കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂർ സ്വദേശി റീഷ(26), ഭർത്താവ് പ്രജിത്ത്(32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുൻഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ച രണ്ട് പേരും കാറിന്റെ മുൻഭാഗത്ത് ഇരുന്നവരായിരുന്നു. ഗർഭിണിയായ റിഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിൻസീറ്റിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ എത്തി രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

അപകട സമയത്ത് വാഹനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. കാറിന്റെ ഡോർ അടഞ്ഞതാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത്. നുറു മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്‌സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ഞെടിയിടയിൽ തീപടർന്നിരുന്നു. നാട്ടുകാർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് തീ ആളപ്പടരുകയായിരുന്നു.

പുറകിൽ അമ്മയും അച്ഛനും കുട്ടിയുമാണുണ്ടായിരുന്നത്. റിഷയുടെ ഭർത്താവ് പ്രജിഷാണ് കാർ ഓടിച്ചിരുന്നത്. ഇരുവരെയും വലിച്ച് ഇറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. തീപടർന്നപ്പോഴേയ്ക്കും ഡ്രൈവർ പിൻസീറ്റുകളുടെ ഡോർ അൺലോക്ക് ചെയ്തതോടെയാണ് നാല് പേർക്കും പുറത്തിറങ്ങാൻ കഴിഞ്ഞത്. എന്നാൽ മുൻ സീറ്റുകളുടെ ഡോർ ജാമയതോടെ ഇരുവരും കാറിനുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.

കൺമുന്നിൽ ഉണ്ടായ ദാരുണ സംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാരും നടുക്കത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.