വൈജ്ഞാനിക സാഹിത്യശാഖയിൽ ലക്ഷണമൊത്ത രീതിശാസ്ത്രം ഉപയോഗിച്ച് കലാപഠനങ്ങൾ മലയാളത്തിൽ എഴുതിയ കലാനിരൂപകനും ഗ്രന്ഥകർത്താവും ചിത്രകലാ അദ്ധ്യാപകനുമായ പ്രഫ വിജയകുമാർ മേനോൻ ഉയർത്തി പിടിച്ചത് അസാധാരണ മൂല്യങ്ങളാണ്. 76-ാം വയസിൽ വൃക്കരോഗത്തെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരണം. 36 വർഷമായി വടക്കാഞ്ചേരി വ്യാസഗിരി ജ്ഞാനാശ്രമത്തിലെ അന്തേവാസിയാണ്. മൃതദേഹം മതചടങ്ങുകളോടെ സംസ്‌കരിക്കില്ല. പകരം വിദ്യാർത്ഥികളുടെ പഠനത്തിന് അമല മെഡിക്കൽ കോളേജിന് കൈമാറും.

വടക്കാഞ്ചേരി വ്യാസ തപോവനത്തിൽ എത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ 11 മണി മുതൽ ഒരു മണി വരെ തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അമല മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു നൽകും. ഇക്കാര്യം വിജയകുമാർ മേനോൻ നിർദ്ദേശിച്ചിരുന്നതായി വ്യാസ തപോവനം ട്രസ്റ്റി സാധു പത്മനാഭൻ പറഞ്ഞു. അദ്ദേഹത്തിന്റെ പുസ്തകശേഖരം ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിന്റെ ലൈബ്രറിക്ക് കൈമാറും.

കലയുടെ ദാർശനികസങ്കല്പങ്ങളെ ചരിത്രാവബോധവുമായി കൂട്ടിയിണക്കിയ പ്രൊഫ. വിജയകുമാർ മേനോൻ കലാചരിത്രകാരനും വിമർശകനും നിരൂപകനുമായിരുന്നു. കലാചരിത്രഗ്രന്ഥങ്ങൾ അധികവും മലയാളത്തിലാണ്. വ്യാസഗിരിയിലെ വ്യാസതപോവനത്തിലിരുന്ന് എഴുത്തിലൂടെ ആരോഗ്യപരമായ അവശതകളെ അതിജീവിച്ചു. ഭാരതീയലാവണ്യവിചാരവും കലകളുടെ പാരസ്പര്യവും ചർച്ചയാക്കി. പ്രകൃതിയെ വിഷയമാക്കി എടുക്കുന്ന ചിത്രകാരന്മാരോടാണ് ഏറെ അടുപ്പം പുലർത്തിയത്. സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അസ്തിത്വം വിശാലമായ കാൻവാസിൽ പ്രതിഫലിക്കണമെന്ന് ലക്ഷ്യമായിരുന്നു എന്നും മനസ്സിൽ നിറച്ചത്.

കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ ലേഖനങ്ങൾ വായിച്ചതാണ് മലയാളത്തോടുള്ള ബഹുമാനത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന കഥകളിക്കമ്പക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കഥകളിയിലും കൂടിയാട്ടത്തിലും മുഖമാണ് കാൻവാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. രസം, ധ്വനി തുടങ്ങിയ ഭാരതീയചിന്തകൾ ഉൾക്കൊള്ളുന്ന ലാവണ്യശാസ്ത്രപരമായ കലാചരിത്രമാണ് മനസ്സിൽ കൊണ്ടു നടന്നത്. 2017-ൽ ലളിതകലാ അക്കാദമി ഫെലോഷിപ്പ് വിജയകുമാർ മേനോന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇത് ചിത്രകാരന്മാർക്കും ശില്പികൾക്കും മാത്രമാണ് കൊടുക്കേണ്ടത്, എഴുത്തുകാർക്കല്ല എന്ന ആക്ഷേപം ഉയർന്നതോടെ സന്തോഷപൂർവം അത് നിരസിച്ച് അദ്ദേഹം അക്കാദമിക്ക് കത്ത് നൽകി. ഇതിനു പ്രായശ്ചിത്തമെന്നോണം വ്യാസഗിരി ആശ്രമത്തിലെത്തി ലളിതകലാ അക്കാദമി ഭാരവാഹികൾ വിജയകുമാർ മേനോനെ ആദരിച്ചിരുന്നു.

എറണാകുളം എളമക്കരയിൽ ചെറ്റക്കൽമഠം വീട്ടിൽ കാർത്യായനി അമ്മയുടെയും അനന്തൻപിള്ളയുടെയും മകനായ വിജയകുമാർ മേനോൻ ബറോഡ സർവകലാശാലയിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കേരളത്തിലെ വിവിധ ഫൈൻ ആർട്‌സ് കോളേജുകളിൽ കലാചരിത്രം, ലാവണ്യശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപ്പിച്ചു. കുറച്ചുകാലം ഉദ്യോഗമണ്ഡൽ ഫാക്ടിലും ജോലി ചെയ്തിട്ടുണ്ട്. ആധുനിക കലാദർശനം, രവിവർമ, ഭാരതീയ കല 20-ാം നൂറ്റാണ്ടിൽ, ദൈവത്തായ്, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങൾ, എ ബ്രീഫ് സർവെ ഓഫ് ദി ആർട്ട് സിനാരിയോ ഓഫ് കേരള, രാജ രവി വർമ ക്ലാസിക്സ്, ഒതെന്റികേറ്റിങ് ഒബ്ജേക്ടിവിറ്റി തുടങ്ങി നിരവധി കലാപഠനഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. യൂജിൻ അയൊനെസ്‌കോയുടെ ദി ചെയേഴ്സ്, ലോർക്കയുടെ ബ്ലഡ് വെഡിങ്, ഷെനെയുടെ ദി മെയ്ഡ്സ് തുടങ്ങിയ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാർഡ്, കേസരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എൻ പിള്ള എൻഡോവ്‌മെന്റ് അവാർഡ്, സി ജെ സ്മാരക പ്രസംഗസമിതി അവാർഡ്, ഡോ. സി പി മേനോൻ സ്മാരക പുരസ്‌കാരം, ഗുരുദർശന അവാർഡ് തുടങ്ങി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 36 വർഷമായി വടക്കാഞ്ചേരി വ്യാസഗിരി ജ്ഞാനാശ്രമത്തിലെ അന്തേവാസിയാണ്.