- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് അഞ്ചാം പനി ബാധിച്ച് രണ്ടുവയസ്സുള്ള കുട്ടി മരിച്ചു; അഞ്ചാം പനിക്കുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ
മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാം പനി (മീസിൽസ്) ബാധിച്ച് രണ്ടു വയസ്സുള്ള ഒരു കുട്ടി മരണപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള കുട്ടിയാണ് മരണപ്പെട്ടത്. കുട്ടി അഞ്ചാം പനിക്കുള്ള കുത്തിവെയ്‌പ്പ് എടുത്തിരുന്നില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. ഒമ്പത് മാസം പ്രായമുള്ള മറ്റൊരു കുട്ടി അഞ്ചാംപനി മൂലം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രോഗം മൂലം മറ്റൊരു കുട്ടി മെയ് മാസത്തിൽ മരണപ്പെട്ടിരുന്നു. മീസിൽസ് (അഞ്ചാം പനി) രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും എല്ലാകുട്ടികൾക്കും യഥാസമയം പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുത്തിവെയ്‌പ്പ് സ്വീകരിക്കുന്നത് വഴി തടയാവുന്ന വിവിധ മാരക രോഗങ്ങളിൽ ഒന്നാണ് അഞ്ചാം പനി. സാധാരണ കുട്ടികളിൽ ഗുരുതരമാവുന്ന ഈ രോഗം ഇപ്പൊൾ മുതിർന്നവരിലും ധാരാളം കണ്ടുവരുന്നു. മുതിർന്നവരിൽ മരകമായേക്കാവുന്ന രോഗം കാരണം മരണം സംഭവിക്കാം. രോഗം പടരുന്നത് കൂടുതലും കുട്ടികളിലൂടെ ആയതിനാൽ പരമാവധി കുട്ടികൾക്ക് കുത്തിവെയ്‌പ്പ് എടുത്താൽ മാത്രമേ പകർച്ച തടയാനാവു.
ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെയ്‌പ്പ് ക്യാമ്പയിനായ മിഷൻ ഇന്ദ്രധനുഷ് 5.0 ന് ഓഗസ്റ്റ് ഏഴു മുതൽ ജില്ലയിൽ തുടക്കമാകുകയാണ്. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെയ്‌പ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്‌പ്പ് പൂർത്തിയാക്കാൻ കഴിയും. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തുന്നത്. ആദ്യഘട്ടം ഓഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും.
ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസിൽസ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. കൂടാതെ, ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെപ്പ് പൂർത്തീകരിക്കാൻ കഴിയുന്ന ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും.
മിഷൻ ഇന്ദ്രധനുഷ് 5.0 എന്ന ഈ സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിലൂടെ എല്ലാ കുട്ടികൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഇത്തരം മാരക രോഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