- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം തവണയും ആകാശ ചാട്ടം ആവേശ ചാട്ടമായി; പാരച്യൂട്ടുകൾക്ക് ഭീഷണിയായപ്പോൾ അവസാന സംഘത്തിലെ ചാട്ടം ഒഴിവാക്കി; ഉച്ചവരെ ആകാശത്തു പൂവിട്ട പാരച്യൂട്ടുകളിൽ പറന്നിറങ്ങിയത് ഒരു ഡസനിലേറെപ്പേർ; 18 ലക്ഷം രൂപ പാവങ്ങൾക്കായി കണ്ടെത്തിയത് 15 പേരുടെ അധ്വാനം
ലണ്ടൻ: 2017 ലും 2019 ലും ബ്രിട്ടണിലെ മലയാളികളെ കൈപിടിച്ച് ആകാശത്തു എത്തിച്ചു ജീവകാരുണ്യത്തിന്റെ വഴിയിലേക്ക് പുതിയൊരു പാത കൂടി തുറന്നിട്ട മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മൂന്നാം തവണയും സ്‌കൈ ഡൈവിങ് ആശയവുമായി എത്തിയപ്പോഴും ആകാശ ചാട്ടം ആവേശ ചാട്ടമായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെ മലയാളി ജീവിതത്തിൽ സജീവമായവർ മധ്യ വയസ് പിന്നിടുന്ന സാഹചര്യത്തിൽ സാഹസികതക്ക് ഒപ്പം ഓടിയെത്താൻ പ്രയാസപ്പെടുമ്പോഴും വരും തലമുറയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കരുത്താകാൻ കൂടെയുണ്ടാകും എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ സോൾസ്ബറി നേത്രാവൻ സ്‌കൈ ഡൈവിങ് ക്യാംപിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ നിന്നും ലഭ്യമായ കാഴ്ചകൾ.
ബ്രിട്ടൻ വർത്തമാന കാലത്തിലെ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ കടന്നു പോകുമ്പോഴും ഉള്ളതിൽ നിന്നും ഒരു ചെറു സഹായം നാട്ടിലെ സാധുക്കളാക്കായി നല്കാൻ മടിയില്ലാത്ത യുകെ മലയാളികൾക്കിടയിൽ നിന്നും 15 സ്‌കൈ ഡൈവിങ് സാഹസികർ കണ്ടെത്തി എന്നതും ഇന്നലെ നടന്ന സ്‌കൈ ഡൈവിങ് ഇവന്റിനെ അടയാളപ്പെടുത്തുകയാണ്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പത്തു വർഷമെത്തുന്ന മുഹൂർത്തത്തിൽ സംഘടിപ്പിക്കപ്പെട്ട ജീവകാരുണ്യമെന്ന നിലയിൽ ഏറെ നാളുകളായുള്ള പ്രവർത്തനമാണ് ഇതിനായി ട്രസ്റ്റിമാരും സാഹസികതയ്ക്ക് ഓടിയെത്തിയവരും ചേർന്ന് നടത്തിയത്. ഇന്നലെ വിദ്യാർത്ഥികൾ മുതൽ മധ്യവയസ് പിന്നിട്ടവർ വരെ ആകാശച്ചാട്ടത്തിനു ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു തലമുറകൾ ഒരേ കാര്യത്തിനായി ഒന്നിച്ചു കൈകോർത്ത അസാധാരണ കാര്യമായി മാറുക ആയിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ മൂന്നാം സ്‌കൈ ഡൈവിങ്.
മൂന്നു വട്ടം ചാടിയ പുരോഹിതൻ ജോർജ് പുത്തൂരാനും രണ്ടാം ചാട്ടം പൂർത്തിയാക്കിയ ഷിനു ക്ലെയർ മാത്യൂസും ഒക്കെ ധീരതയുടെ മാത്രം പ്രതീകങ്ങളായി ഒതുങ്ങുകയല്ല, സാമൂഹ്യ സേവനത്തിനു മുന്നിൽ നില്ക്കാൻ പ്രായവും ആരോഗ്യാവസ്ഥയുംഒരു തടസവും അല്ലെന്നു ഓർമ്മിപ്പിച്ചാണ് ഇന്നലെ സോൾസ്ബെറിയുടെ ആകാശത്തിൽ നിന്നും ഭൂമിയിലേക്ക് എടുത്തു ചാടിയത് .ഒരു പക്ഷെ പുൽക്കൊടികൾ പോലും ഈ സാഹസികതയ്ക്ക് മുന്നിൽ വീര്യത്തോടെ തലയുയർത്താൻ ഇന്നലെ ആവേശം തോന്നിയിരിക്കാം എന്നതാണ് സ്‌കൈ ഡൈവിങ് പോരാളികളെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ഓരോ കാണികൾക്കും തോന്നിയതും.
