കാസർകോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു.50 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം.നെഞ്ചുവേദനയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു.ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം.

കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. 2005-ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഉച്ചമഴയിൽ, തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, വെള്ളിമൂങ്ങ, ഉള്ളനക്കങ്ങൾ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത് (കവിതകൾ),വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ. ഇദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പരേതനായ നാരായണന്റെയും ലീലയുടെയും മകനാണ്. ഗ്രീഷ്മയാണ് ഭാര്യ