രവർത്തിച്ച് പരിചയമുണ്ടെന്നും വക്കം പറഞ്ഞിരുന്ന.ു.
സ്പീക്കർമാരിലെ പുലി
കേരളം കണ്ട മികച്ച സ്പീക്കറും ഭരണാധികാരിയുമായിരുന്നു. വക്കം ബി. പുരുഷോത്തമൻ. തിരുവനന്തപുരം ബാറിലെ തിരക്കുള്ള ക്രിമിനൽ അഭിഭാഷകനായിരുന്ന വക്കത്തിനെ മുൻ മുഖ്യമന്ത്രി ആർ. ശങ്കറാണ് കോൺഗ്രസിലേക്ക് കൊണ്ടുവന്നത്. മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേട്ടുതീരുമാനം എടുക്കുന്നയാളായിരുന്നില്ല അദ്ദേഹം. ഉദ്യോഗസ്ഥർക്ക് കൃത്യമായി കടിഞ്ഞാണിട്ട് കൊണ്ടാണ് വക്കം കൃഷി തൊഴിൽ-നിയമ വകുപ്പുകൾ കൈയാളിയത്. മുഷിവുണ്ടാക്കുന്നതായാലും അല്ലങ്കിലും അഭിപ്രായങ്ങൾ വെട്ടിത്തുറന്നുപറയും. 1980 ൽ ആരോഗ്യ-ടൂറിസം മന്ത്രിയായിരിക്കെ ആ വകുപ്പുകളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടു.
പലവേഷങ്ങളിൽ വന്നെങ്കിലും, മികച്ച സ്പീക്കർ എന്ന നിലയിലാണ് അദ്ദേഹം പെരെടുത്തത്. സഭാനടപടികൾ വലിച്ചുനീട്ടാതെ, കൃത്യസമയത്ത് പൂർത്തിയാക്കാനും മികവ് കാട്ടി. ഭരണ- പ്രതിപക്ഷ ഭേദം കാട്ടാതെ അദ്ദേഹം സഭയിൽ അച്ചടക്കം നിലനിർത്തി. കർക്കശക്കാരനായ സ്പീക്കർ എന്നും പലരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
വെള്ളാപ്പള്ളിയോട് പന്തയത്തിൽ തോറ്റപ്പോൾ വാക്കുപാലിച്ചു
സാധാരണ രാഷ്ട്രീയത്തിലെ പന്തയം വപ്പൊക്കെ തമാശയ്ക്കാണ്. അതുപാലിക്കുന്നതിനെ കുറിച്ച് ആരും ബേജാറാകാറുമില്ല. എന്നാൽ, 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടുന്ന സീറ്റുകളെ ചൊല്ലി വക്കവും വെള്ളാപ്പള്ളി നടേശനും തമ്മിൽ പന്തയം വച്ചു. കേരളചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ മത്സരം. നാലുസീറ്റാണ് എൽഡിഎഫിനെക്കാൾ കൂടുതലായി അന്ന് ഭരണത്തിലേറിയ യുഡിഎഫ് നേടിയത്.
പന്തയത്തിൽ തോറ്റാൽ, ജയിച്ച ആളുടെ വീട്ടിലെത്തി സ്വർണമോതിരം സമ്മാനിക്കണം എന്നായിരുന്നു ധാരണ.
യു ഡി എഫ് അത്തവണ 85-നു മുകളിൽ സീറ്റ് നേടുമെന്നായിരുന്നു വക്കത്തിന്റെ പന്തയം. യു ഡി എഫ് 75 സീറ്റിൽ താഴെ മാത്രമേ നേടുകയുള്ളൂ എന്ന് വെള്ളാപ്പള്ളിയും. ഫലം വന്നപ്പോൾ, യുഡിഎഫിന് 73 സീറ്റ്. എൽഡിഎഫിന് 67 ഉം. അങ്ങനെ വക്കം പന്തയത്തിൽ തോറ്റു.
സമ്മാനവുമായി വക്കം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. രണ്ട് പവനോളം തൂക്കം വരുന്ന, നവരത്‌നം പതിച്ച മോതിരം വക്കം വെള്ളാപ്പള്ളിയുടെ വിരലിൽ അണിയിച്ചു. പന്തയത്തിൽ തോറ്റതിൽ വിഷമമുണ്ട്. പക്ഷേ സ്വർണത്തേക്കാൾ വില വാക്കിനാണല്ലോ എന്നാണ് വക്കം അന്നുപ്രതികരിച്ചത്.