ഇന്നലെ രാവിലെ എട്ടുമണി മുതൽ ആരംഭിച്ച രജിസ്‌ട്രേഷന് അയർലണ്ടിൽ നിന്ന് വരെയുള്ളവർ പങ്കാളികൾ ആകാൻ വളരെ നേരത്തെ തന്നെയെത്തി കാത്തിരിക്കുക ആയിരുന്നു. തെളിമയുള്ള കാലാവസ്ഥ കൂടി ആയതോടെ ഏവരുടെയും മുഖത്തും ആ പ്രസാദത്മകത വക്തമായിരുന്നു. സ്‌കൈ ഡൈവിങ്ങിനു അനുകൂലമായ കാലാവസ്ഥയെന്ന് പരിശീലകരും വ്യക്തമാക്കിയതോടെ ആവേശം ആകാശത്തോളമായി. തെളിഞ്ഞ സൂര്യനും ഒട്ടും മടുപ്പിക്കാത്ത ചെറു തെന്നലും കൂടി മനോഹരമായ സ്‌കൈ ഡൈവിങ് അനുഭവത്തിനുള്ള ഒരുക്കം കൂടിയാണ് സൃഷ്ടിച്ചത്. ആദ്യ ചട്ടക്കാർ അത് നന്നായി ആസ്വദിക്കുകയൂം ചെയ്തു.
എന്നാൽ ബ്രിട്ടീഷ് കാലാവസ്ഥയെ ഒരിക്കലൂം അതിയായി വിശ്വസിക്കരുത് എന്നോർമ്മിപ്പിച്ചു ഉച്ചയോടെ ഇടയ്‌ക്കൊന്നു മാനം ഇരുണ്ടു. കൂടെ അല്പം വേഗതയുള്ള കാറ്റുമെത്തി, ഇതോടെ സ്‌കൈ ഡൈവിങ് നിരീക്ഷക സംഘം ഉച്ചക്ക് ശേഷമുള്ള ഡൈവിങ്ങിൽ ആശങ്ക ഉയർത്തി. എങ്കിലും എല്ലാവരെയും സാധ്യമാകും വിധം ഡൈവിങ് നടത്തിക്കാനുള്ള ശ്രമവും അവർ വേഗത്തിലാക്കുക ആയിരുന്നു.
പക്ഷെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ തീർത്തും പ്രതികൂലം എന്ന് വിശേഷിപ്പിക്കാൻ കഴിയും വിധം കാറ്റിന് വേഗതയേറിയതോടെ പാരച്യൂട്ടുകൾ നിയന്ത്രിക്കാനാകില്ല എന്ന സ്ഥിതിയായി .ഈ സാഹചര്യത്തിൽ അവസാന സംഘവുമായി വിമാനം മുകളിൽ എത്തിയെങ്കിലും ഡൈവിങ് പൂർത്തിയാക്കുവാൻ പ്രയാസം നേരിടുക ആയിരുന്നു.
