കൊച്ചി: ബ്രാഹ്മിൺസ് എന്ന കറിപൗഡർ ബ്രാൻഡിന്റെ തുടക്കക്കാരനും ആ ബ്രാൻഡിനെ ലോകോത്തരമാക്കുകയും ചെയ്ത വ്യക്തിയാണ് വി വിഷ്ണു നമ്പൂതിരി എന്ന വ്യവസായി. 36 വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ കറിപൗഡർ വിറ്റു നടന്ന വ്യക്തിയാണ് അദ്ദേഹം. വീട്ടിനോട് ചേർന്ന ചെറിയ കറിപൗഡർ നിർമ്മാണ കമ്പനിയാണ് പിൽക്കാലത്ത് വലിയ കമ്പനിയായി വളർന്നത്. സ്വപ്‌നം കണ്ടത് പ്രാവർത്തികമാക്കിയ സക്‌സസ്ഫുളായ ബിസിനസുകാരനാണ് വിഷ്ണു നമ്പൂതിരി.

1987-ൽ രണ്ട് വനിതാ തൊഴിലാളികളുമായി തൊടുപുഴ മണക്കാട്ടെ വീടിനോടുചേർന്ന് സ്ഥാപിച്ച ചെറിയ കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെയായിരുന്നു തുടക്കം. പൊടിച്ച് പായ്ക്കുചെയ്ത് കറിപൗഡറുകൾ സൈക്കിളിൽ കടകളിലെത്തിച്ച് പ്രോഡക്ടിന്റെ ആദ്യ വിതരണക്കാരനുമായി അദ്ദേഹം. പിന്നെയത് സ്‌കൂട്ടറായി, മിനിവാനായി, ട്രക്കുകളായി. ഇന്ന് ആ പെരുമ വിമാനവുമേറി. അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. കറിപൗഡർ ബിസിനസിനുമുമ്പ് തോൽവിയുടെ രുചി പലവട്ടം നുണഞ്ഞിരുന്നു അദ്ദേഹം.

കൊപ്ര, വെളിച്ചെണ്ണ, ചെരിപ്പ് കച്ചവടം അങ്ങിനെ ഭാഗ്യം പരീക്ഷിക്കാത്ത മേഖലകൾ ചുരുക്കം-പക്ഷേ, പരാജയമായിരുന്നു ഫലം. പക്ഷേ, വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം. ഒന്ന് നഷ്ടത്തിലേക്ക് നീങ്ങുന്നത് മനസ്സിലാകുമ്പോൾ മറ്റൊന്നിലേക്ക് ചുവടുമാറ്റും. തോൽവികൾ ഏറ്റുവാങ്ങിയിട്ടും ആത്മവിശ്വാസമായിരുന്നു ഏറ്റവും വലിയ കൈമുതൽ. 1987-ൽ അദ്ദേഹം കറിപൗഡർ വ്യാപാരത്തിലെത്തുമ്പോൾ ഈ വിപണിയിൽ ഇന്നുള്ള മത്സരങ്ങളൊന്നുമില്ലായിരുന്നു.

പൊടികൾ വീടുകളിൽ പൊടിച്ചെടുക്കുന്ന കാലഘട്ടമായിരുന്നതിനാൽ അന്ന് കറിപൗഡർ കച്ചവടം തുടക്കത്തിൽ ശോഭിച്ചില്ല. പക്ഷേ, ബ്രാഹ്മിൻസിന്റെ രുചിയും ഗുണനിലവാരവും-അതിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ ഉപഭോക്താക്കളെ ആകർഷിച്ചുതുടങ്ങി. ഇതോടെ മണക്കാട് കേന്ദ്രമാക്കി സംരംഭം വിപുലപ്പെടുത്തി. 35,000 രൂപ വായ്പയെടുത്ത് ചെറിയ പൊടിയന്ത്രം സ്വന്തമാക്കി കൂടുതൽ ഉത്പാദനമാരംഭിച്ചു. ഇതിന് കേരളത്തിന്റെ പലഭാഗങ്ങളിലും ആവശ്യക്കാരുമായി.

കറിപൗഡറിനു പിന്നാലെ അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും ധാന്യങ്ങളും ബ്രാഹ്മിൻസ് വിപണിയിലെത്തിച്ചു. അപ്പോഴും ഗുണനിലവാരത്തിൽ മാറ്റമുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

തൊഴിലാളികളോടും സ്വന്തം കുടുംബാംഗങ്ങളെന്ന പോലെയായിരുന്നു ഇടപെട്ടിരുന്നത്. ബ്രാഹ്മിൻസിന്റെ വളർച്ചയുടെ പടവുകളെല്ലാം സ്ഥാപനത്തിന്റെ, തൊടുപുഴയാറിന്റെ കരയിലുള്ള ഓഫീസിലെ ചുമരുകളിൽനിന്ന് വായിച്ചും കണ്ടുമറിയാം. ഓരോ വർഷവും 9300 ടൺ ഭക്ഷ്യോത്പന്നങ്ങളാണ് ബ്രാഹ്മിൻസ് വിപണിയിലെത്തിക്കുന്നത്. നെല്ലാട് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലും പൈങ്ങോട്ടൂരിലും ബ്രാഹ്മിൻസിന്റെ അത്യാധുനിക യന്ത്രസംവിധാനങ്ങളോടുകൂടിയ നിർമ്മാണ യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

വളർച്ചയുടെ പടവുകൾ താണ്ടിയ ബ്രാഹ്മിൻസിനെ അടുത്തിടെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തിരുന്നു. ഇപ്പോൽ മക്കളായ ശ്രീനാഥ് വിഷ്ണു, സത്യ വിഷ്ണു എന്നിവരാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളത്.