- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ച് തവണ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല; ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല; പൊലീസിൽ അറിയിച്ചു; മുറിക്കുള്ളിൽ തറയിൽ മൃതദേഹം കിടക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി വാണി ജയറാമിന്റെ വീട്ടുജോലിക്കാരി; സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തിൽ വച്ച് നടക്കും. സിനിമാപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്.
ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ ഗായികയെ കണ്ടെത്തിയത് . ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായിരുന്ന യുവതി രാവിലെ ജോലിക്ക് വന്നപ്പോൾ, ബെല്ലടിച്ചിട്ടും ഫോൺ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കടന്നപ്പോൾ വാണി ജയറാമിനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. രാത്രി എഴുന്നേറ്റപ്പോൾ വീണ് മേശയിൽ തലയിടിച്ച് പരുക്കേറ്റതെന്ന് പൊലീസ് നിഗമനം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചതിന് ശേഷം മരണം സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു.
അതിനിടെ ഗായിക വാണി ജയറാമിന്റെ മരണത്തിൽ പ്രതികരണവുമായി ചെന്നൈയിലെ വസതിയിലെ വീട്ടുജോലിക്കാരിയായ മലർകൊടി രംഗത്തെത്തി. രാവിലെ ജോലിക്ക് വന്നപ്പോൾ, ബെല്ലടിച്ചിട്ടും ഫോൺ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മുറിയിൽ തറയിൽ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹമെന്ന് അവർ അറിയിച്ചു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പത്തേ മുക്കാലിന് താൻ ജോലിക്കെത്തി. ആദ്യ ബെല്ലടിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. വീണ്ടും ബെല്ലടിച്ചു നോക്കി. ഫോൺ വിളിച്ചു നോക്കിയപ്പോഴും എടുത്തില്ല. തുടർന്ന് അയൽവാസികളെ അറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയുമായിരുന്നു. മുറിയിൽ തറയിൽ വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നും അവർ പറഞ്ഞു. വാണി ജയറാമിന്റെ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
വാണി ജയറാമിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മലർകൊടി പറയുന്നു. പത്മഭൂഷൺ ലഭിച്ചതിനു പിന്നാലെ എല്ലാ ദിവസവും ആളുകൾ നേരിട്ടെത്തി ആശംസകൾ അറിയിക്കാറുണ്ട്. നിരവധി ഫോൺകോളുകളും വരാറുണ്ടായിരുന്നെന്ന് മലർകൊടി വ്യക്തമാക്കി.
''അവർ തനിച്ചാണ് താമസം. കഴിഞ്ഞ 10 വർഷമായി ആ വീട്ടിലെ എല്ലാ ജോലികളും ഞാൻ തന്നെയാണ് ചെയ്യുന്നത്. രാവിലെ 10.15ന് വന്നാൽ ജോലിയെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചുപോകും. ഇന്ന് ഞാൻ 10.45ന് എത്തി അഞ്ച് തവണ കോളിങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഞാൻ ഭർത്താവിനെ വിളിച്ച് അവരെ വിളിക്കാൻ പറഞ്ഞു. അപ്പോഴും അവർ ഫോൺ എടുത്തില്ല.'
''പിന്നീട് താഴത്തെ നിലയിലെ മാലതിയമ്മയെ വിളിച്ച് കാര്യം പറയുകയും എല്ലാവരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അവർ കിടപ്പുമുറിയിൽ താഴെ വീണുകിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. എന്റെ അമ്മയെ പോലെയാണ് അവർ. ഒരു അമ്മമകൾ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. എന്നോട് കുറേ സംസാരിക്കുമായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഞാനാണ് വാങ്ങിയിരുന്നത്.' മലർകൊടി പറഞ്ഞു.