മലപ്പുറം: മദീനയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ വാഹനാപകടത്തിൽ രണ്ട് മലപ്പുറം മങ്കട സ്വദേശികൾ മരിച്ചു. സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അൽ റാസിലെ നബ് ഹാനിയയിൽ ഇന്നു പുലർച്ച മൂന്ന് മണിക്കുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം ജില്ലക്കാരായ മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവർ മരണപ്പെട്ടത്. അൽറസ് പട്ടണത്തിൽനിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയിൽ ഇവർ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വൺ വാൻ അപകടത്തിൽ പെടുകയായിരുന്നു.

രണ്ട് സ്ത്രീകൾ പരിക്കുകളോടെ അൽറസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികൾക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുൾപ്പടെ 12 പേർ വാനിൽ ഉണ്ടായിരുന്നതായാണ് വിവരം.

ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈൻ. ഹുറൈംലയിൽ വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാൽ. അപകടത്തിൽ പരിക്ക് പറ്റിയ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. അൽറസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീർ മങ്കട, റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

ഇവരെല്ലാം ഹുറൈമലയിൽ ജോലി ചെയ്യുന്നവരാണ്. ഇഖ്ബാൽ അളിയൻ ഹുസൈന്റെ കുടുംബവുമൊത്ത് മദീനയിലേക്ക് സിയാറത്തിന് പോകും വഴിയാണ് അപകടമുണ്ടായത്. കുടുംബത്തിന് കാര്യമായ പരുക്കുകളില്ല. മരണപ്പെട്ട ഇഖ്ബാൽ കാച്ചിനിക്കാട്ടെ ചെറുശ്ശോല അബു കുഞ്ഞാച്ചുമ്മ മീനാർകുഴി ദമ്പതികളുടെ പുത്രനാണ്. ഭാര്യ: മാരിയത്ത് വള്ളിക്കാപ്പറ്റ. മക്കൾ: ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ,വള്ളിക്കാപ്പറ്റ. വെള്ളേക്കാട് ഉമ്മറിന്റെ മകൻ ഹുസൈൻ ന്റെ മാതാവ് കദീജ, ഭാര്യ ഫസീല. മകൻ ബിഷ്റുൽ ഹാഫി (ഒരു വയസ്സ്) സഹോദരങ്ങൾ. അബ്ദുൽ മജീദ്. മുസ്തഫ. സഹോദരികൾ ഉമ്മുൽ ഹൈർ. ഫൗസിയ.മാരിയത്ത്.സഫിയ്യ. ബുഷ്റ