മുംബൈ: ടെലിവിഷൻ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെർവിക്കൽ കാൻസർ ബാധിതയായിരുന്നു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം. താരത്തിന്റെ സഹോദരൻ മൻപ്രീതാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

ആറ് മാസം മുൻപാണ് താരത്തിന് സർവിക്കൽ കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ശ്വാസകോശത്തിലേക്ക് അർബുദം പടരുകയായിരുന്നു. ആരോഗ്യം മോശമായതോടെ ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സഹോദരി മരിച്ച് അടുത്ത ദിവസമാണ് ഡോളി വിടപറയുന്നത്. വ്യാഴാഴ്ചയാണ് സഹോദരി അമൻദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമൻദീപ് സോഹിയും നടിയായിരുന്നു. പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളിൽ ഡോളി വേഷമിട്ടിട്ടുണ്ട്.