എങ്കിലും സ്‌കൈ ഡൈവിങ്ങിനു തയ്യാറായ ഭൂരിഭാഗം പേർക്കും ഉദ്യമം പൂർത്തിയാക്കാൻ പറ്റിയ സന്തോഷമാണ് ഇപ്പോൾ ബിഎംസിഎഫ് പങ്കിടുന്നതെന്നു ഭാരവാഹികളായ പ്രസന്ന ഷൈനും ജോർജ് എടത്വായും അറിയിച്ചു. കഴിഞ്ഞ രണ്ടു തവണയും സ്‌കൈ ഡൈവിങ് വഴി ജീവകാരുണ്യത്തിനു ധന ശേഖരണം കണ്ടെത്തിയ മാർഗം ഇത്തവണ വീണ്ടും തേടിയപ്പോഴും കൂടെ നിന്ന ഓരോ യുകെ മലയാളികളോടും നന്ദി രേഖപ്പെടുത്തുന്നതായും ഇരുവരും കൂട്ടിച്ചേർത്തു. സ്‌കൈ ഡൈവിങ് നടത്തുന്ന സാഹസികതക്ക് കയ്യടിച്ചു പ്രോത്സാഹനം നല്കാൻ ഒട്ടേറെപ്പേരുടെ സാന്നിധ്യം ഉണ്ടായി എന്നതും ശ്രദ്ധ നേടി.
ജീവകാരുണ്യത്തിൽ സജീവമാകാൻ ഓരോ യുകെ മലയാളിയെയും പ്രചോദിപ്പിച്ചു എന്നതാണ് കഴിഞ്ഞ പത്തു വർഷം കൊണ്ട് ബിഎംസിഎഫ് വരുത്തിയ പ്രധാന കാര്യമെന്ന് സ്‌കൈ ഡൈവിങ്ങിൽ പങ്കാളികളായ ഓരോ ആകാശ ചാട്ടക്കാരും വ്യക്തമാക്കിയത് സ്വന്തം അനുഭവത്തിൽ നിന്നും കൂടിയാണ്. ഒരിക്കൽ സ്‌കൈ ഡൈവിങ് നടത്തിയ ആവേശത്തിൽ വീണ്ടും രണ്ടു തവണയും ജീവകാരുണ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞ സന്തോഷം ഫാ ജോർജ് പുത്തൂരും മറ്റൊരിക്കൽ കൂടി സാധിക്കാൻ ഈശ്വരൻ അവസരം ഒരുക്കിയതിൽ നന്ദിയും അറിയിച്ചാണ് ഷിനു ക്‌ളയർ മാത്യുവും മടങ്ങിയത്.
ഫണ്ട് കളക്ഷനിൽ മുതിർന്നവരിൽ ഒന്നാമതെത്തി ഷൈനുവും വിദ്യാർത്ഥികൾക്കിടയിൽ ഒന്നാമതായി എമിലിനും
സാഹസികതയും കരുണയും കോർത്തിണക്കി ഒരുക്കിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്‌കൈ ഡൈവിങ് പരിപാടിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്ന പ്രഖ്യാപനമായിരുന്നു മികച്ച പ്രകടനം കാഴ്ച വക്കുന്നവർക്കുള്ള സമ്മാന പ്രഖ്യാപനം. ആകാശച്ചാട്ടത്തിൽ പങ്കെടുക്കാൻ എത്തിയവർ വീറും വാശിയും ഒപ്പം കൂട്ടിയതോടെ16 സ്‌കൈ ഡൈവേഴ്സ് ചേർന്ന് ഇതുവരെ ഇരുപതിനായിരത്തോളം പൗണ്ടാണ് ശേഖരിച്ചത്. കേരളത്തിലെ നിർധനരായ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ചാരിറ്റി ഫണ്ട് കളക്ഷനിൽ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെഇത്തവണയും ഷൈനു മാത്യൂസ് മുതിർന്നവരുടെ വിഭാഗത്തിൽ ഏകദേശം 3700 പൗണ്ടിലധികം സമാഹരിച്ചു വിജയി ആയി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ടോമിച്ചൻ കൊഴുവനാൽ ആണ് ഷൈനു ക്ലെയർ മാത്യൂസിന് ട്രോഫി കൈമാറിയത്.
പൊതുപ്രവർത്തന രംഗത്തും, ബിസിനസ് - രാഷ്ട്രീയ രംഗത്തും സജീവമായ മാഞ്ചസ്റ്റർ,ബോൾട്ടനിൽ താമസിക്കുന്ന അയർക്കുന്നം സ്വദേശിഷൈനു 2017 ൽ നടന്ന സ്‌കൈ ഡൈവിങ്ങിലും 5000 ലധികം പൗണ്ട് ഷൈനു സമാഹരിച്ചു ഒന്നാം സ്ഥാനം നേടിയിരുന്നു.കേരളത്തിലുള്ളഇരുന്നൂറിലധികം നഴ്‌സിങ് വിദ്യാർത്ഥിനികളെ സഹായിക്കുന്നതിനായി33 സ്‌കൈ ഡൈവേഴ്സ് നടത്തിയ സ്‌കൈ ഡൈവിങ്ങിൽ അന്ന് മുപ്പത്തി അയ്യായിരത്തോളം പൗണ്ട് ഫൗണ്ടേഷൻസമാഹരിച്ചു വിതരണം ചെയ്തിരുന്നു.
