- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍ തന്നെ; സഭയുടെ എപ്പിസ്കോപ്പല്‍ സിനഡ് കബറടക്കത്തില്‍ തീരുമാനം എടുക്കും
തിരുവല്ല: വാഹനാപകടത്തില്‍ അമേരിക്കയില്‍ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത (74)യുടെ സംസ്കാരം കേരളത്തില്‍. ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം വന്നത് മരണ കാരണമായി. തിരുവല്ലയില്‍ സംസ്കാരം നടത്താനാണ് തീരുമാനം. സഭാ സിനിഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7 മണിയോടെ മരിച്ചു. ഇന്നു തിരുവല്ലയില്‍ ചേരുന്ന സഭയുടെ എപ്പിസ്കോപ്പല്‍ സിനഡ് കബറടക്കത്തില്‍ തീരുമാനം എടുക്കും.
അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍ കുടുംബാംഗമായ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവര്‍ത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാന് എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുന്‍പുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ സാമൂഹിക - സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2003 ലാണ് ബിലീവേഴ്സ് ചര്‍ച്ച് സ്വതന്ത്ര സഭയായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സഭയുടെ സ്ഥാപക ബിഷപ്പായി അദ്ദേഹം.
16-ാം വയസ്സില്‍ ഓപ്പറേഷന് മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974 ല്‍ ഡാലസില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. തുടര്‍ന്നു പാസ്റ്ററായി പ്രവര്‍ത്തനം തുടങ്ങി. ഇതേ മേഖലയില്‍ സജീവമായിരുന്ന ജര്‍മനിയില്‍നിന്നുള്ള ഗിസല്ലയെ വിവാഹം ചെയ്തു. 1978 ലാണ് ഭാര്യയുമായി ചേര്‍ന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ ആരംഭിച്ചത്. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങി. ഇതും വലിയ വിജയമായി മാറി. അമേരിക്കയിലും കേരളത്തിലും കേന്ദ്രീകരിച്ചായിരുന്നു യോഹന്നാന് പ്രവര്‍ത്തിച്ചിരുന്നത്.
മക്കള്‍: ഡാനിയല്‍ മാര്‍ തിമോത്തിയോസ് (ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്, യുഎസ്), സാറാ ജോണ്സണ്. മരുമക്കള്‍: എറീക്കാ പൂന്നൂസ്, ഫാ.ഡോ. ഡാനിയല്‍ ജോണ്സണ് (ബിലീവേഴ്സ് ഈ സ്റ്റേണ് ചര്‍ച്ച് സഭാ സെക്രട്ടറി).
മറുനാടന്‍ മലയാളി ബ്യൂറോ