പാലക്കാട്:  പട്ടാമ്പി വള്ളൂരിൽ, രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ(12), വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്.

വള്ളൂർ മേഖലയിലെ മേലെകുളത്ത് ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിക്കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ നൽകിയ വിവരം അനുസരിച്ച് പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. മൃതദേഹങ്ങൾ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും വള്ളൂരിലെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ്. നാട്ടുകാർ പതിവായി മീൻ പിടിക്കുന്ന കുളമായിരുന്നിത്. ഇവിടെ ഇരുവരും കൂട്ടുകാരുമൊത്ത് മീൻപിടിക്കുന്നതും കുളിക്കാനും എത്തിയതെന്നാണ് വിവരം. കുളിക്കുന്നതിനിടെ ഇരുവരും ചേറിൽ പുതഞ്ഞു പോകുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്തെടുക്കാനായില്ല. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.