തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ പേരിൽ സൈബറിടത്തിൽ വ്യാജപ്രചാരണം. മറുനാടൻ മലയാളി, പുതുതായി തുടങ്ങിയ ഫേസ്‌ബുക്ക് പേജിന്റെ പേരിലാണ് നിലമ്പൂർ എംഎൽഎ അടക്കമുള്ളവർ, വ്യാജരേഖ ഉണ്ടാക്കി സൈബറിടത്തിൽ പ്രചരിപ്പിക്കുന്നത്. മറുനാടൻ മലയാളിയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് സ്‌ക്രീൻഷോട്ട് ഉണ്ടാക്കിയാണ് പ്രചരണം.

മറുനാടൻ മലയളിയുടെ പേജുകൾ റിപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പി വി അൻവറിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ മറുനാടൻ ഇന്നലെ പുറത്തിറക്കിയ രണ്ടുപേജുകൾക്കും ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സിനെ കിട്ടി. പക്ഷേ ഇതുപറയാൻ വേണ്ടി അൻവർ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരുരേഖയുണ്ട്. മറുനാടൻ മലയാളിയുടെ പേരും ലോഗോയും ഉള്ള പോസ്റ്റർ.

അതിൽ പറയുന്നത് ഇങ്ങനെ:

'രാജ്യത്തെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ്റ് കോൺഗ്രസ് സുഡാപ്പി ത്രയങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ആഗ്രഹിക്കുന്ന ഓരോ രാജ്യസ്നേഹിയും മറുനാടന്റെ ഈ പുതിയ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുക. ലിങ്ക്...''എന്നു പറഞ്ഞാണ് പി വി അൻവർ വ്യാജ പോസ്റ്ററുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുമറുനാടന്റെ പോസ്റ്റർ അല്ല, അൻവറിന്റെ ഭാവനയിൽ വിരിഞ്ഞ വ്യാജ പോസ്റ്റർ ആണ്. മറുനാടൻ മലയാളി പുതിയ ഫേസ്‌ബുക്ക് പേജ് തുടങ്ങിയത് Marunadan Malayalee എന്ന പേരിലാണ്. എന്നാൽ, Marunadan Malayali എന്ന വേരിഫൈഡ് അല്ലാത്ത പേജിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് വ്യാജ പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

സൈബറിടത്തിൽ മറുനാടനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാജപോസ്റ്റർ നിർമ്മാണം. നിലമ്പൂർ എംഎൽഎയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും നിരവധി പേർ ഈ വ്യാജ വിവരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സൈബറിടത്തിൽ പ്രചരിക്കുന്നത് വ്യാജമായി സൃഷ്ടിച്ച പോസ്റ്ററാണ്. ഇത്തരമൊരു പോസ്റ്റർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഒരിടത്തും പ്രചരിപ്പിച്ചിട്ടില്ലെന്ന് മറുനാടൻ മാനേജ്മെന്റ് വ്യക്തമാക്കി.

വ്യാജ പോസ്റ്ററിന്റെ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പി വി അൻവറിന്റെ ശ്രമം. ജനപ്രതിനിധിയായ അൻവറിന്റെ വാക്കിന് വിലയുണ്ടാകണം, അതിന് ബോധ്യമുണ്ടാകണം. ബോധപൂർവം ഇങ്ങനെയൊരു പോസ്റ്റർ ഉണ്ടാക്കി സ്വന്തം പേജിലൂടെ അൻവർ ഷെയർ ചെയ്യുന്നത് വളരെ മോശപ്പെട്ട കാര്യമാണ്. വ്യാജ പോസ്റ്റർ അൻവർ തന്നെയുണ്ടാക്കി അദ്ദേഹം തന്നെ പേജിലിട്ട് പ്രചരിപ്പിക്കുകയാണ്. വ്യാജരേഖയുണ്ടാക്കി അത് പ്രചരിപ്പിച്ച് മറുനാടനെ പൂട്ടിക്കും എന്ന് സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത് മര്യാദകേടാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. എന്നാൽ, വ്യാജ രേഖയുണ്ടാക്കി, മറുനാടനെതിരെ നീങ്ങുന്നത് അങ്ങേയറ്റത്തെ നീതികേടാണ്. ഇതിനെതിരെ മറുനാടൻ മാനേജ്‌മെന്റ് പൊലീസിന് പരാതി നൽകും.