3600ലധികം പൗണ്ട് സമാഹരിച്ച എമിലിൻ അഗസ്റ്റിൻ ആണ്സ്റ്റുഡന്റ് വിഭാഗത്തിൽ ഒന്നാമതായെത്തിയത്. ചെർട്‌സി സലേഷ്യൻ കോളേജിൽ എ ലെവൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ എമിലിൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മുൻ ചെയർ മാൻ ടോമിച്ചൻ കൊഴുവനാലിന്റെയും , റെനിമോൾ അഗസ്റ്റിന്റെയും മകളാണ്. വളരെ നാളായുള്ള എമിലിന്റെ ആഗ്രഹമാണ് ഇന്നലെ സ്‌കൈ ഡൈവിങ് നടത്തിയതിലൂടെനേത്രാവൻ ആർമി ക്യാമ്പിൽ സഫലമായത്. വിദ്യാഭ്യാസത്തോടൊപ്പംചാരിറ്റി രംഗത്തും സജീവമാകാനാണ് എമിലിൻ ആഗ്രഹിക്കുന്നത്.
മുതിർന്നവരുടെ ഇനത്തിൽ രണ്ടാം സ്ഥാനത്തു എത്തിയത് ഗിൽഫോർഡിലെ ജനകീയ വൈദികൻ എന്നറിയപ്പെടുന്ന ഇടുക്കി കൊച്ചറ സ്വദേശി ആയഫാദർ ജോർജ് പുത്തൂർ ആണ്.ചാച്ചൻ പുത്തൂരാൻ എന്നറിയപ്പെടുന്ന അച്ചൻ മൂന്നാം തവണയാണ് സ്‌കൈ ഡൈവിങ് നടത്തുന്നത്. പ്രാർത്ഥനയോടൊപ്പംചാരിറ്റി ഒരു തപസ്യയാക്കി മാറ്റി ജീവിക്കുകയും മറ്റുള്ളവരുടെ വേദനിക്കുന്ന മനസിന് ആശ്വാസം നൽകാനായി ഏതെങ്കിലുമൊരുതരത്തിൽ സഹായമരുളുക എന്ന ഉദ്ദേശത്തിലാണ് അച്ചൻ സ്‌കൈ ഡൈവിങ് നടത്തുന്നത്. ഒറ്റയ്ക്ക് സഹായിക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന തിരിച്ചറിവിലാണ് അച്ചൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന എല്ലാ പ്രോഗ്രാമുകളിലും സജീവസാന്നിധ്യമായി മറ്റുള്ളവർക്ക് പ്രചോദനമാകുന്നത്.
ലെസ്റ്റർ മലയാളി കൂട്ടായ്മയായ എൽകെസിയുടെപ്രധാന ഭാരവാഹിയായിരുന്ന ബിജു ചാണ്ടിയാണ്മൂന്നാം സ്ഥാനത്തുഎത്തിച്ചേർന്നത്. ഒൻപതര വർമായി ലെസ്റ്റർഷെയർ പൊലീസിലാണ് ബിജു ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ചൈൽഡ് അബ്യൂസ് ഡിപ്പാർട്ട്‌മെന്റിൽ സേഫ് ഗാർഡിങ് ഓഫീസറായി ജോലി ചെയ്യുകയാണ്. കോട്ടയം അയാംകുടി സ്വദേശിയായ ബിജു ചാണ്ടി ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ലെസ്റ്ററിൽ താമസിക്കുന്നത്.
