തിരൂർ: മലപ്പുറത്ത് രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചത് ഭക്ഷണം കഴിച്ച് തീരും മുമ്പേ പുറത്ത് കളിക്കാനായി പോയപ്പോൾ. തൃക്കണ്ടിയൂർ അങ്കണവാടിയുടെ സമീപത്ത് താമസക്കാരനായ കാവുങ്ങപറമ്പിൽ നൗഷാദ് -നജില ദമ്പതികളുടെ മകൻ അമൽ സയാൻ (മൂന്ന് വയസ്സ്) ബന്ധുവും അയൽവാസിയുമായ പാറപ്പുറത്ത് ഇല്ലത്ത് പറമ്പിൽ റഷീദ് -റയ്ഹാനത്ത് ദമ്പതികളുടെ മകൾ റിയ (മൂന്ന് വയസ്സ)് എന്നിവരാണ് വീടിന്റെ സമീപത്തെ പെരുകൊല്ലൻ കുളത്തിൽ മുങ്ങി മരിച്ചത്.

സമീപത്തെ അങ്കണവാടിയിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഓടി കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കാണാതാവുകയായിരുന്നു.ഏറെ നേരം കുട്ടികളെ കാണാതായപ്പോൾ വീട്ടുകാരും അയൽവാസികളും കുട്ടികളെ അന്വേഷിച്ചു ചെന്നപ്പോൾ കുട്ടികൾ കുളത്തിൽ പൊങ്ങി കിടക്കുന്നത് ആണ് കണ്ടത്. ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കുട്ടികൾ എങ്ങനെയാണ് കുളത്തിൽ വീണതെന്നു വ്യക്തമല്ല. ഇരുവരുടെയും വീടുകളിൽനിന്ന് 15 മീറ്റർ മാത്രമാണ് കുളത്തിലേക്കുള്ള ദൂരം. ഇടവഴി മറികടന്നാണ് കുട്ടികൾ ഇങ്ങോട്ടെത്തിയത്.

കുളത്തിന്റെ ചുറ്റിലും മതിൽ കെട്ടി ഗെയ്റ്റ് വെച്ച് സംരക്ഷിച്ചിരുന്നെങ്കിലും കുട്ടികൾ കുളത്തിലേക്ക് പോയ സമയത്ത് ഗെയ്റ്റ് പൂട്ടാതെ കിടക്കുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. മൃതദേഹങ്ങൾ, തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.