കോഴിക്കോട്: ഒടുവിൽ ആ കോഴിക്കോടൻ ചിരി നിലച്ചു. നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മാമുക്കോയയുടെ അന്ത്യം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം.

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന ഉച്ചയോടെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

കേരള സർക്കാറിന്റെ പ്രഥമ ഹാസ്യാഭിനയ പുരസ്‌കാര ജേതാവായിരുന്നു. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു.

തുടർന്ന് 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വച്ചാൽ മോഹൻലാൽ മാഷിന്റെ സാൾട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടൻ നാടൻ വർത്തമാനം. കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്.

സത്യൻ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുൾപ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് കുരുതി' എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം. കെട്ടിയ വേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള പ്രതിഭയാണ് മാമുക്കോയ അഭിനയലോകത്ത് വേറിട്ട വ്യക്തിത്വമാക്കുന്നത്.

ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്‌കൂളിൽ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയിൽ മരമളക്കുന്ന ജോലിയിൽ പ്രവേശിച്ചു.നാടകാഭിനയത്തിൽ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സമർത്ഥനായിരുന്നു. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.

മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ. റാംജി റാവ് സ്പീക്കിങ് എന്ന സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഇതിലെ ബാലകൃഷ്ണാ...എന്ന ഡയലോഗ് ഇന്നും യുവതലമുറ ആഘോഷിക്കുന്ന വാക്കുകളിലൊന്നാണ്. ഈ സോഷ്യൽ മീഡിയ യുഗത്തിൽ തഗ്ഗ് ഡയലോഗുകളിൽ മാമുക്കോയ പറഞ്ഞതിലപ്പുറം പറയാൻ ആർക്കണ് പറയാൻ സാധിച്ചിട്ടുള്ളത്.

നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ സമ്പീശൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. ഭാര്യ: സുഹ്‌റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.