ന്യൂഡൽഹി : പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. 2005-ൽ രാഷ്ട്രത്തിനുള്ള മികച്ച സേവനത്തിന് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ അച്യുതൻ നായരുടെയും ഭാർഗവിയമ്മയുടെ മകനായി ജനനം.

1957-ൽ കേരളസർവകലാശാലയിൽനിന്നും മലയാളത്തിൽ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ (ശാന്തിനികേതൻ) നിന്നും ഫൈൻ ആർട്ട്സിൽ ഡിപ്ലോമയെടുത്തു. 1961 മുതൽ 64 വരെ കേരളത്തിലെ ചുമർചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. 1965ൽ ഡൽഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയിൽ ചിത്രകലാധ്യാപകനായി ചേർന്നു. ചിത്രകലാവിഭാഗം മേധാവിയായി 1992ൽ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു.

1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ൽ ഡൽഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം .1978ലും 1980ലും ബുക്ക് ഇല്ലസ്റ്റ്രേഷന് ജപ്പാനിൽനിന്നും 'നോമ' സമ്മാനത്തിന് അർഹനായി. കേരളസർക്കാറിന്റെ രാജാരവി വർമ്മ പുരസ്‌കാരം ,വിശ്വഭാരതിയിൽനിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. ബിക്രം സിങ് അദ്ദേഹത്തെ കുറിച്ച് ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ ചുവർച്ചിത്രങ്ങളെക്കുറിച്ച് രാമചന്ദ്രൻ ഒരു പുസ്തകവും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഭാര്യ ചമേലി. കുട്ടികൾ രാഹുലും സുജാതയും.