സ്റ്റുഡന്റ് വിഭാഗത്തിൽ ഈപ്‌സ്വിച്ചിൽ നിന്നുള്ള ഏയ്ഞ്ചല സജിയും, പ്രെസ്റ്റണിൽ നിന്നുള്ള അമിത് അലക്‌സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി കൊല്ലന്തെട്ട് സജി സാമുവലിന്റെയും റാന്നി മലയിൽ വീട്ടിൽ ശോഭാ സജിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് ആഞ്ചല. സജി.ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള ആഞ്ചല, കേരള കമ്മ്യുണിറ്റി സപ്ലിമെന്ററി സ്‌കൂളിന്റെ ഭാഗമായി ഇതിന് മുമ്പും പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. 2018 ൽ കേരളക്കരയിലെ പ്രളയദുരിതാശ്വാസത്തിലേയ്ക്കായുള്ള ഫണ്ട് റൈസിങ് കാമ്പയിനിൽ പങ്കെടുത്തത് കൂടാതെ സാഫോക് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചാരിറ്റി പരിപാടിയിൽ ഇന്ത്യൻ ബോളിവുഡ് ഡാൻസ് അവതരിപ്പിക്കുകയുമുണ്ടായി.
എഡ്ജ്ഹിൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ ഓപ്പറേഷണൽ ഡിപ്പാർട്ടുമെന്റ് പ്രാക്റ്റിഷണർ (ODP) വിദ്യാർത്ഥിയാണ് അമിത് അലക്‌സ്. മാഞ്ചസ്റ്റർ വിഥിൻഷോ ഹോസ്പിറ്റലിൽ ആണ് പഠനത്തോടൊപ്പം ഉള്ള ജോലി. സ്‌കൂൾ തലത്തിലും കോളേജ് തലത്തിലും ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അമിത്ത് അലക്‌സിന് വേദനിക്കുന്നവർക്ക്‌സ്വാന്ത്വനം ആവുക എന്നത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ്. ക്യാൻസർ റിസേർച്ച് യുകെയ്ക്ക് വേണ്ടി മുൻപ് പലതവണ ചാരിറ്റി ഫെയറുകളും, ഗ്രൂപ്പായുള്ള ചാരിറ്റി സെയിലുകളും നടത്തിയിട്ടുണ്ട്. കൂടാതെ പള്ളിയിലും പലവിധ ചാരിറ്റി ഇവെന്റുകളിലും പങ്കാളിയായിട്ടുണ്ട്.
മുതിർന്നവരുടെ ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഷൈനു മാത്യൂസിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി മുൻ ചെയർമാനും ട്രസ്റ്റിയുമായ ടോമിച്ചൻ കൊഴുവനാൽ ട്രോഫിയും നിലവിലെട്രസ്റ്റിയും മുൻ വൈസ് പ്രെസിഡന്റുമായിരുന്ന ജഗദീഷ്‌നായർ സർട്ടിഫിക്കറ്റും നൽകി . സ്റ്റുഡന്റ് വിഭാഗത്തിൽ ഒന്നാമതായി എത്തിയ എമിലിൻ അഗസ്റ്റിന് ബി എം സി എഫ് സെക്രട്ടറി പ്രസന്ന ഷൈൻ ട്രോഫിയും, ചെയർമാൻജോർജ് എടത്വ സർട്ടിഫിക്കറ്റും നൽകി . ഫാദർ ജോർജ് പുത്തൂരിന് ജോർജ് എടത്വ ട്രോഫിയും, ട്രസ്റ്റി ബിജി ജോസ് സർട്ടിഫിക്കറ്റും നൽകി. മറ്റെല്ലാ വിജയികൾക്കും ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ബിജിക്കും മക്കൾക്കും ആകാശച്ചാട്ടം പൂർത്തിയാക്കാൻ ഇനിയും കാക്കണം
ഇന്നലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സോൾസ്ബറി നേത്രാവൻ സ്‌കൈ ഡൈവിങിൽ എത്തിയ ആകാശച്ചാട്ടക്കാരിൽ നാല് പേർക്ക് മാത്രമാണ് ഭാഗ്യം തുണയ്ക്കാതെ മടങ്ങേണ്ടി വന്നത്. തെളിമയുള്ള കാലാവസ്ഥ ആണ് സ്‌കൈ ഡൈവിങിനായി ദൂരെ നിന്ന് പോലും എത്തിയവരെ ആദ്യം സ്വാഗതം ചെയ്തതെങ്കിലും ഉച്ചയോടെ കാറ്റിനൊപ്പം എത്തിയ കാലാവസ്ഥാ മാറ്റം അവസരം നഷ്ടമാക്കിയത് ഏറെ ദൂരത്ത് നിന്നും എത്തിയവരെ ആണെന്നതാണ് സങ്കടകരം.
