തിരുവനന്തപുരം: കേരളത്തിൽ അനേകം രാഷ്ട്രീയ നേതാക്കൾ ഉണ്ട്. എന്നാൽ എല്ലാവർക്കും സ്വീകാര്യനായ ചില നേതാക്കൾ ഉണ്ടാകും. ഇക്കൂട്ടത്തിൽ മുതിർന്ന രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവരും തുടക്കക്കാരുമുണ്ടാകും. മറുനാടൻ മലയാളി ഈ വർഷം നൽകുന്ന ഒട്ടേറെ പുരസ്‌ക്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുരസ്‌ക്കാരങ്ങൾക്കുള്ള നോമിനേഷനുകൾ ആരംഭിക്കുകയാണ്. കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവിനെയും മികച്ച യുവനേതാവിനെയും കണ്ടെത്താനാണ് മറുനാടൻ ശ്രമിക്കുന്നത്. ഇതിനായി ഓരോ വിഭാഗങ്ങളിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നേതാക്കളെ വീതം തെരഞ്ഞെടുത്ത ശേഷം വായനക്കാർക്കിടയിൽ വോട്ടിങ് നടത്തി ഏറ്റവും കൂടുതൽ വോട്ടു നേടിയവരെ രണ്ട് വിഭാഗങ്ങളിലുമായി ജേതാക്കളായി തിരഞ്ഞെടുക്കും.

വായനക്കാർക്ക് ഈ രണ്ട് പുരസ്‌ക്കാരങ്ങളിലേക്കുമായി ഇന്ന് മുതൽ നോമിനേഷനുകള്ൾ നൽകി തുടങ്ങാം. വായനക്കാർ ഏറ്റവും കൂടുതൽ നോമിനേഷൻ നൽകുകയും ഒരു വിദഗ്ദ്ധ സമിതി വിലയിരുത്തി അന്തിമ തീരുമാനം എടുക്കുകയും ചെയ്യുന്ന അഞ്ച് പേരെയാകും ജനനേതാവിനുള്ള അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക..

2015 വർഷത്തിൽ നടത്തിയ രാഷ്ട്രീയ ഇടപെടലുകളും സ്വാധീനവും കണക്കിലെടുത്താണ് ആദ്യത്തെ അഞ്ച് നേതാക്കളെ തിരഞ്ഞെടുക്കേണ്ടത്. ഇത് പ്രകാരം രാഷ്ട്രീയ നേതാക്കളുടെ പേര് നിർദ്ദേശിക്കുന്നവർ ചുരുങ്ങിയ വാക്കുകളിൽ എന്തുകൊണ്ട് ഇന്നയാളാകണം നേതാവ് എന്ന് നിർദ്ദേശിക്കുകയും വേണം. awards@marunadan.in എന്ന ഇമെയ്ൽ അഡ്രസിലേക്ക് മെയിൽ ചെയ്യുകയാണ് വായനക്കാർ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് ഈ നേതാവിന് നിർദ്ദേശിക്കുന്നതെന്നും വ്യക്തമാക്കണം. ഒരാൾക്ക് എത്രപേരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം.

മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം വളരെ താഴെതട്ടിൽ വരെ ബന്ധം പുലർത്തുന്നവരാണ്. ചെറിയ പ്രദേശിക വിഷയങ്ങളിൽ പോലും സജീവ ഇടപെടൽ നടത്തുകയും ചെയ്യാറുണ്ട്. ഇങ്ങനെ സാമൂഹിക ഇടപെടൽ നടത്തിയ വിജയത്തിൽ എത്തിക്കാൻ എത്ര നേതാക്കൾക്ക് സാധിച്ചു എന്നത് അടക്കമുള്ള കാര്യങ്ങൾ മറുനാടന്റെ വിദഗ്ധ സമിതി അംഗങ്ങൾ വിലയിരുത്തും.

പ്രസ്തുത നേതാവിനെ കുറിച്ച് സോഷ്യൽ മീഡിയയുടെ അഭിപ്രായം എന്താണ്, താഴെക്കിടയിലുള്ള ജനങ്ങൾക്ക് എത്രകണ്ട് സ്വീകാര്യനാണ്, വികസന കാര്യങ്ങളോടുള്ള സമീപനം എങ്ങനെ സമൂഹത്തെ ബാധിക്കുന്നു, അഴിമതി ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളോടുള്ള തുടങ്ങിയ കാര്യങ്ങളും ജനനേതാവിനെ തിരഞ്ഞെടുക്കുമ്പോൾ പരിഗണനാ വിഷയമായി വരും. എൽഡിഎഫിലെയും യുഡിഎഫിലെയും ബിജെപിയിലെയും അടക്കം രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുന്നവരെ വായനക്കാർക്ക് നോമിനേറ്റ് ചെയ്യാം.

കേരളത്തിന്റെ യഥാർത്ഥ യുവനേതാവ് ആരാണെന്ന് കണ്ടെത്താനും മറുനാടൻ മാനദണ്ഡം ആക്കുന്നത് വായനക്കാരുടെ നോമിനേഷനും വിദഗ്ധ സമിതിയുടെ വിലയിരുത്തലുമാണ്. യുവസമൂഹത്തിന്റെ ചിന്താഗതിയെ എങ്ങനെ സ്വാധീനിക്കാൻ സാധിച്ചു, സോഷ്യൽ മീഡിയ ഇടപെടൽ, നാളെയെ കുറിച്ചുള്ള വീക്ഷണം, വികസന കാഴ്‌ച്ചപ്പാട് തുടങ്ങിയ വിവിധ ഘടകങ്ങൾ യുവനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഘടകമാകും. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്നതും അല്ലാത്തവരുമായ യുവനേതാക്കളെ വായനക്കാർക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. അഞ്ച് പേരെ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷമാകും ഇവരിൽ നിന്നും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക.

ജനനേതാവിനെയും യുവനേതാവിനെയും തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള നിങ്ങളുടെ നോമിനേഷനുകൾ അയക്കേണ്ട ഇമെയ്ൽ അഡ്രസ് ഇതാണ്: awards@marunadan.in . ഈ രണ്ട് പുരസ്‌ക്കാരങ്ങളും അടക്കം ഒരു ഡസനോളം പുരസ്‌ക്കാരങ്ങൾ ഇത്തവണ മറുനാടൻ നൽകും. മറ്റ് മാദ്ധ്യമങ്ങളും പ്രസ്ഥാനങ്ങളും ശ്രദ്ധിക്കാത്ത മേഖലക്കായിരിക്കും മുൻതൂക്കം. എല്ലാ മേഖലയിലും ജനങ്ങളുടെ നോമിനേഷൻ അടിസ്ഥാനപ്പെടുത്തി അഞ്ച് പേരെ വീതം ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്ത ശേഷം വായനക്കാരുടെ വോട്ടു രേഖപ്പെടുത്തി ആവും ജേതാവിനെ തെരഞ്ഞെടുക്കുക. വരും ദിവസങ്ങളിൽ മറ്റ് അവാർഡുകളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.