സിയോൾ: പ്രമുഖ ദക്ഷിണ കൊറിയൻ നടി യൂ ജൂ-യൂൻ അന്തരിച്ചു. ഇരുപത്തിയേഴ് വയസ്സായിരുന്നു. നടി ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം സ്ഥിരീകരിച്ചു. നടിയുടെ ആത്മഹത്യാ കുറിപ്പ് സോഹദരൻ പുറത്തു വിട്ടു.

നിരവധി സിനിമകളിലൂടെ സൗത്തുകൊറിയയിലും ആഗോള തലത്തിലും ശ്രദ്ധ നേടിയ താരമായിരുന്നു യൂ ജൂ-യൂൻ. താരം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്. ജീവിതം അവസാനിപ്പിക്കുന്നതിൽ മാതാപിതാക്കളോടും മുത്തശ്ശിയോടും സഹോദരനോടും ആത്മഹത്യാ കുറിപ്പിൽ നടി മാപ്പ് ചോദിക്കുന്നുണ്ട്.

സഹോദരൻ പുറത്തുവിട്ട ആത്മഹത്യാ കുറിപ്പ്

'എല്ലാവരേയും വിട്ട് ആദ്യം പോകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. പ്രത്യേകിച്ച് അമ്മയോടും അച്ഛനോടും മുത്തശ്ശിയോടും സഹോദരനോടും. ജീവിക്കേണ്ടെന്ന് എന്റെ ഹൃദയം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഞാനില്ലാത്ത ജീവിതം ശൂന്യമായിരിക്കും. പക്ഷേ, ധൈര്യത്തോടെ ജീവിക്കണം. ഞാൻ എല്ലാം കാണും. കരയാതിരിക്കുക.

ഞാൻ ചെറിയ രീതിയിൽ പോലും ഇപ്പോൾ ദുഃഖിതയല്ല. ശാന്തതയാണ് തോന്നുന്നത്. ഏറെ നാളായി ഞാൻ ഇതിനെ കുറിച്ച് ആലോചിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു.അർഹിച്ചതിനെ കൂടുതൽ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. അതിനാൽ തന്നെ ഇത്രയും മതിയെന്ന് കരുതുന്നു. അതിനാൽ മറ്റാരേയും കുറ്റപ്പെടുത്താതിരിക്കുക.

ഞാൻ മരിച്ചതായി കരുതേണ്ട, അതിനാൽ എല്ലാവരും സമാധാനത്തോടെ ജീവിക്കുക. എന്റെ ശവസംസ്‌കാര ചടങ്ങിലേക്ക് നിരവധി ആളുകൾ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കുറച്ച് നാളിനു ശേഷം എല്ലാവരേയും ആദ്യമായി കാണാനും ആരെങ്കിലും വേദനിക്കുന്നുണ്ടോ എന്നറിയാനും ഞാൻ ആഗ്രഹിക്കുന്നു.

അഭിനയിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ അതിനായിരിക്കും കൂടുതൽ ആഗ്രഹിച്ചത്. അതെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും അങ്ങനെയൊരു ജീവിതം എളുപ്പമായിരുന്നില്ല. മറ്റൊന്നും ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത് നിരാശകരമാണ്. എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു അനുഗ്രഹമാണ്, പക്ഷേ അത് ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ശാപമാണെന്ന് ഞാൻ മനസ്സിലാക്കി.

ദൈവം എന്നെ സ്‌നേഹിച്ചിരുന്നു. അതിനാൽ തന്നെ നരകത്തിലേക്ക് അയക്കില്ല. ദൈവം എന്നെ മനസ്സിലാക്കും. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ല.എന്നെ പ്രിയപ്പെട്ടവളാക്കിയതിനും സ്‌നേഹിച്ചതിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാവർക്കും നന്ദി. അതായിരുന്നു എന്റെ കരുത്തും സന്തോഷവും. അവസാനം വരെ മറക്കാനാകാത്ത ഓർമകൾ ലഭിച്ചാണ് ഞാൻ ജീവിച്ചത്. അതിനാൽ എന്റേത് വിജയകരമായ ജീവിതമായിരുന്നു എന്ന് കരുതുന്നു. കുറവുകളും അക്ഷമയുമുള്ള എന്നെ മനസ്സിലാക്കി സ്‌നേഹിച്ചതിന് നന്ദി. ഇത് നല്ല രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കാത്തതിൽ എന്നോട് ക്ഷമിക്കുക. പക്ഷേ, എന്റെ വികാരങ്ങൾ നിങ്ങൾക്ക് മനസ്സിലാകും. അല്ലേ?

ഞാൻ ഉണ്ടാക്കിയ വിലയേറിയ എല്ലാ ബന്ധങ്ങളോടും, പ്രത്യേകിച്ച് അദ്ധ്യാപകരോട്, ഞാൻ നന്ദിയുള്ളവളാണ്, നിങ്ങളെ എല്ലാവരെയും ഞാൻ ബഹുമാനിക്കുകയും ചെയ്തു. ജീവിതത്തിലെ പല കാര്യങ്ങളും എന്നെ പഠിപ്പിച്ചതിന് ഒരുപാട് നന്ദി.'അമ്മയോടും അച്ഛനോടും ഞാൻ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, കരയാതിരിക്കുക.

യൂ ജൂ-യൂനിന്റെ സഹോദരനാണ് കുറിപ്പ് പുറത്തുവിട്ടത്. ഓഗസ്റ്റ് 29 ന് ജൂ യൂൻ ഈ ലോകം വിട്ട് മറ്റൊരിടത്തേക്ക് പോയെന്നും സംസ്‌കാര ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്നും സഹോദരി ആവശ്യപ്പെട്ടതു പ്രകാരമാണ് കത്ത് പുറത്തുവിടുന്നതെന്നും സോഹദരൻ കുറിച്ചു.