വളരെയധികം കഷ്ടപ്പാട് സാഹിച്ചു ബെൽഫാസ്റ്റിൽ നിന്നെത്തിയബിജി ജോസിനും രണ്ടു മക്കൾക്കും, വിദേശ യാത്ര കഴിഞ്ഞുതിരിച്ചെത്തിയഅഫ്‌സൽ അലിക്കും ആണ് സ്‌കൈ ഡൈവിങ് പൂർത്തിയാക്കാൻ സാധിക്കാതെ ഇന്നലെ മടങ്ങേണ്ടി വന്നത്. ശനിയാഴ്ച വെളുപ്പിനെ ബെൽഫാസ്റ്റിൽ നിന്ന് മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്തു ഡബ്‌ളിനിലെത്തി അവിടെനിന്നു ഫ്‌ളൈറ്റ് പിടിച്ചു ബ്രിസ്റ്റോളിലെത്തി അവിടെനിന്നു കാർ വാടകക്ക് എടുത്തു ഒമ്പതുമണിയോടെ ആർമി ക്യാംപിലെത്തിയെങ്കിലും ഭാഗ്യംബിജിക്കും കുട്ടികൾക്കും ഒപ്പമായിരുന്നില്ല എന്നത് എല്ലാവരെയും സങ്കടത്തിലാക്കി.
അവസാനലാപ്പിൽ ഹെലികോപ്റ്ററിൽ ആകാശത്തേക്ക് പറന്നുവെങ്കിലും പ്രകൃതിയുടെ വികൃതി കാറ്റിന്റെ രൂപത്തിലെത്തിയതിനാൽ ഹെലികോപ്റ്റർ ആകാശത്തു കുറെ സമയം വട്ടമിട്ടു പറന്നശേഷം സ്‌കൈ ഡൈവ് ചെയ്യാൻ സാധിക്കാതെ തിരിച്ചിറങ്ങേണ്ടി വന്നു. ഇവർക്ക് നാലുപേർക്കുംവേറൊരു ദിവസം സ്‌കൈ ഡൈവ് ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് ചെയർമാനും സെക്രട്ടറിയും ഉറപ്പു നൽകി. ഇന്നലെത്തന്നെ രാത്രി ഫ്‌ളൈറ്റിൽ ഡബ്ലിൻ വഴി ബിജിയും മക്കളും തിരിച്ചു ബെൽഫാസ്റ്റിലേക്കു മടങ്ങി.
രാവിലെ മുതൽ തെളിഞ്ഞ ആകാശമായിരുന്നു നേത്രാവൻ ആർമി ക്യാമ്പും പരിസരവും. രാവിലെ എട്ടു മാണി മുതൽനാലു മണിക്കൂർ നേരം മാത്രമേ സ്‌കൈ ഡൈവിങ് നടത്താൻ സാധിക്കുകയുള്ളൂവെന്നും, നാലു മണിക്കൂറിനു ശേഷം ശക്തമായ കാറ്റ്ഉണ്ടാകുമെന്നതിനാൽ പരമാവധി രാവിലെതന്നെസ്‌കൈ ഡൈവേഴ്സ്ആർമി ക്യാമ്പിലെത്തണമെന്നും തലേദിവസംതന്നെപാരച്യൂട്ട് അസോസിയേഷന്റെ ഓഫീസിൽ നിന്ന്ബന്ധപ്പെട്ട അധികൃതർ ബ്രിട്ടീഷ് മലയാളി ഭാരവാഹികളെ അറിയിച്ചിരുന്നതിനാൽ എല്ലാവരും രാവിലെതന്നെ ആർമി ക്യാംപിലെത്തിയിരുന്നു.
