ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: യുകെയിലെ മലയാളികളുടെ നന്മയ്ക്ക് മുൻപിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഇന്നലെ കണ്ണ് തുടച്ചു ആനന്ദ നൃത്തം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ആ സ്നേഹ വിളക്കിന് തിരി കൊളുത്തിയപ്പോൾ എങ്ങും കയ്യടി ആയിരുന്നു. പിന്നണി ഗായകരായ ഭാവന രാധാകൃഷ്ണനും ബി അരുന്ധതിയും ആ സ്നേഹക്കൂട് പൂർണ്ണമാക്കി. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി മുൻകൈയെടുത്തു തുടങ്ങിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യുകെയിലെ മലയാളികളിൽ നിന്നും ശേഖരിച്ച 23,000 പൗണ്ട് (24,21,417 ഇന്ത്യൻ രൂപ) വിതരണം ചെയ്ത ചടങ്ങിലായിരുന്നു ഈ അത്ഭുത ദൃശ്യങ്ങൾ.
തിരുവനന്തപുരം മാജിക് അക്കാദമിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഡിഫ്രന്റ് ആർട്ട് സെൻട്രലിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ് നടന്നത്. ഡിഎസിയിലെ ഭിന്നശേഷിക്കാരായ കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന അതിഥികൾക്കായി ഒരുക്കിയ ഗാന സദ്യയ്ക്കൊപ്പമായിരുന്നു മുതുകാടിന്റെ സംരംഭത്തിനായി യുകെ മലയാളികൾ നൽകിയ തുക കൈമാറ്റ ചടങ്ങും നടന്നത്. ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും മറുനാടൻ മലയാളി എഡിറ്ററുമായ ഷാജൻ സ്കറിയയും ചടങ്ങിൽ പങ്കെടുത്തു. കൈതപ്രമാണ് മുതുകാടിന് 23,000 പൗണ്ടിന്റെ ചെക്ക് കൈമാറിയത്.
കൈതപ്രത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിന് ശേഷമായിരുന്നു ചടങ്ങ് നടന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഭാവന ബാലകൃഷ്ണനും ബി അരുന്ധതിക്കും ഒപ്പം പാട്ടുപാടി ആനന്ദ മഴ പെയ്യിക്കാൻ കെകെ നിഷാദും ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ സ്റ്റേജ് കീഴടക്കിയ അത്ഭുതകരമായ കാഴ്ചയായിരുന്നു ആ സംഗീത വിരുന്ന്. അതിനൊക്കെ ഒടുവിലാണ് യുകെ മലയാളികളുടെ സ്നേഹ സമ്മാനമായ 23,000 പൗണ്ടിന്റെ ചെക്ക് കൈതപ്രം മുതുകാടിന് കൈമാറിയത്.
കേരളത്തിലെ ഭിന്ന ശേഷിക്കാരെ വെറുതെ പുനരധിവസിക്കുന്നതിനപ്പുറം അവരുടെ കലാകായിക ശേഷി കണ്ടെത്തി വളർത്താനും ഭിന്നശേഷിക്കാരുടെ പറുദീസ സൃഷ്ടിക്കാനും മുതുകാട് നടത്തുന്ന ശ്രമത്തെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ സഹായം കൈമാറിയത്. പ്രചരിപ്പിക്കപ്പെടുന്നവയെല്ലാം കള്ളമാണെന്ന് ഷാജൻ സ്കറിയ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും മറുനാടൻ മലയാളിയിൽ പരമ്പരയായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.
യുകെ മലയാളികളിലൂടെ സമാഹരിച്ച ഇന്ത്യൻ രൂപ 24 ലക്ഷത്തിലധികം (23,000 പൗണ്ട്)വരുന്ന തുകയാണ് ഗോപിനാഥ് മുതുകാടിന്റെ ഡിഎസി സെന്ററിന് കൈമാറിയിരിക്കുന്നത്. കൈൻഡ് ലിങ്ക് പ്ലാറ്റ്ഫോം വഴി 17,787 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1225 പൗണ്ടുമാണ് ലഭിച്ചത്. കൈൻഡ് ലിങ്ക് വഴി ലഭിച്ച തുകയ്ക്ക് ഗിഫ്റ്റ് എയ്ഡായി 3800 പൗണ്ടും ലഭിച്ചു. ജനറൽ ഫണ്ടിൽ നിന്നും 188 പൗണ്ട് കൂടി ചേർത്താണ് 23000 പൗണ്ടിന്റെ ചെക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ കൈമാറിയത്.
ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫ്രന്റ് ആർട്സ് സെന്റർ പോലെയുള്ള ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിന് ദൈനംദിന അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണ് ഉള്ളത്. ഇപ്പോൾ ഡിഫ്രന്റ് ആർട്സ് സെന്ററിൽ നൂറുകണക്കിന് അന്തേവാസികളുണ്ട്. ഇവിടെയുള്ള കുട്ടികൾക്കെല്ലാം മാസം ശമ്പളമായും ഒരു തുക നൽകുന്നുണ്ട്. മാത്രമല്ല, നൂറുകണക്കിന് പുതിയ അപേക്ഷരും ഈ സ്ഥാപനത്തിലേക്ക് ചേർന്നു പ്രവർക്കുവാൻ കാത്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഡിഫ്റന്റ് ആർട്സ് സെന്ററിൽ ഇപ്പോഴുള്ളവരുടെയും ചുറ്റുമുള്ളവരുമായ പലരുടെയും കണ്ണുനീർ തുടയ്ക്കാൻ ഗോപിനാഥ് മുതുകാടിനും സഹപ്രവർത്തകർക്കും പിന്തുണയും സഹായവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് യുകെ മലയാളികൾക്കു മുന്നിലേക്കും എത്തിയത്.