- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിത്തിരയിൽ അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകൻ; ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞും തമിഴക ഹൃദയത്തിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ പ്രതിപക്ഷ നേതാവായതും അതിവേഗം; പാർട്ടിക്ക് തുടർവിജയങ്ങൾ അന്യമായതോടെ രാഷ്ട്രീയത്തിലും മങ്ങി; ക്യാപ്ടൻ വിടവാങ്ങുമ്പോൾ
ചെന്നൈ: സിനിമയും രാഷ്ട്രീയവും ഇഴകലർന്നു കിടക്കുന്ന തമിഴാക രാഷ്ട്രീയത്തിൽ വിജയ് കാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അതിൽ ആർക്കും അത്ഭുതം തോന്നിയല്ല. സൂപ്പർസ്റ്റാർ രജനീകാന്ത് പോലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിച്ചു നിന്ന കാലത്താണ് വിജയ് കാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതും ഒരു തവണ പ്രതിപക്ഷ നേതാവായും മാറിയത്. എന്നാൽ, വിജയ്കാന്തിന്റെ അനാരോഗ്യങ്ങൾ കാരണം രാഷ്ട്രീയത്തിൽ തുടർവിജയങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിക്ക് ആവർത്തിക്കാൻ സാധിച്ചില്ല. ഇതോടെ തുടർന്നിങ്ങോട്ടുള്ള രാഷ്ട്രീയ നീക്കങ്ങളെല്ലാം പിഴയ്ക്കുകയായിരുന്നു.
സിനിമയിലെ ഫാൻ ബേസ് തന്നെയാണ് വിജയ് കാന്തിനെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതും. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരമായിരുന്നു വിജയ്കാന്ത്. ഇതോടെ ആരാധകർ ക്യാപ്ടനെന്നും വിളിപ്പേരു നൽകി അദ്ദേഹത്തിന്. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്.
തുടർന്നിങ്ങോട്ട് വിജയചിത്രങ്ങൾ നിരവധി വിജയ് കാന്തിൻേതായി എത്തി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന 'ക്ഷോഭിക്കുന്ന യുവാവിനെ' തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്‌നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.

പിന്നാലെ, ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്‌ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു നായകൻ.

ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ് വിജയ് കാന്ത്. 2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവുമായി. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു.

അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്. ഭാര്യ പ്രേമലതയെ രാഷ്ട്രീയ പാർട്ടിയുടെ ചുമതല ഏൽപ്പിച്ചത് അടുത്തിടെയാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്താനവും ഇതോടെ അസ്തമിക്കാനാണ് സാധ്യത. മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.