നേത്രാവൻ ആർമി പാരച്യൂട്ട് അസോസിയേഷൻ എയർ ഫീൽഡ് ക്യാമ്പിൽ ഇന്നലെനടന്ന സ്‌കൈ ഡൈവിങ്ങിൽ രാവിലെ എട്ടരയ്ക്ക് തന്നെബിബിൻ ജോസഫിനെയും , മിഥുൻ നെടുമാക്കലിനെയും വഹിച്ചുകൊണ്ട്‌ഹെലികോപ്റ്റർ പറന്നുപൊങ്ങി. പത്തു മിനിറ്റോളം ആകാശത്തു വട്ടമിട്ടുപറന്ന ഹെലികോപ്റ്ററിൽ നിന്ന് ഓരോരുത്തരായി പറന്നിറങ്ങുന്ന കാഴ്ചയിൽ താഴെ നിന്നവർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
തുടർന്ന് എയ്ഞ്ചലാ സജി ,അമിത് അലക്സ് , ബിബിൻ ജോസഫ്, ഷൈനു മാത്യൂസ്, എമിലിൻ അഗസ്റ്റിൻ, ബിജു ചാണ്ടി, ഫാദർ ജോർജ് പുത്തൂർ, ബിനു കുര്യാക്കോസ്, റിജു പി തങ്കച്ചൻ എന്നിവർ ഓരോരുത്തരായിതൊട്ടുപിറകെയുള്ള ഹെലികോപ്റ്ററുകളിൽ നിന്ന് പറന്നിറങ്ങി. പതിമൂവായിരത്തി അഞ്ഞൂറ് അടി മുകളിൽആകാശ വിതാനത്തിൽ പൊട്ടുകളായി കാണപ്പെട്ട സ്‌കൈ ഡൈവേഴ്സ് വാനമേഘങ്ങൾക്കിടയിലൂടെ വിവിധ വർണങ്ങളിലുള്ള പാരച്യൂട്ടുകളിൽ ഊഞ്ഞാലാടി വരുന്ന കാഴ്ച കാഴ്‌ച്ചക്കാർക്ക് നയനാന്ദകരമായി മാറി.
രാവിലെ സ്‌കൈ ഡൈവിങ് ആരംഭിച്ചതുമുതൽ മാനത്തുനോക്കി നെഞ്ചിടിപ്പോടെനിക്കുന്ന ചെയർ മാൻജോർജ് എടത്വായും, സെക്രട്ടറി പ്രസന്നയും മറ്റു ഭാരവാഹികളും സ്‌കൈ ഡൈവിങ് പൂർത്തിയായി കഴിഞ്ഞതോടെയാണ് ശ്വാസം നേരെ വിട്ടത്. ട്രസ്റ്റിമാരായ, ടോമിച്ചൻ കൊഴുവനാൽ, ജഗദീഷ് നായർ,സിബി മേപ്പുറത്ത്, ഷൈനു മാത്യൂസ്, ബോണി ചാണ്ടി, ബിജി ജോസ് എന്നിവർ സ്‌കൈ ഡൈവിങ്ങിന്റെ വിജയകരമായ നടത്തിപ്പിന് തുടക്കം മുതൽ അവസാനം വരെനേതൃത്വം നൽകി.
കേരളത്തിലെ നിർധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാനാണ് ഈ ചാരിറ്റി യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. സമാഹരിക്കുന്ന തുക മുഴുവനായി അർഹരായവരുടെ കയ്യിൽ നേരിട്ടെത്തിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയ്യുന്നത്. നിങ്ങൾ സംഭാവന നൽകുമ്പോൾ യോഗ്യമെങ്കിൽ ഗിഫ്റ്റ് എയിഡ് തിരിച്ചെടുക്കാനുള്ള അനുവാദം ബോക്സിൽ ടിക്ക് ചെയ്ത് തരുവാൻ മറക്കരുത്. ശമ്പളമടക്കമുള്ള ടാക്‌സ് അടച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നുള്ള സംഭാവനകൾക്ക് ഗിഫ്റ്റ് എയിഡ് ക്ലൈം ചെയ്യാവുന്നതാണ്. നിങ്ങൾ നൽകുന്ന സംഭാവനയുടെയും 25% ഇങ്ങനെ ഗിഫ്റ്റ് എയിഡ് ആയി ലഭിച്ച് 125% ആയി മാറുന്നു.
മറുനാടന്‍ ഡെസ്‌ക്