ചെന്നൈ: പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. തലചുറ്റി വീണതാകാം മരണ കാരണമെന്നാണ് നിഗമനം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതു കൊണ്ടു തന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.

ബന്ധുക്കൾ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കടന്നപ്പോൾ വാണി ജയറാമിനെ നിലത്തുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയയിൽ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തലചുറ്റി വീണ വാണി ജയറാം വീട്ടിൽ ഒറ്റയ്ക്കായതു കൊണ്ട് തന്നെ ആരുടേയും സഹായം ലഭിച്ചില്ല. ഇത് മരണ കാരണമായി എന്നാണ് പൊലീസ് വിലയിരുത്തൽ. മറ്റ് ദുരൂഹതയൊന്നും ഈ മരണത്തിൽ പൊലീസ് കാണുന്നില്ല.

വാണി ജയറാമിന് ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945 ലാണ് വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ അവരെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ.

1971 ൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വാണി ജയറാം പ്രശസ്തയായി. വസന്ത് ദേശായിയുടേതായിരുന്നു ആ ഗാനത്തിന്റെ സംഗീതം. 1974 ൽ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷം ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലെല്ലാം അവർ സജീവമായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. 'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.

ഈ ചിത്രത്തിലെ 'സൗരയൂഥത്തിൽ വിടർന്നൊരു..' എന്ന ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു. തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നിവരുടെയെല്ലാം ഗാനങ്ങൾക്ക് വാണി ജയറാം ശബ്ദമേകി.